ട്വന്റി20 ലോകകപ്പിലെ ഇന്ത്യയുടെ സെമിയിലെ പരാജയം പലരെയും അത്ഭുതപ്പെടുത്തിയിരുന്നു. വളരെയധികം പ്രതീക്ഷകളോടെ ലോകകപ്പിനായി ഇറങ്ങിയ ഇന്ത്യ സെമിയിൽ ഇംഗ്ലണ്ടിനോട് 10 വിക്കറ്റുകൾക്ക് പരാജയമറിഞ്ഞു. ഇതിനുശേഷം ടീമിലും കോച്ചിംഗ് വിഭാഗത്തിലുമൊക്കെ വലിയ മാറ്റങ്ങൾ എല്ലാവരും പ്രതീക്ഷിച്ചു. പക്ഷേ ഇതിന് വിപരീതമായി ബിസിസിഐ തങ്ങളുടെ ടീം സെലക്ഷൻ കമ്മിറ്റിയെ പൂർണമായും ഒഴിവാക്കുകയാണ് ഉണ്ടായത്. സെലക്ഷൻ കമ്മിറ്റിയിലെ അംഗങ്ങളായ ചേതൻ ശർമ, ഹർവീന്ദർ സിംഗ്, സുനിൽ ജോഷി ദേബാശിഷ് മൊഹതി എന്നിവരെയാണ് ബിസിസിഐ പുറത്താക്കിയത്. 2020-21 വർഷങ്ങളിലായിരുന്നു ഇവരെ നിയമിച്ചത്.
എന്നാൽ ഇതിന് പിന്നാലെ തന്നെ പുതിയ ചീഫ് സെലക്ടർമാരെ പരിഗണിക്കാനുള്ള അപേക്ഷയും ബിസിസിഐ ക്ഷണിക്കാൻ തുടങ്ങിയിട്ടുണ്ട്. ഇന്ത്യൻ പുരുഷ ടീമിന്റെ ചീഫ് സെലക്ടറാവാനുള്ള യോഗ്യതകൾ നമുക്ക് പരിശോധിക്കാം. ഒന്നാമതായി സെലക്ടറായി എത്തുന്നയാൾ ഏഴു ടെസ്റ്റ് മത്സരങ്ങളെങ്കിലും കളിച്ചിട്ടുള്ള ആളായിരിക്കണം. അല്ലാത്തപക്ഷം അയാൾ 30 ഫസ്റ്റ് ക്ലാസ് മത്സരങ്ങളിൽ അണിനിരന്നിരിക്കണം. അതുമല്ലെങ്കിൽ 10 ഏകദിനങ്ങളും 20 ഫസ്റ്റ് ക്ലാസ് മത്സരങ്ങളും കളിച്ചിരിക്കണം.
ഇതിനുപുറമേ പ്രസ്തുത വ്യക്തി അഞ്ചുവർഷം മുൻപെങ്കിലും ക്രിക്കറ്റിൽ നിന്ന് വിരമിച്ച ആളായിരിക്കണം. മാത്രമല്ല ഈ വ്യക്തി അഞ്ചുവർഷം ഏതെങ്കിലും ക്രിക്കറ്റ് കമ്മിറ്റിയിൽ അംഗമായും ഉണ്ടാകാൻ പാടില്ല. ഇത്രയും മാനദണ്ഡങ്ങൾ നോക്കിയാണ് ബിസിസിഐ ചീഫ് സെലക്ടർമാരെ പരിഗണിക്കുന്നത്.
2022 നവംബർ 28ന് ഇന്ത്യൻ സമയം 6 മണി വരെയാണ് ബിസിസിഐ ചീഫ് സെലക്ടർമാരുടെ അപേക്ഷകൾ സ്വീകരിക്കുന്നത്. ഇന്ത്യയെ സംബന്ധിച്ച് വരുന്ന വർഷങ്ങളിൽ നല്ല കളിക്കാരെ ടീമിൽ അണിനിരത്തി വലിയ ടൂർണമെന്റുകൾക്ക് സജ്ജമാക്കേണ്ടത് ആവശ്യം തന്നെയാണ്. അങ്ങനെയെങ്കിൽ മാത്രമേ 2023 ലെ 50 ലോകകപ്പിലും 2014ലെ ട്വന്റി20 ലോകകപ്പിലും എന്തെങ്കിലും പ്രതീക്ഷകൾ വയ്ക്കാൻ സാധിക്കൂ.