2023ലെ ഇന്ത്യൻ പ്രീമിയർ ലീഗിന്റെ ആവേശം ആരംഭിച്ചിരിക്കുകയാണ്. മിനി ലേലത്തോടെ ടീമുകളുടെ അവസാന ലൈനപ്പും പുറത്തുവന്നിട്ടുണ്ട്. ഐപിഎൽ ചരിത്രത്തിലെ തന്നെ ഒഴിച്ചുനിർത്താനാവാത്ത ഒരു ക്രിക്കറ്ററാണ് ക്രിസ് ഗെയിൽ. ഐപിഎല്ലിൽ ബാംഗ്ലൂർ ടീമിനായി അഴിഞ്ഞാടിയ ഗെയ്ൽ 84 ഇന്നിങ്സുകളിൽ നിന്ന് 3163 റൺസ് ഫ്രാഞ്ചൈസിയ്ക്കായി നേടിയിട്ടുണ്ട്. 2023ലെ ഐപിഎല്ലിൽ ബാംഗ്ലൂർ ടീം തന്നെ കപ്പ് അടിക്കണമെന്ന ആഗ്രഹമാണ് ഗെയിലിനുള്ളത്. ഗെയ്ൽ അത് വെളിപ്പെടുത്തുകയും ചെയ്തു.
ബാംഗ്ലൂർ ടീമിനോടുള്ള തന്റെ താല്പര്യമാണ് ഗെയിൽ സൂചിപ്പിച്ചത്. “ഞങ്ങൾക്ക് ട്രോഫി നേടണമെന്നുണ്ട്. എന്നാൽ അത് ഇതുവരെ നടന്നിട്ടില്ല. ബാംഗ്ലൂർ ജേതാക്കളാവുന്നത് കാണാനാണ് ഞാൻ ആഗ്രഹിക്കുന്നത്. ബാംഗ്ലൂർ തന്നെയാണ് എന്റെ ടീം. ഞാൻ ഫ്രാഞ്ചൈസിയെ സ്നേഹിക്കുന്നു. അവരുടെ ടീമിൽ ഭാഗമാകാൻ സാധിച്ചതിൽ അതിയായ സന്തോഷമുണ്ട്.”- ഗെയ്ൽ പറയുന്നു.
“എനിക്ക് ടീമിലെ പല കളിക്കാരുമായി നല്ല നിമിഷങ്ങൾ തന്നെയാണുള്ളത്. ബാംഗ്ലൂർ ടീമിൽ സർഫറാസ് ഖാൻ, മൻദീപ് സിംഗ്, രാഹുൽ എന്നിവരെ ഞാൻ പരിചയപ്പെട്ടു. അവരെല്ലാവരും മികവാർന്ന കളിക്കാരാണ്. അതോടൊപ്പം കോഹ്ലിയുടെയും ഡിവില്ലിയെഴ്സിന്റെയും കൂടെ ഡ്രസിങ് റൂം പങ്കിടാൻ സാധിച്ചതും വലിയ കാര്യമാണ്. ഞങ്ങൾ പരസ്പരം പഠിക്കാനാണ് ശ്രമിച്ചത്.”- ഗെയ്ൽ കൂട്ടിച്ചേർക്കുന്നു.
നിലവിൽ ബാംഗ്ലൂർ മികവാർന്ന ടീം തന്നെയാണ്. ഗ്ലെൻ മാക്സ്വെല്ലും വിരാട് കോഹ്ലിയുമടങ്ങുന്ന ബാംഗ്ലൂർ ഇത്തവണ ഐപിഎൽ ജേതാക്കളാവാൻ വളരെ സാധ്യതയുള്ള ടീം തന്നെയാണ്. ഡ്യൂപ്ലസ്സിയാണ് നിലവിലെ ബാംഗ്ലൂർ ടീം നായകൻ.