ലെജൻസ് ലീഗ് ക്രിക്കറ്റ് ടൂർണമെന്റിന് മുന്നോടിയായി നടന്ന പ്രത്യേക മത്സരത്തിൽ വേൾഡ് ജയന്റ്സ് ടീമിനെതിരെ ഇന്ത്യൻ മഹാരാജാസിന് 6 വിക്കറ്റ് വിജയം. വമ്പൻ താരങ്ങൾ പലരും മാറി നിന്ന മത്സരത്തിൽ പേസർ പങ്കജ് സിങ്ങിനെയും ബാറ്റർമാരായ ശ്രീവാസ്തവയുടെയും യൂസഫ് പത്താന്റെയും മികവിലായിരുന്നു ഇന്ത്യൻ മഹാരാജാസ് വിജയം കണ്ടത്.
ഷെയിൻ വാട്സണും ഓയിൻ മോർഗണുമടക്കം പലരും മാറിനിന്ന മത്സരത്തിൽ ടോസ് നേടിയ ഇന്ത്യ ബാറ്റിങ് തെരഞ്ഞെടുക്കുകയായിരുന്നു. കാലാവസ്ഥയുടെ പ്രതികൂലാവസ്ഥയിൽ തുടങ്ങിയ മത്സരത്തിൽ കെവിൻ ഒബ്രയാൻ(52) അടിച്ചുതകർക്കുന്ന കാഴ്ചയാണ് കണ്ടത്. മലയാളി താരം ശ്രീശാന്തിനെ പഞ്ഞിക്കിട്ടു തുടങ്ങിയ ജയൻസ് ബാറ്റർമാരെ പിടിച്ചുകെട്ടാൻ ഇന്ത്യയ്ക്ക് സാധിക്കാതെ വന്നു. എന്നാൽ മസകാട്സയെ(18) പങ്കജ് സിംഗ് വീഴ്ത്തിയതോടെ ഇന്ത്യ മത്സരത്തിലേക്കെത്തി. ശേഷം ഹർഭജൻ സിംഗിന്റെ ഒരു തട്ടുപൊളിപ്പൻ സ്പെൽ കൂടിയായപ്പോൾ വേൾഡ് ജയന്റ്സിന്റെ നടുവൊടിഞ്ഞു.
ഇന്ത്യയ്ക്കായി പേസർ പങ്കജ് സിംഗ് 5 വിക്കറ്റുകളാണ് വീഴ്ത്തിയത്. ഈ മികവിൽ വേർഡ് ജയൻസ് ടീമിനെ 170 റൺസിൽ ഒതുക്കാൻ ഇന്ത്യൻ മഹാരാജാസിന് സാധിച്ചു. മറുപടി ബാറ്റിങ്ങിൽ അത്ര മികച്ച തുടക്കമായിരുന്നില്ല ഇന്ത്യൻ മഹാരാജാസിന് ലഭിച്ചത്. സ്റ്റാർ ഓപണർ വീരേന്ദർ സേവാഗ്(4) ആദ്യമേ കൂടാരം കയറി. എന്നാൽ മൂന്നാമനായി ഇറങ്ങിയ തന്മയ് ശ്രീവാസ്തവ ക്രീസിൽ കുറച്ചു. പാർതിവ് പട്ടേലിന്റെയും(18) മുഹമ്മദ് കൈഫിന്റെയും വിക്കറ്റുകൾ തുടർച്ചയായി നഷ്ടപ്പെട്ടെങ്കിലും യൂസഫ് പത്താൻ ശ്രീവാസ്തവയോടൊപ്പം ക്രീസിൽ പിടിച്ചുനിന്നു.
മത്സരത്തിൽ 39 പന്തുകളിൽ 54 റൺസായിരുന്നു ശ്രീവാസ്തവ നേടിയത്. യൂസഫ് പത്താൻ 35 പന്തുകളിൽ 50 റൺസും. ശ്രീവാസ്തവ പുറത്തായ ശേഷം ക്രീസിലെത്തിയ ഇർഫാൻ പത്താൻ 3 പടുകൂറ്റൻ സിക്സറുകളും പായിച്ചതോടെ ഇന്ത്യൻ മഹാരാജാസ് വിജയം കൊയ്യുകയായിരുന്നു. പങ്കജ് സിംഗാണ് കളിയിലെ താരം. ലെജൻഡ്സ് ലീഗ് ക്രിക്കറ്റ് ഇന്ന് മുതലാണ് ആരംഭിക്കുക.