ഈ വീരാരാധനയാണ് ഇന്ത്യ പരാജയപ്പെടാനുള്ള കാരണം!! വിമർശനശരങ്ങളുമായി ഗംഭീർ

   

ഇന്ത്യയുടെ മുൻ ക്രിക്കറ്റ് താരങ്ങളെ എടുത്ത് പരിശോധിച്ചാൽ എന്തും വെട്ടിതുറന്നു പറയുന്ന ക്രിക്കറ്ററാണ് ഗൗതം ഗംഭീർ. ഇത്തരം പ്രവണത മൂലം ഗംഭീർ മുൻപും ഒരുപാട് വിമർശനങ്ങൾ കേൾക്കാൻ ഇടയായിട്ടുണ്ട്. എന്നാൽ തന്റെ ആ പ്രകൃതം ഗംഭീർ ഉപേക്ഷിച്ചിട്ടില്ല. അതിന്റെ ചില സൂചനകൾ നൽകുന്ന വിമർശനങ്ങളാണ് ഗൗതി ഇപ്പോൾ ഉന്നയിച്ചിരിക്കുന്നത്. ഇന്ത്യയുടെ വലിയ ടൂർണമെന്റ്കളിലെ പരാജയകാരണം ഇന്ത്യൻ ക്രിക്കറ്റിലെ വീരാരാധനയാണ് എന്നാണ് ഗംഭീർ ഇപ്പോൾ പറഞ്ഞിരിക്കുന്നത്. നമ്മൾ സംസാരിക്കേണ്ടത് ഇന്ത്യൻ ക്രിക്കറ്റിനെക്കുറിച്ചാണെന്നും ആരെയെങ്കിലും ഹീറോയാക്കുന്നതിലല്ല ശ്രദ്ധിക്കേണ്ടതെന്നും ഗംഭീർ പറയുന്നു.

   

“സൂര്യകുമാർ യാദവാണ് കഴിഞ്ഞവർഷം ഇന്ത്യക്കായി ഏറ്റവും മികച്ച പ്രകടനങ്ങൾ കാഴ്ചവെച്ച ക്രിക്കറ്റർ, മറ്റ് ആറുപേരെക്കാളും. എന്നാൽ നമ്മൾ പലപ്പോഴും സൂര്യകുമാറിനെ പറ്റി സംസാരിക്കാറില്ല. കാരണം സാമൂഹ്യ മാധ്യമങ്ങളിൽ അയാൾക്ക് ഫോളോവേഴ്സ് കുറവാണ്. ഇത്തവണ ഇന്ത്യൻ ലോകകപ്പ് നേടുകയാണെങ്കിൽ എല്ലാവരും ചേർന്ന് അതിന്റെ ക്രെഡിറ്റ് രോഹിത് ശർമ്മയ്ക്ക് നൽകും. നമ്മൾ മനസ്സിലാക്കേണ്ട കാര്യം രോഹിത് ശർമ്മയ്ക്ക് തന്നെ ലോകകപ്പ് നേടാനാവില്ല. ഇന്ത്യയ്ക്കേ നേടാൻ സാധിക്കൂ.”- ഗംഭീർ പറയുന്നു.

   

“2007ലും 2011ലും ഇന്ത്യ ലോകകപ്പ് ജേതാക്കളായപ്പോൾ എല്ലാവരും പറഞ്ഞത് ധോണി ലോകകപ്പ് നേടി എന്നാണ്. 83ൽ ഇന്ത്യ നേടിയപ്പോൾ പറഞ്ഞത് കപിൽ ലോകകപ്പ് നേടിയെന്നാണ്. എന്നാൽ ഇവരാരുമല്ല ഇന്ത്യയാണ് നേടിയത്. എന്തെന്നാൽ ടീമിലെ മറ്റുള്ള കളിക്കാരും ക്യാച്ചുകൾ നേടിയും, ബോൾ എറിഞ്ഞും, റൺസ് നേടിയും തന്നെയാണ് ലോകകപ്പ് നമുക്ക് ലഭിച്ചത്.”- ഗംഭീർ കൂട്ടിച്ചേർക്കുന്നു.

   

2011ന് ശേഷം ഇന്ത്യക്ക് ലോകകപ്പുകൾ നേടാനാവാത്തതിന്റെ കാരണം ഇത്തരം വീരാരാധനയാണെന്നാണ് ഗംഭീർ പറഞ്ഞുവെക്കുന്നത്. എന്തായാലും ഗംഭീറിന്റെ ഈ വാക്കുകൾക്ക് മുകളിൽ വലിയ ചർച്ച തന്നെ ഉണ്ടാവുമെന്നത് ഉറപ്പാണ്. ഒക്ടോബർ 23നാണ് ഇന്ത്യയുടെ ട്വന്റി20 ലോകകപ്പിലെ ആദ്യ സൂപ്പർ പന്ത്രണ്ട് പോരാട്ടം നടക്കുന്നത്.

Leave a Reply

Your email address will not be published. Required fields are marked *