68 മത് ദേശീയ അവാർഡ് ആയിരുന്നു ഇപ്പോൾ പ്രഖ്യാപിച്ചത്. തെന്നിന്ത്യൻ സിനിമ ലോകത്തിൽ നിന്ന് നിരവധി താരങ്ങൾ അവാർഡിന് അർഹമായി. തെന്നിന്ത്യൻ സിനിമയ്ക്ക് അഭിമാനനേട്ടമായി മാറിയത് സുറൈ പോട്രൂ എന്ന തമിഴ് ചിത്രമായിരുന്നു. അഞ്ച് ദേശീയ പുരസ്കാരങ്ങളാണ് ചിത്രത്തിന് ലഭിച്ചിട്ടുള്ളത്. മികച്ച നടൻ സൂര്യ ആയപ്പോൾ മികച്ച നടിയായി അതേ സിനിമയിലെ തന്നെ അപർണ ബാലമുരളി അർഹയായി.
കൂടാതെ മികച്ച തിരക്കഥ മികച്ച പിന്നണി സംഗീതസംവിധാനം മികച്ച ഫീച്ചർ ഫിലിം എന്നീ പുരസ്കാരങ്ങളും സുറൈ പോട്രൂ എന്ന സിനിമ സ്വന്തമാക്കി. മികച്ച ബോക്സ് ഓഫീസ് വിജയം നേടിയ സിനിമ കൂടി ആയിരുന്നു ഇത്. ഈ സിനിമ സൂര്യയുടെയും അപർണയുടെയും കരിയറിലെ തന്നെ മികച്ച ചിത്രം എന്നാണ് വിലയിരുത്തപ്പെട്ടത്. അവാർഡിനെ അർഹമായത്തിന് പിന്നാലെ സൂര്യയുടെ പ്രസ്താവനയാണ് ഇപ്പോൾ വൈറലാകുന്നത്.
സംവിധായകയായ സുധ കൊങ്കരയുടെ അധ്വാനത്തിന്റെ ഫലമാണ് ഇത് എന്ന് താരം പറയുന്നു. ഒപ്പം തന്നെ മികച്ച നടനുള്ള ദേശീയ അവാർഡ് പങ്കിടുന്ന അജയ് ദേവകണിന് സൂര്യ അഭിനന്ദനങ്ങൾ അറിയിച്ചു. പിന്നീട് ഭാര്യയും നടിയുമായ ജ്യോതിയെ പറ്റിയാണ് താരം പറഞ്ഞത്. സുറൈ പോട്രൂ എന്ന സിനിമ ചെയ്യാൻ തന്നെ പ്രേരിപ്പിച്ചത് ജ്യോതികയാണെന്നും ഞാൻ പ്രത്യേകം നന്ദി പറയുന്നു എന്നുമാണ് താരം പറഞ്ഞത്.
കൂടാതെ എപ്പോഴും പിന്തുണ തന്ന് കൂടെ നിന്ന മാതാപിതാക്കൾക്കും സഹോദരൻ കാർത്തിക്കും താരം നന്ദി പറഞ്ഞു. ഇത്തവണ അവാർഡിന് മലയാളത്തിൽ നിന്നും നിരവധി താരങ്ങൾ അർഹരായിട്ടുണ്ട്. അയ്യപ്പനും കോശിയിലെ അഭിനയത്തിന് ബിജുമേനോന് മികച്ച സഹ നടനുള്ള അവാർഡ് ലഭിച്ചിട്ടുണ്ട്. മികച്ച ഗായിക ഉൾപ്പെടെ 10 പുരസ്കാരങ്ങളാണ് മലയാളത്തിന് ലഭിച്ചിട്ടുള്ളത്.