2022ൽ ട്വന്റി20 ക്രിക്കറ്റിൽ ആറാടിയ ക്രിക്കറ്ററാണ് സൂര്യകുമാർ യാദവ്. ഏഷ്യകപ്പിലും ലോകകപ്പിലുമടക്കം ഇന്ത്യക്കായി മിന്നും പ്രകടനമായിരുന്നു സൂര്യ കാഴ്ചവച്ചത്. അതിനാൽ ന്നെ ഐസിസിയുടെ ഈ വർഷത്തെ മികച്ച ക്രിക്കറ്ററാവാൻ സൂര്യകുമാറിന് ഏറെ സാധ്യതയുമുണ്ട്. ഈ അവസരത്തിൽ സൂര്യകുമാറിന്റെ 2022ലെ പ്രകടനങ്ങളെ അഭിനന്ദിച്ചു രംഗത്ത് വന്നിരിക്കുകയാണ് മുൻ ഇന്ത്യൻ താരങ്ങൾ. സൂര്യയെ പ്രശംസിച്ചുകൊണ്ട് ഇപ്പോൾ രംഗത്ത് വന്നിരിക്കുന്നത് മുൻ ഇന്ത്യൻ താരം സാബാ കരീം ആണ്.
“തന്റെ പ്രകടനങ്ങൾ കൊണ്ട് ട്വന്റി20 ക്രിക്കറ്റിന്റെ ശൈലി തന്നെ മാറ്റിമറിച്ച ക്രിക്കറ്ററാണ് സൂര്യകുമാർ യാദവ്. ഇതാദ്യമായാണ് മറ്റു ടീമിലെ കളിക്കാർ പോലും ട്വന്റി20യിൽ എങ്ങനെ ബാറ്റ് ചെയ്യണമെന്ന് ഒരു ഇന്ത്യൻ ബാറ്ററെ കണ്ടുപിടിക്കാൻ തയ്യാറാവുന്നത് ഇതാദ്യമായാണ്. ഇതുവരെ നമ്മൾ ട്വന്റി20കളിൽ മാതൃകയാക്കി നിർത്തിയിരുന്നത് എ ബി ഡിവില്ലിയെഴ്സിനെയായിരുന്നു. എന്നാൽ ഇപ്പോൾ മറ്റുള്ളവർക്കു മുൻപിൽ ട്വന്റി20യിൽ എങ്ങനെ ബാറ്റ് ചെയ്യണം എന്ന് കാട്ടിക്കൊടുക്കുന്നത് സൂര്യകുമാർ യാദവാണ്.”- സാബാ കരീം പറയുന്നു.
ഇത്തവണത്തെ ഐസിസി ട്വന്റി20 ക്രിക്കറ്ററാവാൻ എന്തുകൊണ്ടും അർഹൻ സൂര്യകുമാർ യാദവാണെന്നാണ് മുൻ ഇന്ത്യൻ താരം റീത്തീന്തർ സോധി പറയുന്നത്. “സൂര്യകുമാർ തന്നെയാണ് ഈ അവാർഡിന് അർഹൻ. ട്വന്റി20 ക്രിക്കറ്റിലേക്ക് വരുമ്പോൾ അയാൾ ഒരു ചാമ്പ്യൻ തന്നെയാണ്. സ്ഥിരമായി സൂര്യ പ്രകടനങ്ങൾ കാഴ്ചവെക്കാറുണ്ട്. അയാളുടെ ആക്രമണങ്ങളിലൂടെ ചില ടോപ്പ് ബോളർമാർക്കും വേദനയായിട്ടുണ്ട്. ഇത്ര പെട്ടെന്ന് അന്താരാഷ്ട്ര ക്രിക്കറ്റിൽ സൂര്യകുമാർ യാദവ് ഇത്രയധികം സ്ഥാനം ഉണ്ടാക്കുമെന്ന് ആരും കരുതിയില്ല.”- സോധി പറയുന്നു.
ഈ വർഷം ട്വന്റി20കളിൽ ഏറ്റവുമധികം റൺസ് നേടിയ ക്രിക്കറ്ററാണ് സൂര്യകുമാർ യാദവ്. 31 ട്വന്റി20കളിൽ നിന്ന് 1164 റൺസാണ് സൂര്യകുമാർ നേടിയിട്ടുള്ളത്. 187.4 ആണ് സൂര്യകുമാറിന്റെ സ്ട്രൈക്ക് റേറ്റ്.