ഇന്ത്യൻ ക്രിക്കറ്റ് കണ്ട എക്കാലത്തെ മികച്ച ഫിനിഷറാണ് എം എസ് ധോണി എന്ന കാര്യത്തിൽ യാതൊരു സംശയവുമില്ല. ഇന്നിങ്സിന്റെ അവസാന സമയങ്ങളിൽ വളരെ കണക്കുകൂട്ടലുകളുടെ കളിച്ച് മത്സരം കൈപ്പിടിയിലൊതുക്കുന്ന ധോണി ക്രിക്കറ്റിന് ഒരുപാട് ഫിനിഷിംഗ് തന്ത്രങ്ങൾ സംഭാവന ചെയ്തിട്ടുണ്ട്. മത്സരം ഏറ്റവും അവസാന ഓവറിലേക്ക് എത്തിക്കുക എന്ന രീതി തന്നെയായിരുന്നു ധോണി തന്റെ കരിയറിലൂടനീളം പ്രാവർത്തികമാക്കിയത്. അതിനാൽ ക്രിക്കറ്റിൽ ധോണിയെപോലെ മറ്റൊരു കളിക്കാരനില്ല എന്ന കാര്യം ഉറപ്പാണ്. എന്നാൽ പാകിസ്താന്റെ മധ്യനിര ബാറ്ററായ ഇഫ്തിഖാർ അഹമ്മദിനെ ധോണിയുമായി താരതമ്യം ചെയ്ത് സംസാരിക്കുകയാണ് മുൻ പാക് താരം സയ്യിദ് അജ്മൽ.
കഴിഞ്ഞ മത്സരങ്ങളിലൊക്കെയും മോശം പ്രകടനങ്ങൾ ഇഫ്തിഖാർ കാഴ്ചവച്ച സാഹചര്യത്തിലാണ് സൈദ് അജ്മലിന്റെ വാദം. ഇഫ്തിക്കാർ ധോണിയെപോലെയാണ് കളിക്കുന്നതെന്നും, എന്നാൽ ധോണിയെപോലെ ഇന്നിംഗ്സ് ഫിനിഷ് ചെയ്യാൻ സാധിക്കുന്നില്ലെന്നും അജ്മൽ പറയുന്നു.
“ഇഫ്തിഖാർ എംഎസ് ധോണിയെ പോലെയാണ് കളിക്കുന്നത്. എന്നാൽ എം എസ് ധോണിയെപോലെ ഇന്നിംഗ്സ് ഫിനിഷ് ചെയ്യാൻ അയാൾക്ക് സാധിക്കുന്നില്ല. ധോണി തന്റെ ഇന്നിങ്സിന്റെ പ്രാരംഭസമയത്ത് തുടർച്ചയായി സിംഗിളുകൾ നേടുകയും അവസാന സമയത്ത് സിക്സറുകൾ നേടി വിജയത്തിൽ എത്തിക്കുകയും ചെയ്യും. എന്നാൽ ഇവിടെ ഇഫ്തിക്കാർ ആദ്യം 10 ഡോട്ട് ബോളുകൾ കളിക്കും. അത് ലഘൂകരിച്ച് റൺ റേറ്റ് ഉയർത്താൻ അവസാനം വമ്പൻ ഷോട്ടുകൾ കളിക്കും. അപ്പോൾ ഔട്ട് ആവുകയും ചെയ്യും.”- അജ്മൽ പറയുന്നു.
കഴിഞ്ഞ മത്സരങ്ങളിലെ പാക്കിസ്ഥാൻ മധ്യനിരയുടെ പ്രകടനങ്ങളുടെ അടിസ്ഥാനത്തിലാണ് സൈദ് അജ്മൽ ഇക്കാര്യം അറിയിച്ചത്. ട്വന്റി20 ലോകകപ്പ് വരാനിരിക്കെ പാക്കിസ്ഥാൻ ടീമിന്റെ ആകെയുള്ള ആശങ്കയാണ് മധ്യനിരയുടെ മോശം പ്രകടനം.