സെമിഫൈനലിൽ ഇന്ത്യൻ ലൈനപ്പിൽ മാറ്റങ്ങളുണ്ടാവും!! അതിനുള്ള കാരണം ഇതാണ് – ദ്രാവിഡ്

   

കഴിഞ്ഞ കുറച്ചുമത്സരങ്ങളിലായി തങ്ങളുടെ ടീമിൽ വളരെ വലിയ രീതിയിലുള്ള മാറ്റങ്ങൾ വരുത്താതെയാണ് ഇന്ത്യ ഇറങ്ങുന്നത്. ദിനേശ് കാർത്തിക്കിന് പകരം സിംമ്പാബ്വെയ്ക്കെതിരെ പന്തിനെ ഉൾപ്പെടുത്തിയതൊഴിച്ചാൽ വളരെയധികം ബാലൻസ്ഡായാണ് ഈ ലോകകപ്പിൽ ഇന്ത്യ കളിച്ചത്. സ്പിന്നർ രവിചന്ദ്രൻ അശ്വിന് പകരം ചാഹലിനെ ഇന്ത്യ ടീമിൽ ഉൾപ്പെടുത്തണമെന്ന പരാമർശങ്ങൾ ഉയർന്നുവന്നിരുന്നുവെങ്കിലും ഇതുവരെ അതിനും ഇന്ത്യ തയ്യാറായിട്ടില്ല. എന്നാൽ സെമിഫൈനലിൽ ഇന്ത്യ വരുത്താൻ ശ്രമിക്കുന്ന മാറ്റങ്ങളെ പറ്റി ടീമിന്റെ ഹെഡ് കോച്ചായ രാഹുൽ ദ്രാവിഡ് സംസാരിക്കുകയുണ്ടായി.

   

ഇന്ത്യയുടെ ഇംഗ്ലണ്ടിനെതിരായ സെമിഫൈനൽ വ്യാഴാഴ്ച അഡ്ലൈഡിലാണ് നടക്കുന്നത്. അവിടുത്തെ സാഹചര്യങ്ങൾക്ക് ഉത്തമമായി തോന്നുന്ന പ്ലേയിംഗ് ഇലവനെയാവും സെമിഫൈനലിൽ ഇറക്കുക എന്നാണ് രാഹുൽ ദ്രാവിഡ് പറയുന്നത്. സാധാരണയായി അഡ്ലൈഡ് പിച്ച് സ്ലോ ബോളർമാർക്ക് വളരെയധികം അനുകൂലമാണ്. ഈ സാഹചര്യത്തിൽ ഇന്ത്യ സ്പിന്നർ ചാഹലിനെ ടീമിൽ ഉൾപ്പെടുത്താൻ സാധ്യതയുണ്ട്. അതോടൊപ്പം പരിചയസമ്പന്നനായ വിക്കറ്റ് കീപ്പർ ദിനേശ് കാർത്തിക്കും സെമിഫൈനലിൽ ഇന്ത്യൻ ടീമിലേക്ക് തിരിച്ചെത്തിയേക്കും.

   

ഇന്ത്യയുടെ സെമിയിലെ ലൈനപ്പ് സാധ്യതകളെപറ്റി കോച്ച് ദ്രാവിഡ് പറഞ്ഞത് ഇങ്ങനെയാണ്. ” സ്‌ക്വാഡിലുള്ള 15 പേരോടും തുറന്ന മനസ്സാണ് ഞങ്ങൾ കാട്ടുന്നത്. സ്കാഡിലെ 15 പേരും വളരെ കഴിവുള്ളവരുമാണ്. ആരും തന്നെ മോശം കളിക്കാരല്ല. എന്നിരുന്നാലും അഡ്ലൈഡിലെ പിച്ചുകണ്ടശേഷമേ ലൈനപ്പ് തീരുമാനിക്കാൻ സാധിക്കൂ. അവിടെ നടന്ന കുറച്ചു മത്സരങ്ങൾ ഞാൻ കണ്ടിരുന്നു. പിച്ച് വളരെ സ്ലോയും കുറച്ച് ടേൺ ലഭിക്കുന്നതുമാണ്. അതിനാൽ തന്നെ പുതിയൊരു തന്ത്രത്തിന്റെ അടിസ്ഥാനത്തിലാവും ഞങ്ങൾ ഇറങ്ങുക. ബംഗ്ലാദേശിനെതിരെ നമ്മൾ അഡ്ലൈഡിൽ കളിച്ചപ്പോൾ സ്പിൻ ലഭിച്ചിരുന്നില്ല. അതൊരു വ്യത്യസ്ത വിക്കറ്റായിരുന്നു. “- രാഹുൽ ദ്രാവിഡ് പറഞ്ഞു.

   

“ഇവിടെ ഇരുന്നുകൊണ്ട് എനിക്കൊന്നും പറയാൻ സാധിക്കില്ല. നമുക്ക് മുൻപിൽ കുറച്ചു ദിവസങ്ങളുണ്ട്. വിക്കറ്റിന്റെ സാഹചര്യങ്ങൾ പൂർണമായും നിരീക്ഷിച്ച ശേഷമേ മറ്റെന്തും പറയാൻ സാധിക്കൂ. എന്തായാലും പിച്ച് സ്ലോ ആയിരിക്കും. അതിനാൽ തന്നെ ആ സാഹചര്യത്തിനനുസരിച്ച് ടീമിൽ മാറ്റങ്ങളുണ്ടാകും.”- ദ്രാവിഡ് കൂട്ടിച്ചേർത്തു.

Leave a Reply

Your email address will not be published. Required fields are marked *