ലോകകപ്പിന്റെ സെമിഫൈനലിൽ ഇന്ത്യക്കെതിരെ ഇറങ്ങുന്ന ഇംഗ്ലണ്ട് ടീം നേരിടുന്ന ഏറ്റവും വലിയ വെല്ലുവിളിയാണ് സൂര്യകുമാർ യാദവ്. 2022 ലോകകപ്പിലുടനീളം മികച്ച പ്രകടനങ്ങൾ തുടരുന്ന സൂര്യകുമാറിന് സെമിഫൈനലിലും ഇന്ത്യയുടെ രക്ഷകനാവാൻ സാധിക്കുമെന്നാണ് പ്രതീക്ഷ. വ്യത്യസ്തമായ ഷോട്ട് റേഞ്ചുകൾ കൊണ്ട് ശ്രദ്ധേയനായ സൂര്യയെ പിടിച്ചുകെട്ടാൻ വഴി തേടുകയാണ് ഇംഗ്ലണ്ട് ഇപ്പോൾ. അതിന്റെ സൂചനയാണ് മുൻ ഇംഗ്ലണ്ട് ക്യാപ്റ്റൻ നാസർ ഹുസൈൻ നൽകുന്നത്. സൂര്യയുടെ ഒരു വീക്ക്നെസ്സിനെപറ്റിയാണ് ഹുസൈൻ സംസാരിച്ചത്.
“സൂര്യകുമാർ ഒരു വമ്പൻ ക്രിക്കറ്റർ തന്നെയാണ്. 360 ഡിഗ്രി കളിക്കാരൻ എന്ന പേര് എന്തുകൊണ്ടും സൂര്യകുമാർ യാദവിന് അഭികാമ്യവുമാണ്. ഓഫ് സ്റ്റമ്പിന് പുറത്തുവരുന്ന പന്തുകൾ സ്ക്വയർ ലെഗിലേക്ക് ബൗണ്ടറി നേടാൻപോലും സൂര്യകുമാറിന് സാധിക്കും. വ്യത്യസ്തമായ ഏരിയകളിലേക്ക് കണ്ടുപരിചിതമല്ലാത്ത ഷോട്ടുകൾ അയാൾ കളിക്കാറുണ്ട്. മാത്രമല്ല ഒരു ആധുനിക ക്രിക്കറ്റർക്ക് വേണ്ട പവറും ബാറ്റ് സ്പീഡും സൂര്യകുമാറിനുണ്ട്. ഇക്കാരണങ്ങൾ കൊണ്ടുതന്നെ സൂര്യകുമാർ യാദവിന്റെ ബലഹീനത കണ്ടെത്തുക അത്ര എളുപ്പമല്ല. എന്നിരുന്നാലും ഇടംകയ്യൻ സ്പിന്നർമാർക്കെതിരെ സൂര്യകുമാറിന് വലിയ റെക്കോർഡില്ല. അതുമാത്രമാണ് ശ്രദ്ധിക്കേണ്ടത്.”- നാസർ ഹുസൈൻ പറയുന്നു.
ഇതോടൊപ്പം സെമിഫൈനലിലേക്ക് വരുമ്പോൾ വിരാട് കോഹ്ലി സൃഷ്ടിക്കുന്ന ഇമ്പാക്റ്റിനെപറ്റിയും നാസർ ഹുസൈൻ പറയുകയുണ്ടായി.”ഇന്ത്യയെ സംബന്ധിച്ച് മൂന്നും നാലും നമ്പർ ബാറ്റർമാരാണ് ശക്തി. ഇതിൽ കോഹ്ലി മാസ്മരികമാണ്. മെൽബണിൽ പാക്കിസ്ഥാനെതിരെ കോഹ്ലി കളിച്ച ഇന്നിങ്സ് ഞാൻ കണ്ടതിൽ വച്ച് ഏറ്റവും മികച്ചതായിരുന്നു. ആ ഇന്നിങ്സ് അയാൾ പേസ് ചെയ്ത രീതിയും അവസാനം കളിച്ച ഷോട്ടുകളുമൊക്കെ അത്യുഗ്രനായിരുന്നു.”- നാസർ ഹുസൈൻ കൂട്ടിച്ചേർക്കുന്നു.
ഇന്ത്യയെ സംബന്ധിച്ച് സെമി ഫൈനലിലെ വലിയ പ്രതീക്ഷകൾ തന്നെയാണ് വിരാട് കോഹ്ലിയും സൂര്യകുമാർ യാദവും. ഇരുവരുമാണ് 2022 ലോകകപ്പിലെ ഏറ്റവുമധികം റൺസ് നേടിയ ബാറ്റർമാർ. വരുന്ന മത്സരങ്ങളിലും ഈ പ്രകടനങ്ങൾ ആവർത്തിക്കും എന്നാണ് പ്രതീക്ഷിക്കുന്നത്.