ബംഗ്ലാദേശിനെതിരായ തങ്ങളുടെ ആദ്യ ടെസ്റ്റിൽ 158 റൺസിന്റെ വമ്പൻ വിജയമാണ് ഇന്ത്യ നേടിയിരിക്കുന്നത്. ഈ വിജയത്തോടെ ഇന്ത്യ പരമ്പരയിൽ 1-0ന് ലീഡ് കണ്ടെത്തിയിട്ടുണ്ട്. മാത്രമല്ല ലോക ടെസ്റ്റ് ചാമ്പ്യൻഷിപ്പിന്റെ ഫൈനലിലേക്കുള്ള വഴിയും ഈ വിജയം തുറന്നിട്ടുണ്ട്. ആദ്യ ടെസ്റ്റിൽ ഇന്ത്യക്കായി മികച്ച പ്രകടനം കാഴ്ചവെച്ചത് കുൽദീപ് യാദവ് ആയിരുന്നു. ബാറ്റിങ്ങിലും ബോളിങ്ങിലും തിളങ്ങിയ കുൽദീപ് യാദവ് തന്നെയായിരുന്നു പ്ലെയർ ഓഫ് ദി മാച്ചും.
മത്സരത്തിന്റെ ആദ്യ ഇന്നിങ്സിൽ നിർണായക സമയത്ത് ബാറ്റിംഗിനിറങ്ങി 114 പന്തുകളിൽ 40 റൺസാണ് കുൽദീപ് നേടിയത്. ഇന്നിംഗ്സിൽ അശ്വിനൊപ്പം ചേർന്ന് എട്ടാം വിക്കറ്റിൽ 92 റൺസിന്റെ കൂട്ടുകെട്ടായിരുന്നു കുൽദീപ് സൃഷ്ടിച്ചത്. ശേഷം ഇന്ത്യയുടെ ബോളിംഗ് ഇന്നിങ്സിലും കുൽദീപ് നിറഞ്ഞാടി. ബംഗ്ലാദേശിന്റെ അഞ്ച് വിക്കറ്റുകലാണ് കുൽദീപ് ആദ്യ ഇന്നിങ്സിൽ പിഴുതെറിഞ്ഞത്. തന്റെ ടെസ്റ്റ് കരിയറിലെ ഏറ്റവും മികച്ച ഫിഗറായ 40ന് 5 വിക്കറ്റണ് കുൽദീപ് നേടിയത്. കുൽദീപിന്റെ ഈ മിന്നും പ്രകടനത്തിൽ ബംഗ്ലാദേശിനെ 150 റൺസിൽ ഒതുക്കാനും ഇന്ത്യക്ക് സാധിച്ചു.
രണ്ടാം ഇന്നിങ്സിലും കുൽദീപ് ഇത്തരത്തിൽ മികച്ച പ്രകടനം ആവർത്തിക്കുകയുണ്ടായി. രണ്ടാം ഇന്നിങ്സിൽ 73 റൺസ് മാത്രം വിട്ടുനൽകി 3 വിക്കറ്റുകളാണ് കുൽദീപ് യാദവ് നേടിയത്. ടെസ്റ്റ് ക്രിക്കറ്റിലേക്ക് നാളുകൾക്കു ശേഷം തിരികെയെത്തിയ കുൽദീപ് തകർപ്പൻ പ്രകടനം തന്നെയാണ് പുറത്തെടുത്തിരിക്കുന്നത്. കുൽദീപിന്റെ ഈ മികച്ച പ്രകടനത്തെ അഭിനന്ദിച്ച് സാമൂഹ്യമാധ്യമങ്ങളിലടക്കം ഒരുപാട് പേർ രംഗത്ത് വന്നിട്ടുണ്ട്.
ഇത്രമാത്രം ബാറ്റിങ്ങിന് അനുകൂലമായ സാഹചര്യത്തിൽ എട്ടുവിക്കറ്റുകൾ വീഴ്ത്താനായത് കുൽദീപിന്റെ മികവ് തന്നെയാണെന്നാണ് മുൻ ഇന്ത്യൻ താരം അഞ്ജും ചോപ്ര പറഞ്ഞത്. ഒപ്പം ഇന്ത്യയെ സംബന്ധിച്ച് ആദ്യ ടെസ്റ്റിലെ ഏറ്റവും വലിയ പോസിറ്റീവ് കുൽദീപ് തന്നെയാണെന്നും ആരാധകർ പറയുന്നു. എന്തായാലും കുൽദീപിന്റെ കരിയറിലെ തന്നെ ഏറ്റവും വലിയ വഴിത്തിരിവാണ് ഈ പ്രകടനം.