50 ഓവറിൽ തമിഴ്നാട് നേടിയത് 506 റൺസ്!! 141 പന്തുകളിൽ 277 റൺസ് നേടി ജഗദീശൻ!! റെക്കോർഡ് മഴ!!

   

2022 വിജയ് ഹസാരെ ട്രോഫിയിൽ റെക്കോർഡ് മഴ തീർത്ത് തമിഴ്നാട് ടീം. വെടിക്കെട്ടിന്റെ മാരക വേർഷൻ കണ്ട 50 ഓവർ മത്സരത്തിൽ ഒരു ട്വന്റി20യുടെ വീര്യമാണ് തമിഴ്നാട് പുറത്തെടുത്തത്. മത്സരത്തിന്റെ ആദ്യ ഇന്നിങ്സിൽ നിശ്ചിത 50 ഓവറുകളിൽ 506 റൺസാണ് തമിഴ്നാട് ടീം നേടിയത്. അരുണാചൽ പ്രദേശ് ബോളർമാരെ പൂർണമായും അടിച്ചുതൂക്കിയ എൻ ജഗദീശനാണ് മത്സരത്തിൽ അഴിഞ്ഞാടിയത്. മത്സരത്തിൽ ജഗദീശൻ 141 പന്തുകളിൽ 277 റൺസാണ് നേടിയത്. ഇന്നിംഗ്സിൽ 25 ബൗണ്ടറികളും 15 സിക്സറുകളും ഉൾപ്പെട്ടു. മത്സരത്തിൽ പിറന്ന റെക്കോർഡുകൾ നമുക്ക് പരിശോധിക്കാം.

   

പുരുഷന്മാരുടെ ലിസ്റ്റ് എ ക്രിക്കറ്റിലെ ഏറ്റവും ഉയർന്ന സ്കോറാണ് എൻ ജഗദീശൻ അരുണാചലിനെതിരെ നേടിയത്. മുൻപ് 2002 ൽ ഗ്ലാമോർഗൺ ടീമിനെതിരെ അലിസ്റ്റർ ബ്രൗൺ 268 റൺസ് നേടിയിരുന്നു. ഇതാണ് ജഗദീശൻ തകർത്തത്. കൂടാതെ ലിസ്റ്റ് എ ക്രിക്കറ്റിൽ തുടർച്ചയായി അഞ്ചു സെഞ്ച്വറികൾ നേടുന്ന ആദ്യ ക്രിക്കറ്ററായും ജഗദീശൻ മാറി.

   

114 പന്തുകളിലായിരുന്നു ജഗദീശൻ ഡബിൾ സെഞ്ചുറി നേടിയത്. മുൻപ് ഓസ്ട്രേലിയൻ കളിക്കാരൻ ട്രാവിസ് ഹെഡും 114 പന്തുകളിൽ ഏകദിന ഡബിൾ സെഞ്ച്വറി നേടിയിരുന്നു. ജഗദീശൻ ഈ റെക്കോർഡിന് ഒപ്പമെത്തി. കൂടാതെ ലിസ്റ്റ് എ ക്രിക്കറ്റിലെ ഏറ്റവുമുയർന്ന ആദ്യ വിക്കറ്റ് കൂട്ടുകെട്ടും ജഗദീശ്വരനും സായി സുദർശനും ചേർന്നുനേടി. മത്സരത്തിൽ ആദ്യ വിക്കറ്റിൽ 416 റൺസാണ് ഇരുവരും ചേർന്ന് കെട്ടിപ്പടുത്തത്.

   

ഇതോടൊപ്പം പുരുഷന്മാരുടെ ലിസ്റ്റ് എ ക്രിക്കറ്റിൽ ഇതാദ്യമായാണ് 500 റൺസ് ഒരു ടീം നേടുന്നത്. മുൻപ് ഇംഗ്ലണ്ട് നെതർലൻസിനെതിരെ 50 ഓവറുകളിൽ 498 റൺസ് നേടിയിരുന്നു. ഇങ്ങനെ ഒരുപാട് റെക്കോർഡുകളാണ് തമിഴ്നാട് മത്സരത്തിൽ മറികടന്നത്.

Leave a Reply

Your email address will not be published. Required fields are marked *