എന്നെന്നും ഇന്ത്യൻ വനിതാ ക്രിക്കറ്റ് ടീമിന്റെ ശക്തി തന്നെയായിരുന്നു പേസ് ബോളർ ജുലൻ ഗോസ്വാമി. വനിതാ ക്രിക്കറ്റ് പ്രശസ്തയാർജിക്കാത്ത സമയങ്ങളിൽ പോലും തന്റെ രാജ്യത്തിനായി അങ്ങേയറ്റം ആത്മാർത്ഥതയോടെ തേർ തെളിച്ച ക്രിക്കറ്റർ. ഇപ്പോൾ ജുലൻ ഗോസ്വാമി വിരമിക്കുമ്പോൾ ഇന്ത്യൻ വനിതാ ക്രിക്കറ്റ് ടീമിന് നഷ്ടമാകുന്നത് എന്നും തങ്ങളുടെ കോട്ട കാത്ത ഒരു പോരാളിയെ തന്നെയാണ്. ഇന്ത്യക്കായി 2002ൽ തന്റെ ആദ്യ അന്താരാഷ്ട്ര മത്സരം കളിച്ച ഗോസ്വാമി നീണ്ട 20 വർഷം ഇന്ത്യയുടെ ഫ്രണ്ട് ലൈൻ ബോളർ തന്നെയായിരുന്നു. തന്റെ നീളത്തിൽ നിന്ന് ലഭിക്കുന്ന ബൗൺസ് ഗോസാമി തന്റെ കരിയറിലുടനീളം നന്നായി ഉപയോഗിച്ചു.
12 ടെസ്റ്റ് മത്സരങ്ങളിൽനിന്ന് 44 വിക്കറ്റുകളും, 204 ഏകദിനങ്ങളിൽ 255 വിക്കറ്റുകളും, 68 ട്വന്റി20കളിൽ നിന്ന് 56 വിക്കറ്റുകളും ഗോസ്വാമി ഇന്ത്യക്കായി നേടി. ഇപ്പോൾ ഗോസ്വാമി തന്റെ കരിയർ അവസാനിപ്പിക്കുമ്പോൾ നഷ്ടമാകുന്നത് വനിതാ ക്രിക്കറ്റിന്റെ മികച്ച ഒരു അംബാസിഡറെ കൂടിയാണ്. എന്നാൽ ജീവൻ കൊടുത്തും ഗോസ്വാമിക്കായി, ഇംഗ്ലണ്ടിനെതിരായ അവസാന മത്സരം ജയിക്കാനായിരുന്നു ഹർമൻപ്രീത് കോറിന്റെ പട ഇറങ്ങിയത്. അതിനു സാധിച്ചത് ഇന്ത്യയ്ക്ക് അങ്ങേയറ്റം അഭിമാനം ഉണ്ടാക്കുന്നുണ്ട്.
മത്സരത്തിൽ ടോസ് നേടിയ ഇംഗ്ലണ്ട് വനിതാ ടീം ഇന്ത്യയെ ബാറ്റിംഗിനയക്കുകയായിരുന്നു. ഗോസ്വാമിയുടെ കരിയറിലെ അവസാന മത്സരത്തിൽ ഇന്ത്യൻ ബാറ്റിംഗ് നിര പൂർണ്ണമായും തകരുന്ന കാഴ്ചയായിരുന്നു കണ്ടത്. ഷഫാലി വർമയെയും യാഷ്ടിക ഭാട്ടിയയെയും ഇന്ത്യയ്ക്ക് പൂജ്യരായി തന്നെ നഷ്ടമായി. സ്മൃതി മന്ദാന മാത്രം ക്രീസിൽ ഉറച്ചപ്പോൾ മറ്റ് ഇന്ത്യൻ ബാറ്റർമാർ കൂടാരം കയറി. എന്നാൽ മന്ദനയ്ക്ക്(50) ശേഷം ദീപ്തി ശർമ(68) മികച്ച ബാറ്റിംഗ് കാഴ്ചവെച്ചതോടെ ഇന്ത്യ 169 എന്ന സ്കോറിലെത്തി.
മറുപടി ബാറ്റിങ്ങിൽ ഇംഗ്ലണ്ടിനെ ഒരുതരത്തിലും വിജയിക്കാൻ സമ്മതിക്കാത്ത ഇന്ത്യൻ ബോളിങ് നിരയെയാണ് കണ്ടത്. രേണുകാ സിംഗ് കൃത്യമായ ഇടവേളകളിൽ വിക്കറ്റുകൾ വീഴ്ത്തി. ഗോസ്വാമിയും രണ്ട് വിക്കറ്റുകൾ വീഴ്ത്തി. ഡീൻ(47) മാത്രമായിരുന്നു ഇംഗ്ലണ്ട് നിരയിൽ അൽപമെങ്കിലും പിടിച്ചുനിന്നത്. എന്തായാലും മത്സരത്തിൽ 16 റൺസിന് ഇന്ത്യ വിജയം കണ്ടു.