ഇന്ത്യക്കെതിരായ ആദ്യ ഏകദിനത്തിൽ ബംഗ്ലാദേശിന് തകർപ്പൻ വിജയം. അത്യന്തം ആവേശം നിറഞ്ഞ മത്സരത്തിൽ 1 വിക്കറ്റിനാണ് ബംഗ്ലാദേശ് വിജയം കണ്ടത്. മത്സരത്തിന്റെ നിർണായകസമയത്തിറങ്ങി അവസാന വിക്കറ്റിൽ വമ്പൻ പാർണർഷിപ്പ് കെട്ടിപ്പടുത്ത മെഹദി ഹസനാണ് ബംഗ്ലാദേശിനെ ഇന്ത്യക്കെതിരെ വിജയത്തിൽ എത്തിച്ചത്.
മത്സരത്തിൽ ടോസ് നേടിയ ബംഗ്ലാദേശ് ബോളിങ് തിരഞ്ഞെടുക്കുകയായിരുന്നു. ബോളർമാരെ എല്ലാരീതിയിലും പിന്തുണയ്ക്കുന്ന പിച്ചിൽ ഇന്ത്യയുടെ മുൻനിര തകരുന്നതാണ് കാണാനായത്. ധവാനും കോഹ്ലിയുമൊക്കെ തുടക്കത്തിൽ തന്നെ കൂടാരം കയറി. ശേഷം കെ എൽ രാഹുൽ മാത്രമാണ് ബുദ്ധിമുട്ടേറിയ പിച്ചിൽ ഇന്ത്യക്കായി പിടിച്ചുനിന്നത്. മറുവശത്ത് വിക്കറ്റുകൾ നഷ്ടമാകുമ്പോഴും ഒരു വശത്ത് രാഹുൽ ഉറച്ചുനിന്നു. മത്സരത്തിൽ 70 പന്തുകളിൽ 73 റൺസാണ് രാഹുൽ നേടിയത്. രാഹുലിന്റെ ബലത്തിൽ 186 റൺസായിരുന്നു ഇന്ത്യ നേടിയത്.
മറുപടി ബാറ്റിംഗിൽ ബംഗ്ലാദേശ് ഓപ്പണർ ഷാന്റോയെ പൂജ്യനാക്കി മടക്കിയാണ് ചാഹർ ആരംഭിച്ചത്. പക്ഷേ ക്യാപ്റ്റൻ ലിറ്റൺ ദാസ് ക്രീസിലുറച്ചതോടെ കാര്യങ്ങൾ ഇന്ത്യയുടെ കൈവിട്ടു പോകുന്നതായി തോന്നി. പക്ഷേ വാഷിംഗ്ടൺ സുന്ദറും താക്കൂറും കൃത്യമായ ലൈൻ കണ്ടെത്തിയതോടെ ബംഗ്ലാദേശ് പതറി. നിർണായക സമയത്ത് വിക്കറ്റുകളുമായി മുഹമ്മദ് സിറാജ് തിരിച്ചെത്തിയതോടെ ബംഗ്ലാദേശ് വിറച്ചു. എന്നാൽ അവസാന വിക്കറ്റിൽ മെഹദി ഹസൻ അടിച്ചുതകർത്തതോടെ ഇന്ത്യയുടെ കയ്യിൽ നിന്നും വിജയം അകലേക്ക് പോവുകയായിരുന്നു. മത്സരത്തിൽ 39 പന്തുകളിൽ 38 റൺസാണ് ഹസൻ നേടിയത്.
ഈ വിജയത്തോടെ മൂന്ന് ഏകദിനങ്ങളടങ്ങുന്ന പരമ്പരയിൽ ബംഗ്ലാദേശ് 1-0ന് മുമ്പിൽ എത്തിയിട്ടുണ്ട്. ഡിസംബർ ഏഴിനാണ് ഇന്ത്യയുടെ ബംഗ്ലാദേശിനെതിരായ രണ്ടാം മത്സരം നടക്കുന്നത്. ആ മത്സരവും വിജയിച്ചു പരമ്പര സ്വന്തമാക്കാനാവും ബംഗ്ലാദേശ് ഇനി ശ്രമിക്കുന്നത്.