ഹോങ്കോങ്ങിനെതിരായ ഇന്ത്യയുടെ മത്സരം മുൻനിര ബാറ്റർമാർക്ക് തങ്ങളുടെ ഫോം തിരിച്ചുപിടിക്കാനുള്ള അവസരം കൂടിയായിരുന്നു. കെ എൽ രാഹുലും വിരാട് കോഹ്‌ലിയും കുറച്ചധികം നാളായി മത്സരങ്ങളിൽ നിന്ന് വിട്ടുനിന്നതിനാൽ ഇരുവർക്കും ഇതൊരു ചാൻസായിരുന്നു. മത്സരത്തിൽ കെ എൽ രാഹുലിന് തിരിച്ചുവരവ് നടത്താൻ സാധിക്കാതെവന്നെങ്കിലും, വിരാട് കോഹ്ലി ഫോമിലേക്ക് തിരിച്ചെത്തുന്നതിന്റെ സൂചനകളാണു നൽകിയത്. മത്സരത്തിന്റെ തുടക്കസമയത്ത് സ്ലോ ആയിരുന്ന പിച്ചിൽ വളരെ മികച്ച രീതിയിൽ തന്നെയാണ് കോഹ്‌ലി ബാറ്റ് വീശിയത്.
മത്സരത്തിൽ 44 പന്തുകൾ നേരിട്ട് 59 റൺസ് നേടിയ കോഹ്ലി ഇന്ത്യൻ ഇന്നിങ്സിന്റെ നിറസാന്നിധ്യമായിരുന്നു. മത്സരശേഷം ഹോങ്കോങ് ക്രിക്കറ്റ് ടീം ഒരു ജഴ്സി കോഹ്‌ലിക്ക് സമ്മാനിച്ചതാണ് ഇപ്പോൾ വാർത്തകളിൽ നിറഞ്ഞിരിക്കുന്നത്. വളരെ ഹൃദയസ്പർശിയായ സന്ദേശത്തോടുകൂടിയ ഒരു ജേഴ്സിയായിരുന്നു ഇന്ത്യൻ സ്റ്റാർ ബാറ്റർക്ക് ഹോങ്കോങ് ടീം നൽകിയത്. ജേഴ്സിയിൽ ടീം എഴുതിയിരുന്നത് ഇങ്ങനെയായിരുന്നു.
‘വിരാട്, ഒരു ജനറേഷന് പ്രചോദനമായതിൽ വളരെ നന്ദിയുണ്ട്. ഞങ്ങൾ താങ്കൾക്കൊപ്പമുണ്ട്. ഇനിയും ഒരുപാട് മികച്ച ദിവസങ്ങൾ താങ്കൾക്കുണ്ടാവും. ശക്തമായി തന്നെ.. ഒരുപാട് സ്നേഹത്തോടെ ടീം ഹോങ്കോങ് ‘. കോഹ്ലി ഹോങ്കോങ്ങ് ടീമിന്റെ ഈ സ്നേഹോപഹാരത്തിന് നന്ദിയും അറിയിക്കുകയുണ്ടായി. “നന്ദി ഹോങ്കോങ്ങ്, വളരെ സന്തോഷവും അഭിമാനവുമുണ്ട്”. കോഹ്‌ലി തന്റെ ഇൻസ്റ്റഗ്രാം അക്കൗണ്ടിൽ കുറിച്ചത് ഇങ്ങനെയായിരുന്നു. എന്തായാലും ലോകക്രിക്കറ്റിൽ വിരാട് കോഹ്‌ലി എത്രമാത്രം പ്രാധാന്യമുള്ളയാളാണെന്ന് ഈ സംഭവങ്ങൾ സൂചിപ്പിക്കുന്നു.
ഇന്ത്യയുടെ പാകിസ്താനെതിരായ മത്സരത്തിൽ 35 റൺസായിരുന്നു വിരാട് കോഹ്‌ലി നേടിയത്. ശേഷം ഹോങ്കോങ്ങിനേതിരായ മത്സരത്തിൽ അർധസെഞ്ചുറിയും വിരാട് നേടി. ഇന്നിങ്സിന്റെ ആദ്യ സമയത്ത് കോഹ്‌ലിയുടെ ബാറ്റിംഗിൽ പ്രശ്നങ്ങൾ അനുഭവപ്പെട്ടെങ്കിലും, പതിയെ അദ്ദേഹം തന്റെ താളത്തിലേക്ക് തിരിച്ചുവരികയായിരുന്നു.