ഏഷ്യാക്കപ്പിൽ പാക്കിസ്ഥാനെ തുരത്തി ചരിത്രം കുറിച്ച് തായ്‌ലൻഡ് ലോകക്രിക്കറ്റിനെ ഞെട്ടിച്ച തായ്‌ലൻഡ് വിപ്ലവം

   

വനിതാ ഏഷ്യാകപ്പിന്റെ 2022 എഡിഷനിൽ അട്ടിമറി വിജയവുമായി തായ്‌ലൻഡ് പെൺപട. ഗ്രൂപ്പ് സ്റ്റേജ് മത്സരത്തിൽ കരുത്തരായ പാകിസ്ഥാൻ വനിതകളെയാണ് തായ്‌ലൻഡ് അട്ടിമറിച്ചത്. അത്യന്തം ആവേശം അലതല്ലിയ മത്സരത്തിൽ നാലു വിക്കറ്റുകൾക്കാണ് തായ്‌ലൻഡ് വിജയം നേടിയത്. ക്രിക്കറ്റ് ചരിത്രത്തിലാദ്യമായാണ് തായ്‌ലൻഡ് പാകിസ്ഥാൻ ടീമിനെ പരാജയപ്പെടുത്തുന്നത്. എന്തായാലും തായ്‌ലൻഡ് ക്രിക്കറ്റ് ചരിത്രത്തിലെ ഒരു സുവർണ്ണ ദിനമാണിത്.

   

മത്സരത്തിലേക്ക് കടന്നുചെന്നാൽ ടോസ് നേടിയ പാകിസ്ഥാൻ ബാറ്റിംഗ് തെരഞ്ഞെടുക്കുകയായിരുന്നു. എന്നാൽ ഒരു ട്വന്റി20 മത്സരത്തിന്റെ ആവേശം പാക്കിസ്ഥാൻ ബാറ്റർമാരിൽ നിന്നുണ്ടായില്ല. മുൻനിര ബാറ്റർമാർ വളരെയധികം പന്തുകൾ അനാവശ്യമായി നഷ്ടമാക്കിയത് പാകിസ്ഥാനെ ബാധിച്ചു. ഓപ്പണർ ആമീൻ 56 റൺസ് നേടിയെങ്കിലും 64 പന്തുകൾ നേരിട്ടു. നിഡാ ദാർ 22 പന്തുകളിൽ നേടിയത് 12 റൺസാണ്. മറുവശത്ത് തകർപ്പൻ ബോളിംഗ് പ്രകടനം തന്നെയായിരുന്നു തായ്‌ലൻഡ് ടീം കാഴ്ചവെച്ചത്. ഇതിന്റെ ബലത്തിൽ നിശ്ചിത 20 ഓവറിൽ പാകിസ്ഥാനെ 116 എന്ന ചെറിയ സ്കോറിൽ ഒതുക്കാൻ തായ്‌ലൻഡിന് സാധിച്ചു.

   

മറുപടി ബാറ്റിങ്ങിൽ ഓപ്പണർ ചന്തം (61) തായ്‌ലൻഡിനായി കൂടാരം തീർത്തു. മറുവശത്ത് വിക്കറ്റുകൾ നഷ്ടപ്പെട്ടപ്പോഴും ചന്തം ഒരുവശത്ത് ഉറച്ചുനിന്നു. മറ്റു ബാറ്റർമാരൊന്നും തായ്‌ലൻഡ് നിരയിൽ മികച്ച പ്രകടനങ്ങൾ കാഴ്ചവെച്ചില്ലെങ്കിലും ചന്തം കൃത്യമായ സമയങ്ങളിൽ ബൗണ്ടറികൾ നേടി പാകിസ്താനെ വിറപ്പിച്ചു.

   

എന്നിരുന്നാലും അവസാനഓവറുകളിൽ കൃത്യമായി വിക്കറ്റുകൾ വീഴ്ത്തി പാകിസ്ഥാൻ ബോളർമാർ വിജയത്തിന് അടുത്തെത്തി. അവസാന ഓവറിൽ 10 റൺസായിരുന്നു തായ്‌ലൻഡിന് ജയിക്കാൻ വേണ്ടിയിരുന്നത്. എന്നാൽ അഞ്ച് പന്തുകളിൽ തന്നെ തായ്‌ലൻഡ് ലക്ഷ്യം മറികടന്നു. എന്തായാലും പാകിസ്ഥാനേറ്റ കനത്ത തിരിച്ചടി തന്നെയാണ് ഈ പരാജയം. മറുവശത്ത് തായ്‌ലൻഡ് എന്ന ടീമിന് ഒരിക്കലും മറക്കാനാവാത്ത ഒരു മത്സരവും.

Leave a Reply

Your email address will not be published. Required fields are marked *