അട്ടിമറികളിലൂടെ മറ്റൊരു ചരിത്രം കൂടി തിരുത്തിയെഴുതി തായ്‌ലാൻഡ് വനിതാ ടീം. 2022 വനിതാ ഏഷ്യാകപ്പിന്റെ സെമിഫൈനലിൽ സ്ഥാനം കണ്ടെത്തിയിരിക്കുകയാണ് തായ്‌ലൻഡ് ടീം ഇപ്പോൾ. കരുത്തരും മുൻ ഏഷ്യാകപ്പ് ചാമ്പ്യന്മാരുമായ ബംഗ്ലാദേശ് ടീമിനെ പുറത്താക്കിയാണ് തായ്‌ലൻഡ് ഏഷ്യാകപ്പിന്റെ സെമിഫൈനലിൽ എത്തിയിരിക്കുന്നത്. ബംഗ്ലാദേശിനെതിരായ തങ്ങളുടെ അവസാന മത്സരം മഴമൂലം ഉപേക്ഷിക്കേണ്ടിവന്നതോടെയാണ് തായ്‌ലാൻഡ് ഏഷ്യാകപ്പിന്റെ സെമിഫൈനലിൽ എത്തിയത്.
പോയിന്റ്സ് ടേബിളിന്റെ നാലാം സ്ഥാനത്ത് ഫിനിഷ് ചെയ്യാൻ ഒരു മത്സരം കൂടി ബംഗ്ലാദേശിന് ജയിക്കേണ്ടിയിരുന്നു. എന്നാൽ മഴമൂലം മത്സരം ഉപേക്ഷിച്ചതോടെ ബംഗ്ലാദേശിന് ഈ രണ്ടു പോയിന്റുകൾ സ്വന്തമാക്കാൻ സാധിക്കാതെ വന്നു. ഗ്രൂപ്പ് സ്റ്റേജിൽ ആറു മത്സരങ്ങളിൽ രണ്ടെണ്ണം മാത്രമായിരുന്നു ബംഗ്ലാദേശ് വിജയിച്ചിരുന്നത്. എന്നാൽ തായ്‌ലൻഡ് മൂന്ന് മത്സരങ്ങൾ വിജയിക്കുകയുണ്ടായി. യുഎഇയോടും മലേഷ്യയോടും പാക്കിസ്ഥാനോടുമാണ് തായ്‌ലൻഡ് ഗ്രൂപ്പ് സ്റ്റേജിൽ വിജയിച്ചത്.
ടൂർണമെന്റിന്റെ സെമിഫൈനലിലേക്ക് ഇന്ത്യ, പാകിസ്ഥാൻ, ശ്രീലങ്ക, തായ്‌ലൻഡ് എന്ന ടീമുകളാണ് കടന്നിരിക്കുന്നത്. ശ്രീലങ്കയുടെ പാകിസ്ഥാനെതിരായ അവസാന മത്സരത്തിനു ശേഷമാവും ഇന്ത്യയുടെ സെമിഫൈനലിലെ എതിരാളികളെ തിരിച്ചറിയാനാവുക. എന്തായാലും ബംഗ്ലാദേശ് ഏഷ്യകപ്പിൽ നിന്ന് പുറത്തായത് പലർക്കും അത്ഭുതമാണ് സമ്മാനിച്ചത്.
ഗ്രൂപ്പ് ഘട്ടത്തിൽ ആറു മത്സരങ്ങൾ കളിച്ച ഇന്ത്യ അഞ്ചു വിജയങ്ങളാണ് നേടിയിട്ടുള്ളത്. പാകിസ്ഥാൻ ടീമിനെതിരെ മാത്രമാണ് ഇന്ത്യയെ പരാജയം അറിഞ്ഞത്. പാക്കിസ്ഥാനും ശ്രീലങ്കയും ഓരോ മത്സരങ്ങൾ പരാജയപ്പെട്ടിട്ടുണ്ട്. പാക്കിസ്ഥാൻ തായ്‌ലാൻഡിനോടും, ശ്രീലങ്ക ഇന്ത്യയോടുമാണ് പരാജയപ്പെട്ടത്. എന്തായാലും നാല് ടീമുകളും കരുത്തരായി തന്നെയാണ് സെമിഫൈനലിലേക്ക് പ്രവേശിച്ചിരിക്കുന്നത്.