2023 ലേക്കുള്ള ഐപിഎൽ ലേലത്തിന് ആവേശോജ്ജ്വലമായ തുടക്കം. 10 ടീമുകളും തങ്ങളുടെ ആവശ്യ കളിക്കാർക്കായി പോരാടുമ്പോൾ ആവേശം അണപൊട്ടുകയാണ്. ന്യൂസിലാൻഡ് നായകൻ കെയിൻ വില്യംസണായിരുന്നു ലേലത്തിൽ ആദ്യം അവതരിച്ച കളിക്കാരൻ. വില്യംസണെ രണ്ടുകോടി രൂപയ്ക്ക് ഗുജറാത്ത് സ്വന്തമാക്കി. ശേഷം ഇംഗ്ലണ്ട് താരം ഹാരി ബ്രുക്കിനായി പല ടീമുകളും രംഗത്തുവന്നു. 13.25 കോടി രൂപയ്ക്കാണ് താരം ഹൈദരാബാദ് ടീമിലേക്ക് ചേക്കേറിയത്.
എട്ടു കോടി രൂപയ്ക്ക് മായങ്ക് അഗർവാൾ കൂടി ടീമിലെത്തിയതോടെ ഹൈദരാബാദ് തങ്ങളുടെ വലിയൊരു തുക ലേലത്തിനായി ചിലവാക്കി. എന്നാൽ ഇംഗ്ലണ്ട് ബാറ്റർ ജോ റൂട്ട് ലേലത്തിന്റെ ആദ്യ റൗണ്ടിൽ അൺസോഡായത് അത്ഭുതമായിരുന്നു. ശേഷം ഓൾറൗണ്ടർമാരുടെ നിരയിൽ എത്തിയപ്പോഴാണ് റെക്കോർഡുകൾ തകർക്കപ്പെടാൻ തുടങ്ങിയത്. ഇംഗ്ലീഷ് ഓൾറൗണ്ടർ സാം കരനെ 18.5 കോടി എന്ന റെക്കോർഡ് തുകയ്ക്കാണ് പഞ്ചാബ് ടീം സ്വന്തമാക്കിയത്. ഐപിഎല്ലിൽ ഇത് ചരിത്രമാണ്.
ശേഷം ജയ്സൺ ഹോൾഡറെ രാജസ്ഥാൻ തങ്ങളുടെ ടീമിലെത്തിച്ചു. പിന്നീട് വലിയ മത്സരം നടന്നത് ഓസ്ട്രേലിയൻ ഓൾറൗണ്ടർ ക്യാമറോൺ ഗ്രീനിന് വേണ്ടിയായിരുന്നു. മുംബൈയും ഡൽഹിയും കൃത്യമായി കാമറോണിന് വേണ്ടി രംഗത്തുവന്നു. വലിയ യുദ്ധത്തിനൊടുവിൽ 17.5 കോടി രൂപയ്ക്കാണ് മുംബൈ ക്യാമറോണേ സ്വന്തമാക്കിയത്.
ഐപിഎല്ലിന് മുൻപ് തന്നെ വമ്പൻമാരുടെ പട്ടികയിലെത്തിയ താരമാണ് ഇംഗ്ലണ്ട് ഓൾറൗണ്ടർ ബെൻ സ്റ്റോക്സ്. സ്റ്റോക്സിന് വേണ്ടിയും വലിയ ലേലം തന്നെ നടന്നു. ഒടുവിൽ ചെന്നൈ സൂപ്പർ കിംഗ്സ് സ്റ്റോക്കിനെ 16.25 കോടി രൂപയ്ക്ക് ടീമിൽ എത്തിക്കുകയായിരുന്നു. ഇതുവരെ വലിയ തുകകളാണ് ടീമുകൾ മുടക്കിയിട്ടുള്ളത്. വരും മണിക്കൂറുകളിലും വലിയ യുദ്ധം തന്നെ നടക്കുമെന്നാണ് പ്രതീക്ഷ