ഇന്ത്യയുടെ ക്രിക്കറ്റ് ചരിത്രത്തിൽ ടീം ഘടന തന്നെ മാറ്റിമറിച്ച ക്രിക്കറ്ററാണ് മുൻ നായകൻ എംഎസ് ധോണി എന്ന കാര്യത്തിൽ യാതൊരു സംശയവുമില്ല. റാഞ്ചി എന്ന ചെറിയ പട്ടണത്തിൽ നിന്ന് തന്റെ കരിയർ ആരംഭിച്ച് ഇന്ത്യൻ ക്രിക്കറ്റിന്റെ എല്ലാമെല്ലാമായി മാറിയ ചരിത്രമാണ് ധോണിയുടേത്. ഒരു വിക്കറ്റ് കീപ്പർ എന്ന നിലയിലും മറ്റു പലർക്കും മാതൃകയാണ് എം എസ് ധോണി. തന്റെ ക്രിക്കറ്റ് കരിയറിലും ധോണി ഒരുപാട് പ്രചോദനം നൽകിയിട്ടുണ്ട് എന്ന് മലയാളി തരം സഞ്ജു സാംസൺ പറയുകയുണ്ടായി.
കേരളം പോലെ ഒരു ചെറിയതും ക്രിക്കറ്റ് ചരിത്രങ്ങളില്ലാത്തതുമായ സ്ഥലത്തുനിന്ന് വളർന്നു വരാൻ തനിക്ക് പ്രചോദനം നൽകിയത് ധോണിയാണ് എന്നാണ് സഞ്ജു സാംസൺ പറയുന്നത്. “ബംഗ്ലാദേശിനെതിരെ ഇന്ത്യക്കായി തന്റെ ആദ്യ മത്സരത്തിൽ കളിച്ചതുമുതൽ ധോണി തന്നെയാണ് ഞങ്ങൾക്കെല്ലാവർക്കും പ്രചോദനം. പിന്നീട് അദ്ദേഹം പാക്കിസ്ഥാനെതിരെ പ്രശസ്തമായ സെഞ്ച്വറി നേടിയിരുന്നു. എന്നെ സംബന്ധിച്ച് ധോണിയുടെ വിജയം എനിക്ക് കൂടുതൽ പ്രചോദനം നൽകിയിരുന്നു. കാരണം അദ്ദേഹം റാഞ്ചിയിൽ നിന്നും വന്ന് ഇതിഹാസമായി മാറിയ ക്രിക്കറ്ററാണ്. ഞാൻ കേരളത്തിൽ നിന്ന് വരുന്ന ക്രിക്കറ്ററും. രണ്ട് സ്ഥലങ്ങൾക്കും വലിയ ക്രിക്കറ്റ് പാരമ്പര്യങ്ങളില്ല.”- സഞ്ജു സാംസൺ പറഞ്ഞു.
ഇതോടൊപ്പം തനിക്ക് ടീമിൽ അവസരങ്ങൾ ലഭിക്കാത്തതിൽ വിഷമമില്ല എന്നും സഞ്ജു പറയുകയുണ്ടായി. “മത്സരത്തിന്റെ അവസാനം ഞങ്ങളൊക്കെ ശ്രമിക്കുന്നത് മത്സരത്തിൽ രാജ്യത്തിനായി വിജയിക്കാൻ തന്നെയാണ്. അതിനാൽ മറ്റു കാര്യങ്ങൾ നോക്കാതെ എന്റെ രാജ്യത്തിനായി കളിക്കാനാണ് ഞാൻ ശ്രദ്ധിക്കുന്നത്.”- സഞ്ജു സാംസൺ കൂട്ടിച്ചേർത്തു.
പലപ്പോഴായി ഇന്ത്യൻ ടീമിൽ അവസരങ്ങൾ നിഷേധിക്കപ്പെട്ട ക്രിക്കറ്ററാണ് സഞ്ജു സാംസൺ. ടീമിനായി മികച്ച പ്രകടനങ്ങൾ പലപ്പോഴും കാഴ്ചവച്ചിട്ടും സഞ്ജു അവഗണിക്കപ്പെട്ടു. നിലവിൽ ശ്രീലങ്കയ്ക്കെതിരായ ട്വന്റി20 പരമ്പരയിൽ അംഗമാണ് സഞ്ജു സാംസൺ.