ഇന്ത്യയുടെ കഴിഞ്ഞ ട്വന്റി20 മത്സരങ്ങളിലൊക്കെയും വളരെയധികം ശ്രദ്ധേയമായത് ബാറ്റിംഗ് മനോഭാവം തന്നെയായിരുന്നു. മുൻപ് പതിയെ തുടങ്ങി താളം കണ്ടെത്തിയിരുന്ന ഇന്ത്യൻനിര ഇപ്പോൾ ആദ്യ ബോൾ മുതൽ ആക്രമിച്ചു കളിക്കുന്നതാണ് കണ്ടുവരുന്നത്. ക്യാപ്റ്റൻ രോഹിത് ശർമയാണ് ഇന്ത്യയുടെ ഈ പുതിയ മനോഭാവത്തിന് നേതൃത്വം കൊടുക്കുന്നത്. എന്നാൽ കഴിഞ്ഞ കുറച്ച് ഇന്നിംഗ്സുകളായി ഈ വെടിക്കെട്ട് തുടക്കം മുതലാക്കി വലിയൊരു പ്രകടനം നടത്താൻ രോഹിത്തിന് സാധിക്കുന്നില്ല. ഈ സാഹചര്യത്തിൽ രോഹിത് വരുത്തേണ്ട ചില മാറ്റങ്ങളെ കുറിച്ചാണ് ദക്ഷിണാഫ്രിക്കയുടെ മുൻ ക്രിക്കറ്റർ ലാൻസ് ക്ലൂസ്നർ സംസാരിക്കുന്നത്.
രോഹിത്തിന്റെ ഈ ആക്രമണപരമായ രീതി അദ്ദേഹത്തിന്റെ ബാറ്റിംഗിനെ ദോഷകരമായി ബാധിക്കുന്നുണ്ടെന്നാണ് ക്ലൂസ്നറുടെ നിഗമനം. “ഇങ്ങനെ വ്യത്യസ്തമായി കളിക്കാൻ രോഹിത്തിനോട് ആരെങ്കിലും ആവശ്യപ്പെട്ടതാണോ എന്ന് എനിക്കറിയില്ല. പക്ഷേ അതയാളുടെ സ്ഥിരതയെ ബാധിച്ചിട്ടുണ്ട്. കൂടുതലായി വെടിക്കെട്ട് തുടക്കങ്ങൾ നൽകുന്നതിനാൽ കഴിഞ്ഞ 25-30 ഇന്നിംഗ്സുകളിൽ സ്ഥിരത കൈവരിക്കാൻ രോഹിത്തിന് സാധിക്കാതെ വന്നു. എനിക്ക് രോഹിത്തിനോട് പറയാനുള്ളത്, ഇതുവരെ എന്താണോ ചെയ്തത് ആ രീതിയിൽ തന്നെ തുടരാനാണ്.”- ക്ലൂസ്നർ പറയുന്നു.
“രോഹിതിനെ സംബന്ധിച്ച് അങ്ങനെ അമിത ആക്രമണം കാണിക്കേണ്ട ആവശ്യമില്ല.അല്ലെങ്കിൽ തന്നെ അയാൾ ആക്രമണപരമായിയാണ് കളിക്കുന്നത്. കൂടുതലായി സ്കോറിങ് ഉയർത്തണമെങ്കിൽ ഇന്ത്യ മറ്റൊരു ബാറ്ററെ ഏൽപ്പിക്കുന്നതാവും ഉത്തമം. രോഹിത് ഒരു മാച്ച് വിന്നറാണെന്ന് നേരത്തെ തെളിയിച്ചിട്ടുള്ളതാണ്. അയാളെ വളരെ സൂക്ഷ്മതയോടെ തന്നെ ഇന്ത്യ കണക്കിലെടുക്കണം.”- ക്ലൂസ്നർ കൂട്ടിച്ചേർക്കുന്നു.
കഴിഞ്ഞ മത്സരങ്ങളിലൊക്കെയും ഇന്ത്യയ്ക്ക് അതിവേഗ സ്കോർ നൽകുന്നുണ്ടെങ്കിലും വലിയ ഇന്നിങ്സുകൾ രോഹിത് കളിച്ചിരുന്നില്ല. 2022ൽ ഇതുവരെ രണ്ട് അർത്ഥസെഞ്ച്വറികൾ മാത്രമാണ് രോഹിത് നേടിയിട്ടുള്ളത്.