ഓസീസിനെ എറിഞ്ഞിട്ട് ഇന്ത്യൻ തേരോട്ടം !! യോർക്കറുകൾ കൊണ്ട് ഷാമി പണിത കൊട്ടാരം

   

അവസാനം ഡെത്ത് ബോളിങ്ങൽ മികവുകാട്ടി ഇന്ത്യ. ഓസ്ട്രേലിയക്കെതിരായ ആദ്യ പരിശീലന മത്സരത്തിൽ തകർപ്പൻ ഡെത്ത് ഓവർ ബോളിംഗിന്റെ മികവിൽ ആറു റൺസിനാണ് ഇന്ത്യ വിജയം നേടിയത്. മുഹമ്മദ് ഷാമിയുടെയും ഹർഷൽ പട്ടേലിന്റെയും അർഷദീപ് സിംഗിന്റെയും തകർപ്പൻ ബോളിംഗ് പ്രകടനമാണ് ഇന്ത്യയ്ക്ക് വിജയം സമ്മാനിച്ചത്. അവസാന ഓവർ എറിയാനെത്തിയ ഷാമി കേവലം നാല് റൺസ് മാത്രം വിട്ടുനൽകി 3 വിക്കറ്റുകളാണ് മത്സരത്തിൽ നേടിയത്.

   

ഗാബയിൽ നടന്ന മത്സരത്തിൽ ടോസ് നേടിയ ഓസിസ് ബോളിംഗ് തെരഞ്ഞെടുക്കുകയായിരുന്നു. തീർത്തും ബാറ്റിംഗിന് അനുകൂലമായ പിച്ചിൽ ഇന്ത്യൻ ഓപ്പണർ കെഎൽ രാഹുലും ക്യാപ്റ്റൻ രോഹിത്തിനെ കാഴ്ചക്കാരനാക്കി നിർത്തി അടിച്ചുതകർക്കുന്നതാണ് കണ്ടത്. ആദ്യ വിക്കറ്റിൽ ഇന്ത്യ 78 റൺസ് കൂട്ടിച്ചേർന്നപ്പോൾ അതിൽ 57 റൺസ് നേടിയതും രാഹുലായിരുന്നു. രാഹുലിന് പുറമെ 33 പന്തുകളിൽ 50 റൺസ് നേടിയ സൂര്യകുമാർ യാദവും ഇന്ത്യൻ ബാറ്റിംഗിന്റെ നട്ടെല്ലായി. എന്നാൽ മറ്റു ബാറ്റർമാർ ആവശ്യമായ സംഭാവനകൾ നൽകാതിരുന്നതോടെ ഇന്ത്യൻ സ്കോർ 186 ൽ ഒതുങ്ങുകയായിരുന്നു.

   

ഡേവിഡ് വാർണറുടെ അഭാവത്തിൽ മിച്ചൽ മാർഷ് ആയിരുന്നു ഓസ്ട്രേലിയയ്ക്കായി ഇന്നിംഗ്സ് ഓപ്പൺ ചെയ്തത്. മാർഷ് 18 പന്തുകളിൽ 35 റൺസ് നേടി മികച്ച തുടക്കം തന്നെ ഓസിസിന് നൽകി. മാർഷിന്റെ വിക്കറ്റ് നഷ്ടമായതിനു ശേഷവും ഫിഞ്ച് ഇന്ത്യൻ ബോളർമാരെ തൂക്കിയടിച്ചതോടെ മത്സരം ഓസ്ട്രേലിയയുടെ പോക്കറ്റിലേക്ക് നീങ്ങി. മത്സരത്തിൽ 54 പന്തുകളിൽ 76 റൺസാണ് ആരോൺ ഫിഞ്ച് നേടിയത്. എന്നാൽ ഫിഞ്ച് പുറത്തായശേഷം ഇന്ത്യൻ ബോളർമാർ അത്യുഗ്രൻ പ്രകടനമാണ് പുറത്തെടുത്തത്. അവസാന ഓവറിൽ 11 റൺസ് വേണ്ടിയിരുന്ന ഓസ്ട്രേലിയക്ക് 4 റൺസ് മാത്രം വിട്ടുനൽകി നാല് വിക്കറ്റുകൾ നേടാൻ ഇന്ത്യക്ക് സാധിച്ചു.

   

കഴിഞ്ഞ മത്സരങ്ങളിലൊക്കെയും മൂർച്ചകുറഞ്ഞ ബോളിംഗ് ഇന്ത്യയെ സാരമായി തന്നെ ബാധിച്ചിരുന്നു. എന്നാൽ അവസാന ഓവറുകൾ കൃത്യമായി യോർക്കറുകൾ കണ്ടെത്തുന്ന ഇന്ത്യയെയാണ് മത്സരത്തിൽ കാണാനായത്. ലോകകപ്പിലെ മത്സരങ്ങളിലും ഇത്തരം മികച്ച ബോളിംഗ് പ്രകടനങ്ങൾ ഇന്ത്യ നടത്തുമെന്ന് തന്നെയാണ് പ്രതീക്ഷിക്കുന്നത്.

Leave a Reply

Your email address will not be published. Required fields are marked *