ഇന്ത്യയുടെ നായകനായി ചുമതലയറ്റത്തിനുശേഷം വളരെയധികം മികച്ച റെക്കോർഡാണ് രോഹിത് ശർമ്മയ്ക്ക് ഉള്ളത്. 2022ൽ രോഹിത് ഇതുവരെ നായകനെന്ന നിലയിൽ ഇന്ത്യയെ 22 മത്സരങ്ങളിൽ വിജയിപ്പിച്ചിട്ടുണ്ട്. എന്നാൽ രോഹിത് എന്ന നായകന്റെ കരിയറിലെ ഏറ്റവും വലിയ മത്സരമാണ് ഇംഗ്ലണ്ടിനെതിരായ ഇന്ത്യയുടെ സെമി ഫൈനൽ എന്നാണ് മുൻ ഇന്ത്യൻ താരം മുഹമ്മദ് കൈഫ് പറയുന്നത്. രോഹിത്തിനെ സംബന്ധിച്ച് തന്റെ കഴിവ് വീണ്ടും തെളിയിക്കാനുള്ള അവസരമാണ് ഇതെന്നും കൈഫ് പറയുന്നു.
“എന്റെ അഭിപ്രായത്തിൽ രോഹിത് മികച്ച ഒരു കളിക്കാരൻ തന്നെയാണ്. എന്നാൽ അടുത്ത രണ്ടു മത്സരങ്ങളും രോഹിതിന്റെ കരിയറിലെ തന്നെ ഏറ്റവും നിർണായകമായ മത്സരങ്ങളാണ്. അടുത്ത മത്സരമാണ് ഇതിൽ ഏറ്റവും വലുത്. ഇന്ത്യയുടെ നായകസ്ഥാനം ഏറ്റെടുത്തതിനുശേഷം ട്വന്റി20 ക്രിക്കറ്റിൽ മികച്ച റെക്കോർഡാണ് രോഹിതിനുള്ളത്. നായകനെന്ന നിലയ്ക്ക് ഒരു വലിയ ഇമ്പാക്ട് ഉണ്ടാക്കിയെടുക്കാൻ രോഹിത്തിന് സാധിച്ചു. ഇതിനാൽതന്നെ ഇംഗ്ലണ്ടിനെതിരായ ഇന്ത്യയുടെ മത്സരം വളരെ നിർണായകമാണ്.”- മുഹമ്മദ് കൈഫ് പറഞ്ഞു.
ഇതോടൊപ്പം സെമിഫൈനലിൽ ഇംഗ്ലണ്ടിനെതിരെ രോഹിത് റൺസ് കണ്ടെത്തുമെന്ന് മുഹമ്മദ് കൈഫ് പ്രതീക്ഷിക്കുന്നു. “ഇതുവരെ ഈ ലോകകപ്പിൽ ബാറ്റിംഗിൽ വലിയ രീതിയിൽ മികവു കാട്ടാൻ രോഹിത്തിന് സാധിച്ചിട്ടില്ല. എന്നിരുന്നാലും വലിയ മത്സരങ്ങളിലെ കളിക്കാരനാണ് രോഹിത്. ഇംഗ്ലണ്ടിനെതിരെ ബാറ്റുചെയ്യാൻ രോഹിത്തിന് വലിയ ഇഷ്ടമാണ്. സെമിഫൈനലിൽ അയാൾ വലിയൊരു ഇന്നിംഗ്സ് കെട്ടിപ്പെടുത്താലും അത്ഭുതപ്പെടാനില്ല. സമ്മർദ്ദമേറിയ സാഹചര്യങ്ങളിൽ മാച്ച് വിന്നിങ് ഇന്നിങ്സുകൾ കളിക്കാനുള്ള എക്സ് ഫാക്ടർ രോഹിത്തിനുണ്ട്.”- മുഹമ്മദ് കൈഫ് കൂട്ടിച്ചേർക്കുന്നു.
നവംബർ 10നാണ് ഇന്ത്യയുടെ ഇംഗ്ലണ്ടിനെതിരായ സെമിഫൈനൽ നടക്കുന്നത്. അഡ്ലൈഡ് ഓവലിലാണ് മത്സരം. ഉച്ചയ്ക്ക് 12.30ന് മത്സരം ആരംഭിക്കും. മത്സരത്തിൽ വിജയിച്ചാൽ ഇന്ത്യയ്ക്ക് ഫൈനലിലേക്ക് ടിക്കറ്റ് ലഭിക്കും.