2022ലെ ലോകകപ്പിൽ നിന്നുണ്ടായ അവിചാരിതമായ പുറത്താകൽ ഇന്ത്യൻ ടീമിനെ കുറച്ചധികം നാൾ വേട്ടയാടും എന്നത് ഉറപ്പാണ്. ഇംഗ്ലണ്ടിനെതിരെ സെമിയിൽ ദയനീയമായ പരാജയമേറ്റുവാങ്ങിയ ഇന്ത്യയുടെ, കളിക്കളത്തിലെ പല തീരുമാനങ്ങളും വെട്ടിമുറിക്കപ്പെടുകയാണ്. സ്ക്വാഡിൽ ചഹൽ റിസ്റ്റ് സ്പിന്നറായി ഉണ്ടായിരുന്നിട്ടും ഇന്ത്യ അദ്ദേഹത്തെ ഒരു മത്സരത്തിൽ പോലും കളിപ്പിച്ചില്ല. നോക്കൗട്ട് മത്സരത്തിലെങ്കിലും ഇന്ത്യ ചാഹലിനെ കളിപ്പിക്കേണ്ടതായിരുന്നു എന്നാണ് മുൻ ഇന്ത്യൻ ക്രിക്കറ്റർ ഇർഫാൻ പത്താൻ ഇപ്പോൾ പറയുന്നത്. ഇതിൽ രോഹിത് ഖേദിക്കുമെന്നും പത്താൻ പറഞ്ഞു.
ഇംഗ്ലണ്ടിനെതിരായ സെമിയിൽ ഇന്ത്യ അക്ഷർ പട്ടേലിനെയും രവിചന്ദ്രൻ അശ്വിനെയുമാണ് കളിപ്പിച്ചത്. എന്നാൽ ഇരുവരും മത്സരത്തിൽ പൂർണമായി പരാജയപ്പെട്ടു. ഈ സാഹചര്യത്തിലാണ് ഇർഫാൻ പത്താൻ തന്റെ അഭിപ്രായം അറിയിച്ചത്. ” ചാഹലിനെ ഇന്ത്യ സെമിയിൽ കളിപ്പിച്ചില്ല. ആത്മവിശ്വാസത്തോടെ എനിക്ക് പറയാൻ സാധിക്കും, ആ തീരുമാനം രോഹിത്തിനെ വേദനിപ്പിച്ചു. കാരണം മത്സരം അയാളിലേക്കായിരുന്നു വന്നെത്തിയത്. മത്സരത്തിൽ ഇന്ത്യ റൺസ് നേടിയിരുന്നു. വിക്കറ്റുകൾ കൂടി പിഴുതെറിഞ്ഞിരുന്നെങ്കിൽ കഥ മാറിയേനെ. “- പത്താൻ പറഞ്ഞു.
ഒപ്പം ഓസ്ട്രേലിയൻ സാഹചര്യത്തിൽ റിസ്റ്റ് സ്പിന്നർമാരുടെ ആവശ്യകതയെപ്പറ്റിയും പത്താൻ പറയുകയുണ്ടായി. “ഇന്ത്യ ബാറ്റിംഗ് ഓർഡർ വികസിപ്പിക്കാനാണ് ശ്രമിച്ചത്. അതിനാൽതന്നെ അശ്വിനെയും അക്ഷറിനെയും കളിപ്പിച്ചു. എന്നാൽ അത് ഷെയ്ൻ വോണിന്റെയും മക്ഗില്ലിന്റെയും അങ്കത്തട്ടാണെന്ന് ഓർത്തില്ല. റാഷിദ് ഖാനും ആദിൽ റഷീദുമടക്കമുള്ള എല്ലാ റിസ്റ്റ് സ്പിന്നർമാരും നന്നായി ബോൾ ചെയ്തു. എന്നാൽ ഇന്ത്യ ചാഹലിനെ ഉൾപ്പെടുത്തിയില്ല. അതാണ് ഇന്ത്യയെ വേദനിപ്പിക്കുന്നതും.”- പത്താൻ കൂട്ടിച്ചേർക്കുന്നു.
ഇതോടൊപ്പം ജഡേജയുടെയും ബുമ്രയുടെയും അഭാവം ഇന്ത്യയെ പൂർണമായി ബാധിച്ചതായും ഇർഫാൻ പത്താൻ പറഞ്ഞു. ഇരുവരും സ്ക്വാഡിൽ ഉണ്ടായിരുന്നെങ്കിൽ ഈ പരാജയം ഇന്ത്യയ്ക്ക് നേരിടേണ്ടി വരില്ലായിരുന്നു എന്നാണ് പത്താന്റെ പക്ഷം.