നിലവിൽ ഐസിസിയുടെ ട്വന്റി20 ബാറ്റർമാരുടെ റാങ്കിങ്ങിൽ ഒന്നാം സ്ഥാനത്ത് ഇന്ത്യൻ ബാറ്റർ സൂര്യകുമാർ യാദവാണുള്ളത്. പാക്കിസ്ഥാന്റെ മുഹമ്മദ് റിസ്വാനെ പിന്തള്ളിയായിരുന്നു സൂര്യകുമാർ റാങ്കിങ്ങിൽ ഒന്നാം സ്ഥാനത്ത് എത്തിയത്. ഈ വർഷം ഇന്ത്യക്കായി മികച്ച ബാറ്റിംഗ് പ്രകടനങ്ങൾ കാഴ്ചവെച്ച സൂര്യകുമാർ യാദവ് ഒന്നാം സ്ഥാനത്ത് തുടരുന്നതിന്റെ വെല്ലുവിളികളെകുറിച്ച് സംസാരിക്കുകയുണ്ടായി. വലിയ രീതിയിലുള്ള കഠിനപ്രയത്നത്തിന്റെ ഫലമായിയാണ് ട്വന്റി20 ബാറ്റിംഗ് റാങ്കിങ്ങിൽ താൻ ഒന്നാം സ്ഥാനത്തെത്തിയത് എന്ന് സൂര്യകുമാർ പറയുന്നു.
“റാങ്കിങ്ങിൽ ഒന്നാം സ്ഥാനത്തെത്തിയതിൽ എനിക്ക് അതിയായ സന്തോഷമുണ്ട്. വളരെയധികം കഠിനമായി ഞാൻ പ്രയത്നിച്ചു. ഒന്നാം നമ്പറിൽ എത്തുക എന്നത് വളരെയേറെ ബുദ്ധിമുട്ടുള്ള കാര്യമാണ്. എനിക്ക് തോന്നുന്നു ഇവിടെ തുടരുന്നത് അതിലും ബുദ്ധിമുട്ടുള്ള കാര്യമാണെന്ന്. ഇതൊരു വെല്ലുവിളി തന്നെയാണ്. എന്നിരുന്നാലും ഞാൻ എന്റെ പരമാവധി പരിശ്രമിക്കും.”- സൂര്യകുമാർ പറഞ്ഞു.
ഇതിനോടൊപ്പം തന്റെ മികച്ച പ്രകടനത്തിൽ ടീം മാനേജ്മെന്റ് വഹിച്ച പങ്കിനെക്കുറിച്ചും സൂര്യകുമാർ യാദവ് പറയുകയുണ്ടായി. “ഏതൊരു കളിക്കാരനെ സംബന്ധിച്ചും തങ്ങളുടെ ടീം മാനേജ്മെന്റ് നൽകുന്ന സ്വാതന്ത്ര്യം വളരെ വിലപ്പെട്ടതാണ്. എന്നെ സംബന്ധിച്ച് ഞാൻ ബാറ്റുചെയ്യുന്ന പൊസിഷൻ വളരെ സമ്മർദ്ദമേറിയതാണ്. അതിനാൽ അവരുടെ പിന്തുണ അത്യാവശ്യമാണ്.”- സൂര്യകുമാർ പറയുന്നു.
“ടീം മാനേജ്മെന്റ് എന്നെ സമീപിച്ച രീതിയിൽ സന്തോഷമുണ്ട്. ഭയപ്പാടില്ലാതെ കളിക്കാൻ അവർ എനിക്ക് പച്ച സിഗ്നൽ നൽകിയിരുന്നു. ഇന്ത്യക്കായി നടത്തിയ പ്രകടനങ്ങളോക്കെയും ഞാൻ ആസ്വദിച്ചിട്ടുണ്ട്. ഈ സമീപനത്തോടെ കളിക്കുമ്പോൾ 10ൽ 7 തവണയും ഞാൻ വിജയം കാണുന്നുണ്ട്. അങ്ങനെ വരുമ്പോൾ ആ വഴി തന്നെയല്ലേ തിരഞ്ഞെടുക്കേണ്ടത്.”- സൂര്യകുമാർ പറഞ്ഞുവെക്കുന്നു. ഇന്ത്യയെ സംബന്ധിച്ച് ഈ ലോകകപ്പിലെ ഒരു പ്രധാന കളിക്കാരൻ തന്നെയാണ് സൂര്യകുമാർ യാദവ്.