ലോകകപ്പിലെ ഇന്ത്യൻ ടീമിന്റെ പരാജയം അങ്ങേയറ്റം നിരാശാജനകം തന്നെയാണ്. സെമിയിൽ ഇംഗ്ലണ്ടിനോട് 10 വിക്കറ്റിന് പരാജയപ്പെട്ട ഇന്ത്യയുടെ ഇത്തവണത്തെ ലോകകപ്പ് പ്രതീക്ഷകളും അവസാനിച്ചിരിക്കുന്നു. ട്വന്റി20 ലോകകപ്പിന്റെ പ്രാഥമിക സീസണായിരുന്നു ഇന്ത്യ ജേതാക്കളായത്. 2007ൽ എം എസ് ധോണിയുടെ കീഴിൽ ലോകകപ്പ് നേടിയ ഇന്ത്യൻ ടീം യഥാർത്ഥത്തിൽ ലോകക്രിക്കറ്റിനെ തന്നെ അത്ഭുതപ്പെടുത്തുകയായിരുന്നു. എന്നാൽ പിന്നീട് 15 വർഷങ്ങൾക്കിപ്പുറവും ആ ട്രോഫിയിൽ മുത്തമിടാൻ ഇന്ത്യക്ക് സാധിച്ചിട്ടില്ല.
നിലവിൽ ഇന്ത്യയുടെ പ്രശ്നം ധോണിയെ പോലൊരു ക്യാപ്റ്റൻ ഇല്ലാത്തതാണ് എന്ന് പലരും വിലയിരുത്തുകയുണ്ടായി. അതുതന്നെയാണ് മുൻ ഇന്ത്യൻ ഓപ്പണർ ഗൗതം ഗംഭീറിന്റെയും അഭിപ്രായം. ടീമിൽ എത്ര കോഹ്ലിയുണ്ടെങ്കിലും എത്ര രോഹിതുണ്ടെങ്കിലും ധോണിയെ പോലെ ഒരാൾ ഇല്ലാത്തതാണ് പ്രധാനകാര്യം എന്ന് ഗംഭീർ പറയുന്നു. സ്റ്റാർ സ്പോർട്സിന് നൽകിയ അഭിമുഖത്തിലാണ് ഗംഭീർ പ്രതികരണം നടത്തിയത്.
“ചിലർ ടീമിലെത്തുകയും രോഹിത്തിനെക്കാൾ ഡബിൾ സെഞ്ച്വറികൾ നേടുകയും, കോഹ്ലിയെക്കാൾ സെഞ്ചുറി നേടുകയും ചെയ്തേക്കാം. പക്ഷേ ധോണിയെ പോലെ മൂന്ന് ഐസിസി ട്രോഫി നേടാൻ മറ്റൊരു ഇന്ത്യൻ ക്യാപ്റ്റൻ സാധിക്കുമെന്ന് എനിക്ക് തോന്നുന്നില്ല.”- ഗംഭീർ പറഞ്ഞു. 2007ലെ ആദ്യ ട്വന്റി20 ലോകകപ്പിലും, 2011ലെ 50 ഓവർ ലോകകപ്പിലും, 2013ലെ ചാമ്പ്യൻസ് ട്രോഫിയിലും ധോണിയായിരുന്നു ഇന്ത്യൻ ക്യാപ്റ്റൻ. ഈ മൂന്ന് അവസരങ്ങളിലും കിരീടം ഇന്ത്യയിലെത്തിക്കാൻ ധോണിക്ക് സാധിച്ചിട്ടുണ്ട്.
ഇന്ത്യയ്ക്കായി എല്ലാ ഐസിസി ട്രോഫികളും സ്വന്തമാക്കുന്ന ആദ്യ ക്യാപ്റ്റനായിരുന്നു എംഎസ് ധോണി. മാത്രമല്ല നാല് ഐപിഎൽ ട്രോഫികളും ധോണിയുടെ നേതൃത്വത്തിൽ ചെന്നൈ നേടിയിട്ടുണ്ട്. ഇന്ത്യയ്ക്ക് ഈ സമയത്ത് ആവശ്യം ധോണിയെ പോലെ ഒരു ക്യാപ്റ്റനെയാണ് എന്ന കാര്യത്തിൽ യാതൊരു സംശയവുമില്ല.