കഴിഞ്ഞ കുറച്ചുവർഷങ്ങളായി ക്രിക്കറ്റ്ലോകം നേരിടുന്ന പ്രധാന വെല്ലുവിളിയാണ് ലോകത്താകമാനം നടക്കുന്ന ട്വന്റി20 ലീഗുകൾ. ട്വന്റി20 ലീഗ്കൾ പണമൊഴുക്കാൻ തുടങ്ങിയതോടെ പലകളിക്കാരും ടെസ്റ്റ് മത്സരങ്ങളും ഏകദിനമത്സരങ്ങളും ഉപേക്ഷിക്കാൻ തുടങ്ങി. യുഎഇയിലും ദക്ഷിണാഫ്രിക്കയിലും പുതിയ രണ്ട് ട്വന്റി20 ലീഗുകൾ കൂടെ ആരംഭിക്കുന്നതോടെ രാജ്യത്തിനുവേണ്ടി കളിക്കാതെ ക്ലബ്ബിനു വേണ്ടി കളിക്കാൻ പോലും കളിക്കാർ തയ്യാറാകുന്നു. ബെൻ സ്റ്റോക്സ് ഏകദിനക്രിക്കറ്റിൽ നിന്ന് വിരമിക്കുകയും ട്രെന്റ് ബോൾട്ട് ന്യൂസിലാൻഡിന്റെ കോൺട്രാക്ട് ഒഴിവാക്കുകയും ചെയ്തതോടെ ഇതിനെപറ്റിയുള്ള ചർച്ചകൾ ചൂടുപിടിച്ചിട്ടുണ്ട്.
എന്നാൽ എത്ര വലിയ ലീഗുകൾ വന്നാലും ടെസ്റ്റ് ക്രിക്കറ്റ് ഒരിക്കലും ഇല്ലാതാവുന്നില്ല എന്നാണ് മുൻ ക്രിക്കറ്റർ ഇയാൻ ചാപ്പൽ പറയുന്നത്. “എന്തായാലും ടെസ്റ്റ് ക്രിക്കറ്റ് ഇല്ലാതാവുകയൊന്നുമില്ല. പക്ഷേ ആരാണ് അത് കളിക്കാൻ തയ്യാറാവുന്നത് എന്നത് വലിയൊരു ചോദ്യം തന്നെയാണ്. മികച്ച ക്രിക്കറ്റർമാർ ടെസ്റ്റ് കളിക്കാൻ തയ്യാറായില്ലെങ്കിൽ ആരാണത് കാണുന്നത്? ടെസ്റ്റ് ക്രിക്കറ്റ് മികച്ച കളിയാണ്. പക്ഷേ അത് നന്നായി കളിക്കണം.” – ചാപ്പൽ പറയുന്നു.
കൂടാതെ വിൻഡിസ് പോലെയുള്ള ക്രിക്കറ്റ് ബോർഡുകൾ പ്രതിനിധീകരിക്കുന്ന പ്രശ്നത്തെക്കുറിച്ചും ചാപ്പൽ പറയുകയുണ്ടായി. വിൻഡിസ് ബോർഡിന് കഴിഞ്ഞ കാലങ്ങളിൽ ഉണ്ടായ സാമ്പത്തിക പ്രശ്നങ്ങൾ അവരുടെ കളിക്കാർ വിട്ടുനൽകാൻ കാരണമായിരുന്നു. ഇത്തരം സാഹചര്യങ്ങളിൽ ട്വന്റി20 ലീഗുകൾ കളിക്കാർക്ക് ഒരുപാട് പണം വാഗ്ദാനം ചെയ്യുമ്പോൾ, ബോർഡുകളെ സംബന്ധിച്ച് അതൊരു വലിയ പ്രതിസന്ധിയായി മാറുമെന്നാണ് ചാപ്പലിന്റെ വാദം.
കൂടുതൽ കളിക്കാരും ഇതുമൂലം ട്വന്റി20 ലീഗിന് പ്രാധാന്യം നൽകുന്നു. നിലവിൽ ഓസ്ട്രേലിയയുടെ ആഭ്യന്തരക്രിക്കറ്റ് ലീഗും യുഎഇ ട്വന്റി20 ലീഗും CSA ട്വന്റി20 ലീഗും ഒരേസമയത്ത് നടക്കുന്നതിനാൽ ഓസ്ട്രേലിയൻ കളിക്കാരെ പിടിച്ചുനിർത്താൻ ബോർഡ് കഷ്ടപ്പെടുകയാണ്. ഈ അവസരത്തിൽ ചാപ്പലിൽ ഈ വാക്കുകൾക്ക് വലിയ പ്രാധാന്യമാണുള്ളത്.