നാണംകെട്ട റെക്കോർഡ് ഇനി കോഹ്ലിയ്ക്ക് 2016നേക്കാളും മോശം

   

ഇന്ത്യയുടെ ശ്രീലങ്കയ്ക്കെതിരായ മത്സരത്തിൽ നിരാശാജനകമായ ബാറ്റിംഗ് പ്രകടനമായിരുന്നു ഇന്ത്യൻ ഓപ്പണർ ബാറ്റർമാരിൽ നിന്നുണ്ടായത്. രോഹിത് ശർമയെ ഒഴിച്ചുനിർത്തി കഴിഞ്ഞാൽ കെ എൽ രാഹുലും വിരാട് കോഹ്ലിയും മത്സരത്തിൽ പൂർണമായും പരാജയപ്പെടുകയായിരുന്നു. രാഹുൽ മത്സരത്തിൽ 6 റൺസ് നേടിയപ്പോൾ കോഹ്‌ലി പൂജ്യനായാണ് മടങ്ങിയത്. ദിൽഷൻ മധുശങ്കയുടെ ബോളിൽ വിരാട് കോഹ്‌ലിയുടെ കുറ്റിതെറിക്കുകയായിരുന്നു.

   

4 പന്തുകൾ മാത്രമാണ് കോഹ്ലി ശ്രീലങ്കയ്ക്കെതിരെ നേരിട്ടത്. ഇതിൽ നിന്ന് ഒരു റൺ പോലും നേടാൻ കോഹ്‌ലിക്ക് സാധിച്ചില്ല. ശ്രീലങ്കയ്ക്കെതിരെ പൂജ്യത്തിന് പുറത്തായതോടെ മറ്റൊരു മോശം റെക്കോർഡ് കൂടി കോഹ്‌ലിയെ തേടിയെത്തിയിട്ടുണ്ട്. ട്വന്റി20യിൽ ഈ വർഷത്തെ നാലാമത്തെ ഡക്കാണിത്. അന്താരാഷ്ട്ര മത്സരങ്ങളും ഐപിഎല്ലും കൂട്ടുമ്പോൾ നാലുതവണ കോഹ്ലി ഈ വർഷം ഡക്കായിട്ടുണ്ട്. മുമ്പ് 2014ൽ കോഹ്ലി t20 ക്രിക്കറ്റിൽ മൂന്നുതവണ പൂജ്യനായി മടങ്ങിയിരുന്നു. ഈ മോശം റെക്കോർഡാണ് കോഹ്ലി 2022ൽ മറികടന്നിരിക്കുന്നത്.

   

മത്സരത്തിലേക്ക് കടന്നുവന്നാൽ ടോസ് നേടിയ ശ്രീലങ്ക ഇന്ത്യയെ ബാറ്റിങിന് അയക്കുകയായിരുന്നു. പാകിസ്ഥാനെതിരെ കളിച്ച പിച്ചിൽ നിന്ന് വ്യത്യസ്തമായ ഒന്നാണ് മത്സരത്തിൽ കണ്ടത്. ആദ്യമേ ഇന്ത്യയ്ക്ക് രാഹുലിനെയും കോഹ്ലിയെയും നഷ്ടമായത് തിരിച്ചടിയായി. എന്നാൽ ക്യാപ്റ്റൻ രോഹിത് ശർമയും സൂര്യകുമാർ യാദവും ഇന്ത്യയെ കരകയറ്റി. 41 പന്തുകളിൽ 72 റൺസാണ് രോഹിത് മത്സരത്തിൽ നേടിയത്. എന്നാൽ ഇരുവരും കൂടാരം കയറിയശേഷം ഇന്ത്യൻ മധ്യനിരയുടെ പതനമാണ് കണ്ടത്. നിശ്ചിത 20 ഓവറുകളിൽ 173 റൺസ് നേടാനെ ഇന്ത്യയ്ക്ക് സാധിച്ചിരുന്നുള്ളൂ.

   

മറുപടി ബാറ്റിങ്ങിൽ ഒരുഗ്രൻ തുടക്കമായിരുന്നു നിസ്സംഗയും(52) മെൻഡിസും(57) ചേർന്ന് ശ്രീലങ്കയ്ക്ക് നൽകിയത്. ഇരുവരും ഇന്ത്യൻ ബൗളർമാരെ അടിച്ചുതൂക്കിയതോടെ ഇന്ത്യ സമ്മർദത്തിലായി. എന്നാൽ യുസ്‌വേന്ദ്ര ചാഹലും അശ്വിനും ചേർന്ന് ഒരു സമയത്ത് ഇന്ത്യയെ മത്സരത്തിലേക്ക് തിരിച്ചുകൊണ്ടുവന്നു. പിന്നീട് രജപക്ഷയും ഷാനകയും ചേർന്ന് ശ്രീലങ്കയെ കരയ്ക്കടുപ്പിക്കുകയായിരുന്നു.

Leave a Reply

Your email address will not be published. Required fields are marked *