ലോകകപ്പിൽ ഇതുവരെ ഒരുപാട് പോസിറ്റീവുകൾ ഇന്ത്യയ്ക്ക് ഉണ്ടായിട്ടുണ്ട്. വിരാട് കോഹ്ലിയുടെയും സൂര്യകുമാർ യാദവിന്റെയും മികച്ച മാറ്റിംഗ് ഫോമും അർഷദ്വീപ് സിംഗിന്റെയും മറ്റും മികച്ച ബോളിഗുമൊക്കെ ഇന്ത്യക്ക് ലോകകപ്പിൽ എടുത്തുപറയാവുന്ന പോസിറ്റീവുകൾ തന്നെയാണ്. എന്നാൽ ലോകകപ്പിൽ ഇന്ത്യ നേരിടുന്ന ഒരു പ്രധാന പ്രശ്നത്തെ കുറിച്ചാണ് ഇന്ത്യൻ താരം ഗൗതം ഗംഭീർ ഇപ്പോൾ പറയുന്നത്. ഇന്ത്യൻ സ്പിന്നർമാർ മധ്യ ഓവറുകളിൽ വേണ്ടരീതിയിൽ വിക്കറ്റ് വീഴ്ത്താത്തത് ഇന്ത്യയെ അലട്ടുന്ന പ്രശ്നമാണെന്ന് ഗംഭീർ പറയുന്നു.
“സ്പിൻ ബോളിഗ് മാത്രമാണ് ഇന്ത്യയെ സംബന്ധിച്ച് ഏകപ്രശ്നം. കാരണം നമ്മുടെ സ്പിൻ ബോളർമാർ കൃത്യമായി വിക്കറ്റുകൾ നേടുന്നില്ല. ആ ഒരു മേഖല മാത്രം വലിയ പ്രതിസന്ധിയിലാണ്. കാരണം മധ്യഓവറുകളിൽ വിക്കറ്റുകൾ വീഴ്ത്താനായില്ലെങ്കിൽ സെമിഫൈനലിൽ ഇംഗ്ലണ്ടിനെ പോലെയുള്ള ടീമുകളെ നേരിടുമ്പോൾ അത് ഇന്ത്യയെ ബാധിക്കും.”- ഗൗതം ഗംഭീർ പറയുന്നു.
ഇതോടൊപ്പം ഇന്ത്യയ്ക്ക് ടീമിലില്ലാത്തത് റിസ്റ്റ് സ്പിന്നർമാരാണെന്നും ഗംഭീർ പറയുന്നു. “ഇന്ത്യൻ നിരയിൽ എന്തെങ്കിലും അഭാവം തോന്നിയിട്ടുണ്ടെങ്കിൽ അത് ഒരു റിസ്റ്റ് സ്പിന്നറുടെ തന്നെയാണ്. അവർ ഒരു റിസ്റ്റ് സ്പിന്നറേ കളിപ്പിച്ചേ പറ്റൂ. അശ്വിനെ ഇന്ത്യ കളിപ്പിക്കുന്നത് അയാൾ തരക്കേടില്ലാതെ ബാറ്റിംഗ് കൂടി ചെയ്യുന്നതുകൊണ്ടാണ്. എന്നാൽ ഇന്ത്യയെ സംബന്ധിച്ചിടത്തോളം ടോപ് ഓർഡർ സ്കോർ നേടാത്ത സാഹചര്യങ്ങളിൽ മാത്രമാണ് നമുക്ക് അശ്വിന്റെ ബാറ്റിംഗ് ആവശ്യമാകുന്നത്.”- ഗംഭീർ കൂട്ടിച്ചേർക്കുന്നു.
ഇതിനു പരിഹാരമായി ഇന്ത്യ യൂസ്വേന്ദ്ര ചഹലിനെ ടീമിൽ ഉൾപ്പെടുത്തേണ്ടതുണ്ടെന്നും ഗംഭീർ പറയുന്നു. “മെൽബൺ വലിയ ഗ്രൗണ്ടാണ്. അതിനാൽതന്നെ ഇന്ത്യ ചാഹലിനെ കളിപ്പിക്കണം. ഈ ടൂർണമെന്റിലൂടനീളം റിസ്റ്റ് സ്പിന്നർമാർ മികച്ച പ്രകടനമാണ് കാഴ്ചവച്ചിട്ടുള്ളത്. ഇതിനു ഉദാഹരണങ്ങളാണ് ശതാബ് ഖാനും ആദം സാംമ്പയുമൊക്കെ “- ഗംഭീർ പറയുന്നു.