ക്രിക്കറ്റ് ഒരു വികാരമായി മാറിയ കാലമാണ് കടന്നുപോകുന്നത്. ദിവസേന ഒരുപാട് ക്രിക്കറ്റർമാർ വന്നുപോകുന്നു. ചിലരെ ലോകം ഓർത്തിരിക്കും. ചിലരെ മറക്കും. എന്നാൽ ക്രിക്കറ്റ് ആരാധകർ ഒരിക്കലും മറക്കാൻ സാധ്യതയില്ലാത്ത ഒരു ഓസ്ട്രേലിയൻ ഇടങ്കയ്യൻ ബാറ്ററുണ്ട്. ക്രിക്കറ്റ് സ്വപ്നങ്ങളിൽ വളർന്ന, ക്രിക്കറ്റിനായി പരിശ്രമിച്ച, ക്രിക്കറ്റ് ഗ്രൗണ്ടിൽ ജീവൻ വെടിഞ്ഞ ഒരു പയ്യൻ. ഫിലിപ് ഹ്യൂസ് എന്നും ക്രിക്കറ്റ് ലോകത്തിന് ഒരു നൊമ്പരം തന്നെയാണ്.
1988ൽ ഓസ്ട്രേലിയയിലെ സിഡ്നിയിലായിരുന്നു ഹ്യൂസ് ജനിച്ചത്. പന്ത്രണ്ടാം വയസ്സിൽ തന്നെ ക്ലബ്ബ് ക്രിക്കറ്റിൽ ഹ്യൂസ് കളിച്ചുതുടങ്ങി. അങ്ങനെ ക്ലബ്ബ് ക്രിക്കറ്റിലെ മികച്ച പ്രകടനങ്ങൾ ഹ്യൂസിന് ചവിട്ടുപടിയായി. 2008ലായിരുന്നു ഹ്യൂസ് ആദ്യമായി ഓസ്ട്രേലിയയെ പ്രതിനിധീകരിച്ചത്. അന്ന് ഓസ്ട്രേലിയയുടെ അണ്ടർ19 ടീമിലെ പ്രധാന സാന്നിദ്ധ്യമായിരുന്നു ഹ്യൂസ്. അങ്ങനെ 2009ൽ ഹ്യൂസിന് ആദ്യമായി ഓസ്ട്രേലിയൻ ദേശീയ ടീമിലേക്ക് വിളിവന്നു.
ഹ്യൂസിന്റെ ബാറ്റിങ് ശൈലി എന്തുകൊണ്ടും ഒരു ടെസ്റ്റ് ക്രിക്കറ്റർക്ക് യോജിച്ചതായിരുന്നു. ശരീരഭാഗങ്ങൾ പരമാവധി ഉപയോഗിക്കുന്ന ഒരു പ്രകൃതം ഹ്യൂസിനെ മറ്റുള്ള ബാറ്റർമാരിൽ നിന്ന് വ്യത്യസ്തനാക്കി. ഓസ്ട്രേലിയൻ ടീമിൽ കളിച്ച രണ്ടാം മത്സരത്തിൽ തന്നെ ഹ്യൂസ് തന്റെ കന്നി സെഞ്ച്വറി നേടി. അങ്ങനെ ഹ്യൂസ് ഓസ്ട്രേലിയൻ ടെസ്റ്റ് ടീമിന്റെ നിറസാന്നിധ്യമായി. 2014 നവംബർ 25നാണ് ഓസ്ട്രേലിയൻ ആഭ്യന്തര മത്സരത്തിനിടെ ഹ്യൂസിന്റെ കഴുത്തിൽ ഒരു ബൗൺസർ കൊണ്ടത്.
ഉടൻ തന്നെ ആശുപത്രിയിൽ എത്തിച്ചെങ്കിലും ഹ്യൂസിനെ രക്ഷിക്കാൻ ഡോക്ടർമാർക്ക് സാധിച്ചില്ല. ക്രിക്കറ്റ് ബോൾ കൊണ്ട് ഇത്ര മാരകമായ ഒരു മുറിവ് നേരത്തെ ഉണ്ടായിട്ടില്ല എന്നായിരുന്നു ഡോക്ടർമാർ പറഞ്ഞത്. അങ്ങനെ തന്റെ 26ആം പിറന്നാളിന് മൂന്നു ദിവസങ്ങൾക്കു മുമ്പ് ഫിലിപ് ഹ്യൂസ് മരണമടഞ്ഞു. ഹ്യൂസിന്റെ ഏറ്റവും വലിയ സ്വപ്നമായിരുന്നു ഓസ്ട്രേലിയൻ ടീമിൽ കളിക്കുക എന്നത്. ഓസ്ട്രേലിയക്കായി കരിയറിൽ 26 ടെസ്റ്റുകളിൽ നിന്ന് 1535 റൺസും 25 ഏകദിനങ്ങളിൽ നിന്ന് 826 റൺസും ഹ്യൂസ് നേടി. എന്തായാലും ക്രിക്കറ്റ് ലോകം ഒരിക്കലും മറക്കാത്ത ഒരാളാണ് ഫിലിപ്പ് ഹ്യൂസ്.