ഇന്ത്യയുടെ മികച്ച ഓൾറൗണ്ടർമാരിൽ ഒരാളാണ് രവീന്ദ്ര ജഡേജ. ബോളിങ്ങിലും ബാറ്റിങ്ങിലും മാത്രമല്ല ഫീൽഡിങ്ങിലും വലിയ സ്വാധീനമാണ് ജഡേജ ഉണ്ടാക്കിയത്. നിലവിൽ ഇന്ത്യയുടെ വരാൻപോകുന്ന ഏഷ്യാകപ്പ് സ്‌ക്വാഡിലെ അംഗമാണ് ജഡേജ. എന്നാൽ ടീമിലെ ജഡേജയുടെ സ്ഥാനം സംബന്ധിച്ച കാര്യങ്ങൾ അയാൾ തന്നെ തെളിയിക്കേണ്ടതുണ്ട് എന്നാണ് ഇപ്പോൾ മുൻ ഇന്ത്യൻ ക്രിക്കറ്റർ സഞ്ജയ് മഞ്ജരേക്കർ പറയുന്നത്.
വരാനിരിക്കുന്ന ട്വന്റി20 ലോകകപ്പിലും ജഡേജയുടെ സ്ഥാനത്തെക്കുറിച്ച് അദ്ദേഹത്തിന് ഒരു അറിവ് വേണം എന്ന് മഞ്ജരേക്കർ കൂട്ടിച്ചേർക്കുന്നു. “ഓൾറൗണ്ടർ സ്ഥാനത്തിനായി ഒരു മത്സരം രൂപപ്പെടുന്നതായി ജഡേജയ്ക്ക് തന്നെ ധാരണയുണ്ട്. അതിനാൽതന്നെ ബോളിംഗ് ഓൾറൗണ്ടറാണോ ബാറ്റിംഗ് ഓൾറൗണ്ടറാണോ എന്ന് അയാൾ തന്നെ സെലക്ടർമാരെ ബോധിപ്പിക്കേണ്ടതുണ്ട്”- മഞ്ജരേക്കർ പറയുന്നു.
കൂടാതെ ബോളിംഗ് ഓൾറൗണ്ടറായി കളിക്കാനാണ് ജഡേജ ശ്രമിക്കുന്നതെങ്കിൽ അയാൾ അക്ഷർ പട്ടേലിനെക്കാൾ മികച്ച ബോളിംഗ് ഓൾറൗണ്ടറാണെന്ന് തെളിയിക്കേണ്ടതുണ്ടെന്നും മഞ്ജരേക്കർ പറയുന്നു. “എല്ലാം കണക്കിലെടുത്ത ശേഷം വേണം ജഡേജയുടെ ടീമിലെ സ്ഥാനം തീരുമാനിക്കാൻ. അയാൾ ബോളിംഗ് ഓൾറൗണ്ടറായി കളിക്കാനാണ് ശ്രമിക്കുന്നതെങ്കിൽ അക്ഷർ പട്ടേലിനെക്കൾ മികച്ച രണ്ടാം സ്പിന്നറാണ് താനെന്ന്.
ജഡേജ ടീം മാനേജ്മെന്റിന് മുമ്പിൽ തെളിയിക്കേണ്ടതുണ്ട് “- മഞ്ജരേക്കർ കൂട്ടിച്ചേർത്തു. ഇതോടൊപ്പം ബാറ്റിംഗ് ഓൾറൗണ്ടറായി ടീമിൽ തുടരാനാണ് ജഡേജ ശ്രമിക്കുന്നതെങ്കിൽ ദിനേഷ് കാർത്തിക്കിനും ഹാർദിക് പാണ്ട്യയ്ക്കും പകരക്കാരനാവാൻ തനിക്ക് സാധിക്കുമെന്ന് ജഡേജ ഉറപ്പുവരുത്തണമെന്നും മഞ്ജരേക്കർ അഭിപ്രായപ്പെടുന്നു. അല്ലാത്തപക്ഷം ജഡേജയുടെ ടീമിലെ റോളിൽ ഒരുപാട് അവ്യക്തതകൾ ഉണ്ടാവുന്നതാണ്.