ഇന്ത്യയുടെ ബംഗ്ലാദേശിനെതിരായ മത്സരത്തിൽ കുറച്ചധികം വിവാദങ്ങൾ സൃഷ്ടിച്ച ഒന്നായിരുന്നു നോബോൾ പ്രശ്നം. മത്സരത്തിൽ ഇന്ത്യൻ ഇന്നിങ്സിലെ പതിനാറാം ഓവറിലായിരുന്നു സംഭവം അരങ്ങേറിയത്. ഹസൻ മഹമൂദ് എറിഞ്ഞ ഓവറിലെ അവസാന പന്ത് വിരാട് കോഹ്ലിയുടെ തോളിനു മുകളിലൂടെയായിരുന്നു വന്നത്. ശേഷം വിരാട്ട് അമ്പയറോട് നോബോൾ നൽകാൻ അപ്പീൽ ചെയ്തു. ഓവറിലെ രണ്ടാമത്തെ ബൗൺസർ ആയതിനാൽ തന്നെ അമ്പയർ അത് നോബോൾ വിളിച്ചു. എന്നാൽ വിരാട് കോഹ്ലിയുടെ നിർദ്ദേശപ്രകാരമാണ് അമ്പയർ നോബോൾ വിളിച്ചത് എന്ന രീതിയിൽ ബംഗ്ലാദേശ് കളിക്കാർ രംഗത്ത് വരികയുണ്ടായി. ഇതിനെതിരെ മറുപടിയുമായി എത്തിയിരിക്കുകയാണ് മുൻ പാക്ക് താരം ഡാനിഷ് കനേറിയ.
വിരാട് ചോദിച്ചതിനാലാണ് അമ്പയർ അത് നോബോൾ വിളിച്ചത് എന്ന ആരാധകരുടെ പ്രസ്താവനയ്ക്കാണ് ഡാനിഷ് കനേറിയ മറുപടി നൽകിയത്. “ഒരുപാട് ആളുകൾ വിചാരിക്കുന്നത് വിരാട് ചോദിച്ചതിനാലാണ് അമ്പയർ അത് നോബോൾ നൽകിയത് എന്നാണ്. ഇന്ത്യ-പാകിസ്ഥാൻ മത്സരത്തിലും ഇത്തരമൊരു സംഭവം അരങ്ങേറിയിരുന്നു. അന്നും ഇതേ അമ്പയർ തന്നെയായിരുന്നു നോബോൾ വിധിച്ചത്.”- കനേറിയ പറയുന്നു.
“ബംഗ്ലാദേശിനെതിരായ മത്സരത്തിലെ ഈ സംഭവത്തെക്കുറിച്ച് ഒരുപാട് ചർച്ചകൾ ഉണ്ടായിട്ടുണ്ട്. പക്ഷേ നിങ്ങൾ ശ്രദ്ധിച്ചാൽ മനസ്സിലാവും അത് ഓവറിലെ രണ്ടാമത്തെ ബൗൺസറായിരുന്നു. അതിനാൽതന്നെ അത് നോബോളുമാണ്. ചില സമയങ്ങളിൽ ആദ്യ ബൗൺസർ വിളിച്ചത് അമ്പയർമാർ മറക്കാൻ സാധ്യതയുണ്ട്. അതിനാൽതന്നെ ഇത് രണ്ടാമത്തെതാണെന്ന് വിരാട് ഓർമിപ്പിക്കുകയാണ് ചെയ്തത്. ഇതിനെപ്പറ്റി പറഞ്ഞുള്ള കരച്ചിൽ നിർത്താൻ സമയമായി.”- കനേറിയ കൂട്ടിച്ചേർക്കുന്നു.
2022 ലോകകപ്പിലെ തന്റെ മൂന്നാം അർദ്ധസെഞ്ചുറിയായിരുന്നു വിരാട് കോഹ്ലി ബംഗ്ലാദേശിനെതിരെ നേടിയത്. മത്സരത്തിൽ 44 പന്തുകളിൽ വിരാട് 64 റൺസ് നേടുകയുണ്ടായി. സിംബാബ്വെക്കെതിരെയാണ് സൂപ്പർ പന്ത്രണ്ടിലെ ഇന്ത്യയുടെ അവസാന മത്സരം നടക്കുന്നത്.