ഇന്ത്യയുടെ ഓസ്ട്രേലിയക്കെതിരായ രണ്ടാം ട്വന്റി20 മത്സരത്തിൽ മികച്ച തുടക്കം ലഭിച്ചിട്ടും ഇന്നിംഗ്സിൽ നെടുംതൂണാവാൻ വിരാട് കോഹ്‌ലിക്ക് സാധിച്ചിരുന്നില്ല. മത്സരത്തിൽ 11 റൺസ് മാത്രമായിരുന്നു വിരാട് കോഹ്ലി നേടിയത്. എന്നിരുന്നാലും ക്രീസിൽ ഉണ്ടായിരുന്ന അത്ര സമയം മികച്ച ഫ്ലോയിൽ തന്നെയാണ് വിരാട് ബാറ്റ് വീശിയത്. വിരാടിന്റെ ബാറ്റിംഗ് ഇന്നിങ്സിനെപറ്റിയുള്ള തന്റെ അഭിപ്രായം അറിയിച്ചിരിക്കുകയാണ് ഇപ്പോൾ മുൻ ഇന്ത്യൻ പേസർ ആർ പി സിംഗ്. കോഹ്‌ലി മികച്ച ഫോമിലാണെന്നും അമിതമായി ബോളർമാരെ ആക്രമിക്കാൻ ശ്രമിക്കുന്നത് വിനയാവുന്നുണ്ടെന്നും ആർ പി സിംഗ് പറയുന്നു.
കോഹ്ലിയുടെ ഫോമിനെ സംബന്ധിച്ച് തനിക്ക് യാതൊരുവിധ ആശങ്കയില്ലെന്നും ആർ പി സിംഗ് പറഞ്ഞുവയ്ക്കുന്നു. “ഓസ്ട്രേലിയക്കെതിരായ രണ്ടാം ട്വന്റി20യിൽ മികച്ച ഫോമിൽ തന്നെയാണ് വിരാട് കോഹ്‌ലി കളിച്ചത്. കുറച്ചു നല്ല ഷോട്ടുകളും കോഹ്ലി കളിക്കുകയുണ്ടായി. ഇതിൽനിന്ന് വ്യക്തമാകുന്നത് കോഹ്‌ലി മികച്ച താളത്തിൽ തന്നെയാണെന്നാണ്. മാത്രമല്ല കഴിഞ്ഞ കുറച്ചു മത്സരങ്ങളിൽ കോഹ്ലി റൺസ് കണ്ടെത്തുകയും ചെയ്തിരുന്നു. എന്നാൽ ചില സമയങ്ങളിൽ കോഹ്ലി ബോളർമാരെ അമിതമായി ആക്രമിക്കുന്നതായി തോന്നുന്നു.
ഒരുപക്ഷേ അത് അയാളുടെ സ്വാഭാവികമായ ശൈലിയാവാം. രണ്ടാം മത്സരത്തിൽ ഒരു സിംഗിളെടുക്കാൻ ശ്രമിക്കുന്നതിനിടെയാണ് കോഹ്ലി പുറത്തായത്. അതുവരെ അദ്ദേഹം നന്നായി കളിച്ചു.”- ആർ പി സിംഗ് പറയുന്നു. ഓസ്ട്രേലിയക്കെതിരെ നിലവിൽ നടക്കുന്ന പരമ്പരയിൽ വലിയ ഇന്നിംഗ്സുകൾ കളിക്കാൻ കോഹ്ലിക്ക് ഇതുവരെ സാധിച്ചിട്ടില്ല. ആദ്യമത്സരത്തിൽ 2 റൺസിനും രണ്ടാം മത്സരത്തിൽ 11 റൺസുമായിരുന്നു വിരാട് നേടിയത്.
എന്നിരുന്നാലും കഴിഞ്ഞ ഏഷ്യാകപ്പിൽ വമ്പൻ ബാറ്റിംഗ് പ്രകടനം തന്നെയാണ് വിരാട് കാഴ്ചവച്ചത്. ഏഷ്യാകപ്പിൽ അഞ്ച് മത്സരങ്ങളിൽ നിന്ന് 276 റൺസായിരുന്നു കോഹ്‌ലി നേടിയത്. 92 റൺസായിരുന്നു കോഹ്‌ലിയുടെ ബാറ്റിങ് ശരാശരി. എന്തായാലും അവസാന ട്വന്റി20യിൽ അല്പം ദൈർഘ്യമേറിയ മികച്ച ഇന്നിംഗ്സ് കോഹ്ലി കാഴ്ചവയ്ക്കും എന്ന് തന്നെയാണ് പ്രതീക്ഷ.