ഇന്ത്യയുടെ ബംഗ്ലാദേശിനെതിരായ ഏകദിന പരമ്പരയിലെ പരാജയം വളരെയേറെ ആശങ്കയുണ്ടാക്കുന്നതായിരുന്നു. വലിയ പ്രതീക്ഷകളോടെ ബംഗ്ലാദേശിലെത്തിയ ഇന്ത്യക്കേറ്റ തിരിച്ചടി തന്നെയാണ് പരമ്പരയിലെ പരാജയം. എന്നാൽ അതിലും വലിയ ആശങ്ക പരമ്പരയിൽ ഇന്ത്യയെ ബാധിച്ചിട്ടുണ്ട്. ഇന്ത്യയുടെ സ്‌ക്വാഡിലെ മൂന്നു താരങ്ങൾക്കാണ് രണ്ടാം മത്സരത്തിനുശേഷം പരിക്കുപറ്റിയിരിക്കുന്നത്. ഇവർ മൂന്നുപേരും അടുത്ത മത്സരത്തിൽ കളിക്കില്ല എന്ന കാര്യത്തിൽ ഇന്ത്യയുടെ കോച്ച് രാഹുൽ ദ്രാവിഡ് സ്ഥിരീകരണവും നൽകിയിരിക്കുന്നു.
രോഹിത്, ചാഹർ, കുൽദീപ് സെൻ എന്നിവർക്കാണ് ഇന്ത്യൻ നിരയിൽ പരിക്കേറ്റത്. “കുൽദീപ്, ദീപക്, രോഹിത് എന്നിവർക്ക് ഉറപ്പായും അടുത്ത മത്സരം നഷ്ടമാകും. കുൽദീപും ചാഹറും ഇപ്പോൾതന്നെ പരമ്പരയ്ക്ക് പുറത്തായിട്ടുണ്ട്. രോഹിത്തിനും അടുത്ത മത്സരം നഷ്ടമാവും. അദ്ദേഹം തിരിച്ചു ബോംബെയിലേക്ക് പോവുകയാണ്. കൃത്യമായി എക്സ്പെർട്ടിനെ കാണുകയും പരിക്കിനെ സംബന്ധിച്ച വിവരങ്ങൾ അറിയുകയും ചെയ്യും. ടെസ്റ്റ് മത്സരങ്ങൾക്കായി തിരിച്ചെത്താൻ കഴിയുമോ എന്നും അന്വേഷിക്കും. ടെസ്റ്റിൽ രോഹിത് കളിക്കുമോ എന്ന് പറയാൻ സമയമായിട്ടില്ല. എന്നാൽ ഈ മൂന്നുപേരും അടുത്ത മത്സരം കളിക്കില്ല എന്നതുറപ്പാണ്.”- ദ്രാവിഡ് പറഞ്ഞു.
രണ്ടാം മത്സരത്തിൽ സ്ലിപ്പിൽ ഫീൽഡ് ചെയ്യുമ്പോഴായിരുന്നു ഇന്ത്യയുടെ ക്യാപ്റ്റൻ രോഹിത് ശർമ്മയ്ക്ക് പരിക്കേറ്റത്. വിരലിനു പരിക്കേറ്റ രോഹിത് ഉടൻതന്നെ മൈതാനം വിടുകയും ചെയ്തു. ശേഷം ബാറ്റിംഗ് സമയത്തും രോഹിത് ഓപ്പണിങ്ങിറങ്ങിയിരുന്നില്ല. മത്സരത്തിൽ ഒൻപതാമനയാണ് രോഹിത് ക്രീസിലെത്തിയത്. മത്സരശേഷം തന്റെ വിരലുകൾ നല്ല അവസ്ഥയിലല്ല എന്നും രോഹിത് പറഞ്ഞിരുന്നു.
ഡിസംബർ 10 ശനിയാഴ്ചയാണ് ഇന്ത്യയുടെ ബംഗ്ലാദേശിനെതിരായ പരമ്പരയിലെ അവസാന ഏകദിനം നടക്കുന്നത്. ആദ്യ രണ്ടു മത്സരങ്ങളും പരാജയപ്പെട്ട ഇന്ത്യയെ സംബന്ധിച്ച് വലിയ നാണക്കേടിൽ നിന്ന് രക്ഷപ്പെടണമെങ്കിൽ അവസാന മത്സരത്തിൽ വിജയിച്ചെ തീരു.