ഇന്ത്യയുടെ ബംഗ്ലാദേശിനെതിരായ രണ്ടാം ഏകദിനത്തിൽ മികച്ച ബാറ്റിംഗ് പ്രകടനം തന്നെയായിരുന്നു ഇന്ത്യയുടെ ക്യാപ്റ്റൻ രോഹിത് ശർമ കാഴ്ചവച്ചത്. പരിക്കുമൂലം മത്സരത്തിന്റെ തുടക്കത്തിൽ തന്നെ മൈതാനം വിടേണ്ടിവന്ന രോഹിത് ഇന്ത്യക്കായി നിർണായ ഘട്ടത്തിൽ ബാറ്റേന്തുകയായിരുന്നു. ഒമ്പതാമനായി ബാറ്റിംഗിനിറങ്ങിയ രോഹിത് മത്സരത്തിൽ 28 പന്തുകളിൽ 51 റൺസ് നേടി. എന്നാൽ ഇന്ത്യയെ കരയ്ക്കടിപ്പിക്കാൻ രോഹിത്തിന് സാധിക്കാതെ വന്നു. രോഹിത്തിന്റെ ഈ ഇന്നിങ്സിനെ പ്രശംസിച്ചു സംസാരിക്കുകയാണ് ഇന്ത്യൻ ബാറ്റർ ദിനേശ് കാർത്തിക്ക്.
ധൈര്യം ആവാഹിച്ച ഇന്നിങ്സാണ് മത്സരത്തിൽ രോഹിത് കാഴ്ചവച്ചതെന്ന് ദിനേശ് കാർത്തിക്ക് പറയുന്നു. “അതൊരു ധൈര്യപരമായ ഇന്നിങ്സായിരുന്നു. രോഹിത്തിനെ സംബന്ധിച്ച് അത് ഗുണം ചെയ്യും. അയാളാണ് ഇന്ത്യയുടെ ക്യാപ്റ്റൻ. മാത്രമല്ല സ്വന്തം രാജ്യത്തിനായി കളിക്കുന്നതും മുൻപിൽ നിന്ന് നയിക്കുന്നതും രോഹിത്തിന് എത്രമാത്രം പ്രാധാന്യമുള്ളതാണെന്ന് ആ ഇന്നിങ്സ് കാട്ടുന്നു. വളരെ മികച്ച പ്രകടനം തന്നെ അയാൾ നടത്തി. എന്നാൽ അവസാനം മികച്ച ടീം തന്നെ പരമ്പര സ്വന്തമാക്കി.”- കാർത്തിക്ക് പറയുന്നു.
ഇതോടൊപ്പം രണ്ടാം ഏകദിനത്തിലെ ശ്രേയസ് അയ്യരുടെ പ്രകടനത്തെയും ദിനേശ് കാർത്തിക്ക് പ്രശംസിക്കുകയുണ്ടായി. “കണക്കുകൾ കള്ളം പറയില്ല. ശ്രേയസ് അയ്യർ ഇന്ത്യയ്ക്കായി സ്ഥിരതയോടെ കളിക്കുന്നു. ഏകദിനങ്ങളിൽ ഈ വർഷം ഇന്ത്യയ്ക്കായി ഏറ്റവുമധികം റൺസ് നേടിയതും അയ്യരാണ്. കഴിഞ്ഞ സമയങ്ങളിൽ അത്യുഗ്രൻ പ്രകടനങ്ങളാണ് അയ്യർ കാഴ്ചവെച്ചിട്ടുള്ളത്. അയാളിൽ നമുക്ക് അതിന്റെ ആത്മവിശ്വാസവും കാണാനാവും.”-കാർത്തിക്ക് കൂട്ടിച്ചേർക്കുന്നു.
എന്നാൽ അവസാന ഏകദിനത്തിൽ പരിക്കുമൂലം രോഹിത് കളിക്കില്ല എന്ന് ഇന്ത്യയുടെ കോച്ച് രാഹുൽ ദ്രാവിഡ് അറിയിക്കുകയുണ്ടായി. എന്തായാലും ഇന്ത്യയെ ഇത് മൂന്നാം ഏകദിനത്തിൽ ബാധിക്കുമെന്നത് ഉറപ്പാണ്. ഡിസംബർ 10നാണ് പരമ്പരയിലെ മൂന്നാം ഏകദിനം നടക്കുന്നത്.