ഇന്ത്യയുടെ ന്യൂസിലാൻഡിനെതിരായ ആദ്യ മത്സരത്തിൽ ഭേദപ്പെട്ട ബാറ്റിംഗ് പ്രകടനം തന്നെയാണ് സഞ്ജു സാംസൺ കാഴ്ചവച്ചത്. മത്സരത്തിൽ 38 പന്തുകളിൽ 38 റൺസ് സഞ്ജു നേടിയിരുന്നു. അതേസമയം പന്ത് ആദ്യ മത്സരത്തിൽ ബാറ്റിംഗിൽ പരാജയപ്പെടുകയും ചെയ്തു. എന്നാൽ ഇന്ത്യ രണ്ടാം മത്സരത്തിൽ സഞ്ജു സാംസണെ ടീമിൽ ഉൾപ്പെടുത്തിയില്ല. മോശം പ്രകടനം കാഴ്ചവച്ച പന്ത് ലൈനപ്പിൽ തുടരുകയും ചെയ്തു. ഇതിനെതിരെ സാമൂഹ്യ മാധ്യമങ്ങളിലടക്കം വലിയ വിമർശനങ്ങൾ തന്നെ ഇന്ത്യൻ ടീമിനെതിരെ ഉയർന്നിരുന്നു.
കഴിഞ്ഞ സമയങ്ങളിലൊന്നും തുടർച്ചയായി സഞ്ജുവിന് ടീമിൽ അവസരം ലഭിച്ചിരുന്നില്ല. അതിനാൽതന്നെ ആരാധകരടക്കം സഞ്ജുവിനെ രണ്ടാം ഏകദിനത്തിൽ നിന്നും മാറ്റി നിർത്തിയതിന് കാരണം ആരാഞ്ഞു. ഇതിനുള്ള മറുപടി നൽകിയിരിക്കുകയാണ് ഇന്ത്യയുടെ നിലവിലെ ക്യാപ്റ്റനായ ശിഖർ ധവാൻ. തങ്ങൾക്ക് ആറാമതായി ഒരു ബോളറേ കൂടി ആവശ്യമായി വന്നതിനാലാണ് സഞ്ജു സാംസണെ ഒഴിവാക്കി ദീപക് ഹൂഡയെ ടീമിലെടുത്തത് എന്നാണ് ശിഖർ ധവാൻ പറയുന്നത്.
“ടീമിലേക്ക് ഒരു ആറാം ബോളർ കടന്നു വരേണ്ടത് ഞങ്ങളുടെ ആവശ്യമായിരുന്നു. അതിനാൽതന്നെ സഞ്ജു സാംസണെ ഒഴിവാക്കുകയും ഹൂഡയെ ടീമിൽ ഉൾപ്പെടുത്തേണ്ടി വരികയും ചെയ്തു. സിംഗ് ചെയ്യുന്ന ഒരു ബോളറെ ആവശ്യമായിരുന്നതിലാണ് ചാഹറിനെ ലൈനപ്പിൽ ഉൾപ്പെടുത്തിയത്. നിരയിലെ കുറച്ചുപേർ വിശ്രമമെടുത്തിട്ടുണ്ടെങ്കിലും ടീം ഇപ്പോഴും ശക്തമാണ്. ഇത് കാണിക്കുന്നത് നമ്മുടെ സ്ക്വാഡിന്റെ വ്യാപ്തിയാണ്.”- ശിഖർ ധവാൻ കൂട്ടിച്ചേർത്തു.
ന്യൂസിലാൻഡിനെതിരായ ട്വന്റി20 പരമ്പരയിലും ഇന്ത്യൻ സ്‌ക്വാഡിലെ അംഗമായിരുന്നു സഞ്ജു സാംസൺ. എന്നാൽ ഒരു മത്സരത്തിൽ പോലും കളിക്കാൻ സഞ്ജുവിന് സാധിച്ചില്ല. ശേഷം ഏകദിന പരമ്പരയിലെ ആദ്യ മത്സരത്തിൽ സഞ്ജു കളിച്ചിരുന്നു. നവംബർ 30നാണ് പരമ്പരയിലെ അവസാന മത്സരം നടക്കുന്നത്.