ഇന്ത്യയുടെ ഏഷ്യാകപ്പിലെ നിരാശാജനകമായ പ്രകടനത്തെക്കുറിച്ച് പല മുൻ ക്രിക്കറ്റർമാരും സംസാരിക്കുകയുണ്ടായി. പലരും ടീം സെലക്ഷനെയും കൂടാതെ കളിക്കാരുടെ നിർണായക സമയങ്ങളിലെ മോശം പ്രകടനങ്ങളെയുമായിരുന്നു എടുത്തുകാട്ടിയത്. എന്നാൽ ഇതിൽ നിന്ന് കുറച്ച് വ്യത്യസ്തമായ നിലപാടാണ് ഇന്ത്യയുടെ മുൻ പേസ് ബോളർ ആർ പി സിങ്ങിന്റേത്. ഏഷ്യാകപ്പിലെ പരാജയത്തിന് ഇന്ത്യൻ ടീം തന്നെയാണ് കാരണക്കാർ എന്നാണ് ആർ പി സിംഗ് പറഞ്ഞുവയ്ക്കുന്നത്.
ടൂർണ്ണമെന്റിൽ ഇന്ത്യൻ ടീമിൽ വരുത്തിയ ഒരുപാട് മാറ്റങ്ങളാണ് ഇന്ത്യയ്ക്ക് വിനയായത് എന്നാണ് ആർ പി സിങ് പറഞ്ഞുവയ്ക്കുന്നത്. കൂടുതൽ പരീക്ഷണങ്ങൾ ഇന്ത്യയ്ക്ക് ഇനിയും പ്രശ്നങ്ങളുണ്ടാക്കുമെന്ന സൂചനയും ആർ പി സിംഗ് നൽകുന്നു. “ഒരുപാട് പരീക്ഷണങ്ങൾ നടത്തണമെങ്കിൽ നമുക്ക് ഇന്ത്യ എ ലെവലിലോ ഐപിഎല്ലിലോ ആഭ്യന്തര മത്സരങ്ങളിലോ നടത്താം. എന്നാൽ ഇന്ത്യൻ ദേശീയ ടീമിൽ ഇത്രയും പരീക്ഷണങ്ങൾ നടത്താൻ പാടില്ല. ഇത് രാഹുൽ ദ്രാവിഡിന്റെ കീഴിൽ തുടങ്ങിയ പ്രശ്നമല്ല.
കഴിഞ്ഞ 5-6 വർഷങ്ങളിലെ കണക്കെടുത്താൽ ഇന്ത്യയെ പിന്നിലേക്ക് കൊണ്ടുപോയത് അധികമായ ഇത്തരം പരീക്ഷണങ്ങളാണ്.”- ആർ പി സിങ് പറയുന്നു. കൂടാതെ ഇങ്ങനെ നിരന്തരം ടീമിൽ മാറ്റങ്ങളുണ്ടാകുന്നത് കളിക്കാർക്കിടയിൽ പ്രശ്നങ്ങൾ ഉണ്ടാക്കുമെന്നും ടീമിന്റെ സന്തുലിതാവസ്ഥ ഇല്ലാതാക്കുമെന്നും ആർ പി സിങ് പറയുന്നു. “ഇന്ത്യൻ ടീമിന്റെ നിലവാരത്തെ സംബന്ധിച്ച് യാതൊരു സംശയവുമില്ല. എന്നാൽ അവരുടെ ടീം മാനേജ്മെന്റ് ആണ് പ്രശ്നം.”- ആർ പി സിംഗ് കൂട്ടിച്ചേർക്കുന്നു.
“എല്ലാ കളിക്കാരും അവരുടെ സ്വതസിദ്ധമായ ശൈലിയിൽ കളിക്കാൻ ആഗ്രഹിക്കുന്നവരാണ്. എപ്പോഴും സിറ്റുവേഷനനുസരിച്ച് മാറ്റങ്ങൾ വരുത്താൻ അവർക്ക് ആഗ്രഹമില്ല. അതിനാൽതന്നെ അവരുടെ കഴിവുകൾ മികച്ച പ്രകടനങ്ങളാക്കി മാറ്റേണ്ടത് അത്യാവശ്യമാണ്. അതാണ് ഇന്ത്യ ഇപ്പോൾ ചെയ്യാൻ ശ്രമിക്കേണ്ടത്.”- ആർ പി സിംഗ് പറഞ്ഞുവയ്ക്കുന്നു.