ഇന്ത്യയുടെ പാക്കിസ്ഥാനെതിരായ തകർപ്പൻ വിജയത്തിന് ശേഷം വികാരഭരിതമായ ഒരുപാട് നിമിഷങ്ങൾ മൈതാനത്തുണ്ടായി. അതിൽ പ്രധാനപ്പെട്ട ഒരു രംഗമായിരുന്നു ഇന്ത്യൻ ക്യാപ്റ്റൻ രോഹിത് ശർമ വിരാട് കോഹ്ലിയെ എടുത്തുയർത്തിയത്. ഇന്ത്യക്കായി അത്ഭുതകരമായ രീതിയിൽ മത്സരം വിജയിച്ച വിരാട് കോഹ്ലിയുടെ മുൻപിൽ തന്റെ ആവേശവും സന്തോഷവും പങ്കുവെക്കുന്ന രോഹിത്തിനെയാണ് കണ്ടത്. രോഹിത്തും വിരാട്ടും തമ്മിലുള്ള ഈ ബന്ധത്തിന്റെ ആഴത്തെക്കുറിച്ചാണ് മുൻ ക്രിക്കറ്റർ വസീം ജാഫർ ഇപ്പോൾ സംസാരിക്കുന്നത്.
മറ്റുപലരും കരുതുന്നതുപോലെ യാതൊരുതര ശീതയുദ്ധങ്ങളും ഇന്ത്യയുടെ ഡ്രസ്സിംഗ് റൂമിലില്ല എന്നാണ് വസീം ജാഫർ പറഞ്ഞുവെക്കുന്നത്. “മത്സരശേഷം ഡ്രസിങ് റൂമിൽ എല്ലാവരും വിരാട് കോഹ്ലിയെ ഉയർത്തിയിട്ടുണ്ടാവും. രോഹിത് മൈതാനത്ത് സന്തോഷത്തോടെ വിരാടിനെ ആലിംഗനം ചെയ്യുകയും ഉയർത്തുകയും ചെയ്തത് നമ്മൾ കണ്ടതാണ്. ചില ആരാധകർ ഇപ്പോഴും കരുതുന്നത് രോഹിത്തും വിരാട്ടും തമ്മിൽ ഒരു ശീതയുദ്ധം നടക്കുന്നുണ്ടെന്നാണ്. എന്നാൽ അങ്ങനെ ഒന്ന് അവർ തമ്മിലില്ല.”- വസീം ജാഫർ പറയുന്നു.
“ഇക്കാരണംകൊണ്ട് തന്നെ രോഹിത്തിന്റെയും കോഹ്ലിയുടെയും ആരാധകർക്ക് വളരെ സന്തോഷം നൽകുന്ന ദൃശ്യമായിരുന്നു മൈതാനത്ത് കണ്ടത്. ദീപാവലിയായതിനാൽ തന്നെ ഇന്ത്യയുടെ ഡ്രസ്സിംഗ് റൂമിലും ടീം ഹോട്ടലിലും അതിന്റെ രീതിയിലുള്ള ആഘോഷങ്ങൾ തന്നെയാണ് ഇന്നലെ വൈകിട്ട് മുതൽ ആരംഭിച്ചിട്ടുള്ളത്.”- ജാഫർ കൂട്ടിച്ചേർക്കുന്നു.
ഇന്ത്യയുടെ ലോകകപ്പിലെ അടുത്ത മത്സരം ഒക്ടോബർ 27നാണ് നടക്കുക. സിഡ്നിയിൽ നടക്കുന്ന മത്സരത്തിൽ നെതർലണ്ട്സാണ് ഇന്ത്യയ്ക്ക് എതിരാളികളാവുക. ഇനിയുള്ള മത്സരങ്ങൾ ജയിച്ച് സെമിഫൈനലിൽ ഇടം കണ്ടെത്താനാവും ഇന്ത്യൻ ടീം ശ്രമിക്കുക.