ട്വന്റി20 ബാറ്റർമാരുടെ പുതിയ റാങ്കിംഗ് പുറത്തുവിട്ട് ഐസിസി. ബുധനാഴ്ചയാണ് ഐസിസി പുതിയ റാങ്കിംഗ് പുറത്തുവിട്ടത്. കഴിഞ്ഞ ഏഷ്യാകപ്പിലടക്കമുള്ള ബാറ്റർമാരുടെ പ്രകടനങ്ങളുടെ അടിസ്ഥാനത്തിലാണ് പുതിയ റാങ്കിംഗ് പുറത്തുവിട്ടിരിക്കുന്നത്. പട്ടികയിലെ പ്രധാനകാര്യം ഇന്ത്യൻ ബാറ്റർ സൂര്യകുമാർ യാദവിന്റെ കുതിച്ചുചാട്ടമാണ്. ലോകത്തിലെ മികച്ച ട്വന്റി20 ബാറ്റർമാരുടെ പട്ടികയിൽ രണ്ടാം സ്ഥാനത്ത് എത്തിയിട്ടുണ്ട് സൂര്യകുമാർ യാദവ്. 801 റേറ്റിങ് പോയിന്റുകളാണ് സൂര്യകുമാർ യാദവിനുള്ളത്. പാകിസ്താൻ ക്യാപ്റ്റൻ ബാബർ ആസാമിനെ പിന്തള്ളിയാണ് സൂര്യകുമാർ റാങ്കിങ്ങിൽ രണ്ടാം സ്ഥാനത്തെത്തിയത്.
ഇംഗ്ലണ്ടിനെതിരായ പരമ്പരയിലും മികച്ച പ്രകടനങ്ങൾ കാഴ്ചവെച്ചതോടെ പാക്കിസ്ഥാൻ ബാറ്റർ മുഹമ്മദ് റിസ്വാൻ തന്നെയാണ് ട്വന്റി20 റാങ്കിംഗിൽ ഒന്നാം സ്ഥാനത്തുള്ളത്. ഓസ്ട്രേലിയയ്ക്കെതിരെ 36 പന്തുകളിൽ നേടിയ 69 റൺസാണ് സൂര്യകുമാറിനെ രണ്ടാം സ്ഥാനത്തെത്താൻ സഹായിച്ചത്. പാകിസ്ഥാൻ ക്യാപ്റ്റൻ ബാബർ ആസമാണ് മൂന്നാം സ്ഥാനത്തുള്ളത്. ഇംഗ്ലണ്ടിനെതിരെ നേടിയ തട്ടുപൊളിപ്പൻ സെഞ്ചുറിയാണ് ബാബർ ആസമിന് സഹായകരമായത്.
ആരോൺ ഫിഞ്ച് റാങ്കിംഗിൽ അഞ്ചാം സ്ഥാനത്തെത്തിയിട്ടുണ്ട്. ഇന്ത്യയ്ക്കെതിരായ രണ്ടാം ട്വന്റി20യിൽ നേടിയ 31 റൺസാണ് ഫിഞ്ചിന് സഹായകരമായത്. ഇംഗ്ലണ്ടിന്റെ യുവതാരം ഹാരി ബ്രുക്കാണ് റേറ്റിങ്ങിൽ വലിയ കുതിച്ചുചാട്ടം ഉണ്ടാക്കിയ ക്രിക്കറ്റർ. 118 സ്ഥാനങ്ങൾ പിന്തള്ളിയ ബ്രുക്ക് 29ആമത് എത്തിയിട്ടുണ്ട്. പാകിസ്താനെതിരായ അവസാനം 3 ട്വന്റി20കളിലെ പ്രകടനമാണ് ബ്രുക്കിന് സഹായകരമായത്.
ബോളിംഗിൽ ഓസ്ട്രേലിയക്കെതിരായ മികച്ച പ്രകടനങ്ങൾ കാഴ്ചവെച്ച അക്ഷർ പട്ടേൽ പതിനെട്ടാം സ്ഥാനത്ത് എത്തിയിട്ടുണ്ട്. 15 സ്ഥാനങ്ങളാണ് അക്ഷർ പിന്തള്ളിയത്. ആദം സാംമ്പയ്ക്കും ഭുവനേശ്വർ കുമാറിനും പരമ്പരയ്ക്ക് ശേഷം സ്ഥാനനഷ്ടം ഉണ്ടായിട്ടുണ്ട്. എന്തായാലും ട്വന്റി20 ലോകകപ്പ് വരാനിരിക്കവെ ഈ പട്ടികയിൽ ഒരുപാട് മാറ്റങ്ങൾ വരുംദിവസങ്ങളിൽ ഉണ്ടാകുമെന്ന് തന്നെയാണ് പ്രതീക്ഷ.