അട്ടിമറികൾക്കുമേൽ അട്ടിമറികളുമായി ട്വന്റി20 ലോകകപ്പിലെ ആദ്യ റൗണ്ട് പോരാട്ടങ്ങൾ. റൗണ്ടിലെ ഗ്രൂപ്പ് Aയുടെ അവസാന മത്സരത്തിൽ യുഎഇ നമിബിയയെ അട്ടിമറിച്ച് വിജയം നേടുകയുണ്ടായി. ഇതോടെ ലോകകപ്പിന്റെ സൂപ്പർ പന്ത്രണ്ട് റൗണ്ട് കാണാതെ നമിബിയ പുറത്തായി. ഗ്രൂപ്പ് എയിൽ നിന്ന് ഇപ്പോൾ ശ്രീലങ്കയും നെതർലൻഡ്സുമാണ് സൂപ്പർ 12 ലേക്ക് കടന്നിരിക്കുന്നത്.
കളിച്ച മൂന്നു മത്സരങ്ങളിൽ നിന്ന് രണ്ടു വിജയങ്ങളുമായി നാലു പോയിന്റാണ് ശ്രീലങ്കയ്ക്ക് ലഭിച്ചത്. നെതർലൻഡ്സും രണ്ടു വിജയങ്ങളോടെ നാല് പോയിൻസുകൾ നേടി. എന്നാൽ നെറ്റ് റൺറേറ്റിന്റെ അടിസ്ഥാനത്തിൽ ശ്രീലങ്ക ഗ്രൂപ്പ് ചാമ്പ്യന്മാരും നെതർലൻഡ്സ് രണ്ടാം സ്ഥാനക്കാരുമായാണ് ഫിനിഷ് ചെയ്തിരിക്കുന്നത്. അതിനാൽതന്നെ സൂപ്പർ 12ലെ കണക്കുകൂട്ടലുകൾ അടിമുടി മാറിയിട്ടുണ്ട്.
എ ഗ്രൂപ്പിലെ ചാമ്പ്യന്മാരായ ശ്രീലങ്ക സൂപ്പർ പന്ത്രണ്ടിൽ ഒന്നാം ഗ്രൂപ്പിലേക്കാണ് പോകുന്നത്. അതായത് ഓസ്ട്രേലിയ, ഇംഗ്ലണ്ട്, ന്യൂസിലാൻഡ്, അഫ്ഗാനിസ്ഥാൻ എന്നിവരാവും ശ്രീലങ്കയുടെ സൂപ്പർ 12ലെ എതിരാളികൾ. മറുവശത്ത് നെതർലൻഡ്സ് പോകുന്നത് ഇന്ത്യ അടങ്ങിയ രണ്ടാം ഗ്രൂപ്പിലേക്കാണ്. ഗ്രൂപ്പിൽ നിലവിൽ ഇന്ത്യ, പാകിസ്ഥാൻ, ബംഗ്ലാദേശ്, ദക്ഷിണാഫ്രിക്ക എന്നിവരാണ് ഉള്ളത്. ഇവരായിരിക്കും സൂപ്പർ പന്ത്രണ്ടിൽ നെതർലൻഡ്സിന്റെ എതിരാളികൾ. ഇരു ഗ്രൂപ്പുകളും ഒന്നിനൊന്ന് ശക്തരാണ് എന്ന് നിസ്സംശയം പറയാനാവും.
ഇനി നടക്കാനിരിക്കുന്നത് ആദ്യ റൗണ്ടിലെ ഗ്രൂപ്പ് ബിയിലെ അവസാന പോരാട്ടങ്ങളാണ് ഇതിൽ ജയിക്കുന്ന രണ്ട് ടീമുകൾ സൂപ്പർ 12ലെ ഇരു ഗ്രൂപ്പുകളിലും എത്തും. നിലവിൽ രണ്ടു മത്സരങ്ങളിൽ ഓരോന്ന് ജയിച്ചാണ് ഗ്രൂപ്പ് ബിയിലെ എല്ലാ ടീമുകളും നിൽക്കുന്നത്. അതിനാൽതന്നെ നാളത്തെ രണ്ടു മത്സരങ്ങളിൽ ജയിക്കുന്നവർക്ക് നേരിട്ട് സൂപ്പർ പന്ത്രണ്ടിലേക്ക് ടിക്കറ്റ് ലഭിക്കും. നാളെ വിൻഡീസ് അയർലണ്ടിനെയും സ്കോട്ട്ലാൻഡ് സിംബാബ്വെയുമാണ് ഗ്രൂപ്പ് ബിയിൽ നേരിടുന്നത്. എന്തായാലും സൂപ്പർ 12ലെ അവസാന ടീമുകളെ നാളെ അറിയാം.