സൂര്യതാണ്ഡവത്തിന് ഒടുക്കമില്ല!! ഓസ്ട്രേലിയയിലും അവൻ നിറഞ്ഞാടുന്നു!!

   

റൺമെഷീൻ എന്ന വാക്ക് മുൻപ് സച്ചിനെയും വിരാട് കോഹ്ലിയെയും അഭിസംബോധന ചെയ്തായിരുന്നു ഉപയോഗിച്ചിരുന്നത്. എന്നാൽ സച്ചിന്റെ റിട്ടയർമെന്റിനും കോഹ്ലിയുടെ ഫോമില്ലായ്മയ്ക്കും ശേഷം ഈ വാക്ക് അപ്രത്യക്ഷമായി. എന്നാൽ ഈ ഒരു വാക്കിന് താൻ അർഹനാണ് എന്ന് വിളിച്ചോതുന്ന പ്രകടനമാണ് ഇന്ത്യയുടെ സൂര്യകുമാർ യാദവ് കഴിഞ്ഞ കുറച്ചു മത്സരങ്ങളിൽ കാഴ്ചവയ്ക്കുന്നത്. കഴിഞ്ഞ ട്വന്റി20കളിലൊക്കെയും സൂര്യകുമാർ വളരെ സ്ഥിരതയോടെ തന്നെയാണ് കളിക്കുന്നത്. ഇന്ത്യയെ സംബന്ധിച്ച് ഇത് വലിയൊരു കാര്യം തന്നെയാണ്.

   

ഓസ്ട്രേലിയക്കെതിരായ ഇന്ത്യയുടെ സന്നാഹ മത്സരത്തിൽ 32 പന്തുകളിൽ 50 റൺസാണ് സൂര്യകുമാർ നേടിയത്. മത്സരത്തിൽ സൂര്യകുമാർ ആറു ബൗണ്ടറികളും ഒരു സിക്സറും നേടുകയുണ്ടായി. കഴിഞ്ഞ കുറച്ചു മത്സരങ്ങളിലുടനീളം സൂര്യ ഈ ഫോം തുടർന്നിരുന്നു. ഇന്ത്യയുടെ വെസ്റ്റേൺ ഓസ്ട്രേലിയക്കെതിരായ ആദ്യ പരിശീലന മത്സരത്തിൽ 35 പന്തുകളിൽ 52 റൺസ് സൂര്യകുമാർ നേടുകയുണ്ടായി. കഴിഞ്ഞമാസം ഓസ്ട്രേലിയക്കെതിരെ നടന്ന മത്സരത്തിൽ 36 പന്തുകളിൽ 69 റൺസും സൂര്യ നേടി. സോഷ്യൽ മീഡിയയിലടക്കം സൂര്യകുമാറിന്റെ ഈ സ്ഥിരതയാർന്ന പ്രകടനങ്ങൾ ചർച്ച ആയിട്ടുണ്ട്.

   

ഈ ലോകകപ്പിൽ സൂര്യകുമാർ യാദവ് ഇന്ത്യയുടെ പ്രധാന കളിക്കാരനായി മാറും എന്നാണ് പല ടീറ്റുകളും പറയുന്നത്. മാത്രമല്ല പലരും സൂര്യയുടെ ഷോട്ട് റേഞ്ചിനെയും പ്രശംസിക്കുന്നുണ്ട്. ഇത് ഒരു തുടക്കം മാത്രമാണെന്നും ഇന്ത്യക്കായി സൂര്യകുമാർ ലോകകപ്പ് നേടുമെന്നും ആരാധകർ തങ്ങളുടെ സാമൂഹ്യ മാധ്യമ അക്കൗണ്ടുകളിൽ കുറിക്കുന്നു.

   

ഈ വർഷം ട്വന്റി20 മത്സരങ്ങളിൽ ഇന്ത്യക്കായി തട്ടുപൊളിപ്പൻ ബാറ്റിംഗ് പ്രകടനങ്ങൾ തന്നെയാണ് സൂര്യകുമാർ യാദവ് കാഴ്ചവയ്ക്കുന്നത്. ഈ വർഷം കളിച്ച 24 ട്വന്റി20കളിൽ നിന്ന് 851 റൺസ് സൂര്യകുമാർ നേടിയിട്ടുണ്ട്. ഇതിൽ ഒരു സെഞ്ച്വറിയും 7 അർത്ഥ സെഞ്വറികളും ഉൾപ്പെടുന്നു.

Leave a Reply

Your email address will not be published. Required fields are marked *