ഇന്ത്യയുടെ 2022ലെ വലിയ രണ്ട് ടൂർണമെന്റുകളായിരുന്നു ഏഷ്യാകപ്പും ലോകകപ്പും. രണ്ട് ട്വന്റി20 ടൂർണമെന്റ്കളിലും ഇന്ത്യ പരാജിതരാവുകയുണ്ടായി. ശേഷം ഇന്ത്യയുടെ കോച്ചായ രാഹുൽ ദ്രാവിഡിനെതിരെ വലിയ രീതിയിൽ വിമർശനങ്ങളും വന്നെത്തി. ലോകകപ്പിലെ ഇന്ത്യയുടെ ബാറ്റർമാരുടെ സമീപന രീതിയിലുള്ള പ്രശ്നങ്ങളായിരുന്നു പലരും ഇതിൽ എടുത്തു പറഞ്ഞത്. ഇംഗ്ലണ്ടിനെ പോലെ ട്വന്റി20യിൽ സ്പ്ലിറ്റ് കോച്ചിംഗ് ഇന്ത്യയും പരീക്ഷിക്കണമെന്നാണ് മുൻ ഇന്ത്യൻ താരം ഹർഭജൻ സിംഗ് പറയുന്നത്. ഒപ്പം ഇന്ത്യയുടെ മുൻ പേസർ ആശിഷ് നെഹ്റയെ രാഹുൽ ദ്രാവിനൊപ്പം ഇന്ത്യയുടെ ട്വന്റി20 ടീമിന്റെ കോച്ചായി നിയമിക്കണമെന്നും ഭാജി പറയുന്നു.
“ട്വന്റി20 ഫോർമാറ്റിൽ നമുക്ക് വേണ്ടത് ആശിഷ് നെഹ്റയെപോലെ ഒരു കോച്ചിനെയാണ്. കാരണം നെഹ്റ വിരമിച്ചിട്ട് അധികം കാലമായിട്ടില്ല. അതിനാൽതന്നെ ദ്രാവിഡിനേക്കാൾ ട്വന്റി20യെ അറിയാൻ നെഹ്റയ്ക്ക് സാധിക്കും. ദ്രാവിഡും ഞാനും ഒരുപാട് വർഷങ്ങൾ ഒരുമിച്ചു കളിച്ചിട്ടുണ്ട്. ദ്രാവിഡിന് നല്ല അറിവുണ്ട്. പക്ഷേ ട്വന്റി20 ഒരു ട്രിക്കി ഫോർമാറ്റാണ്.
സമീപസമയങ്ങളിൽ ട്വന്റി20 കളിച്ചിട്ടുള്ള ആളാവും ട്വന്റി20 കോച്ചാവാൻ ഉത്തമം. ഇതിനർത്ഥം ദ്രാവിഡിനെ ട്വന്റി20 കോച്ച് സ്ഥാനത്തു നിന്നും മാറ്റണമെന്നല്ല. 2024ലെ ലോകകപ്പിനായി ആശിഷ് നെഹ്റയും രാഹുൽ ദ്രാവിഡും ഒരുമിച്ച് പ്രയത്നിക്കണം.”- ഹർഭജൻ പറയുന്നു. “ഇങ്ങനെ സ്പ്ലിറ്റ് കോച്ചിംഗ് നടത്തുന്നതിലൂടെ രാഹുൽ ദ്രാവിഡിന് കാര്യങ്ങൾ എളുപ്പമാവും. ആവശ്യമായ സമയങ്ങളിൽ അദ്ദേഹത്തിന് വിശ്രമവുമെടുക്കാം. ദ്രാവിഡിന്റെ അഭാവത്തിലും കോച്ചായി തുടരാൻ നെഹ്റയ്ക്ക് സാധിക്കും.”- ഹർഭജൻ കൂട്ടിച്ചേർക്കുന്നു.
ഇതോടൊപ്പം ഇന്ത്യയുടെ മുൻനിര ട്വന്റി20കളിൽ കുറച്ചുകൂടി സ്ട്രൈക്ക് റേറ്റ് വർദ്ധിപ്പിക്കണമെന്നും ഹർഭജൻ പറയുകയുണ്ടായി. ആദ്യ ഓവറുകൾക്ക് ഇന്ത്യ കുറച്ചു കൂടി പ്രാധാന്യം നൽകണമെന്നതാണ് ഭാജിയുടെ പക്ഷം.