ഇന്ത്യയുടെ ട്വന്റി20 ലോകകപ്പിനുള്ള സ്ക്വാഡിലെ പ്രധാന ആകർഷണം വളരെയധികം വേരിയേഷനുകളുള്ള സ്പിന്നർമാരാണ്. രവിചന്ദ്രൻ അശ്വിൻ, അക്ഷർ പട്ടേൽ, ചാഹൽ എന്നിവരെയാണ് സ്പിന്നർ എന്ന നിലയിൽ ഇന്ത്യ തങ്ങളുടെ സ്ക്വാഡിൽ ഉൾപ്പെടുത്തിയിരിക്കുന്നത്. ഇവർക്കൊപ്പം ദീപക് ഹൂഡ കൂടെ ചേരുന്നതോടെ ഇന്ത്യയുടെ സ്പിൻ വിഭാഗം കൂടുതൽ ശക്തിയുള്ളതായി മാറുന്നു. എന്നാൽ ഇത്രയൊക്കെ സ്പിന്നർമാരെ ഇന്ത്യയുടെ ലോകകപ്പിനുള്ള സ്ക്വാഡിൽ ആവശ്യമുണ്ടായിരുന്നില്ല എന്നാണ് ഇന്ത്യയുടെ മുൻ ബോളിംഗ് കോച്ചായ ഭരത് അരുൺ ഇപ്പോൾ പറഞ്ഞിരിക്കുന്നത്. ഇത്രയും സ്പിന്നർമാർക്ക് പകരം ഉമ്രാൻ മാലിക്കിനെ പോലെ ഒരു ഫാസ്റ്റ് ബോളറെ ഇന്ത്യ സ്ക്വാഡിൽ ഉൾപ്പെടുത്തേണ്ടിയിരുന്നു എന്നാണ് അരുണിന്റെ പക്ഷം.
“ഉമ്രാൻ മാലിക്ക് വളരെയധികം കഴിവുകളുള്ള ക്രിക്കറ്ററാണ്. അയാൾക്ക് നല്ല പേസ് ഉണ്ട്. മികച്ച അവസരങ്ങൾ നൽകിയാൽ ഐപിഎല്ലിൽ ഇതുപോലെ അയാൾ വമ്പൻ പ്രകടനങ്ങളും കാഴ്ചവച്ചേക്കും. ഓസ്ട്രേലിയയിലെ പിച്ചുകൾ കണക്കിലെടുക്കുമ്പോൾ ഇന്ത്യ കുറച്ചധികം സ്പിന്നർമാരെ സ്ക്വാഡിൽ ഉൾപ്പെടുത്തിയതായി തോന്നുന്നു. ഉമ്രാൻ മാലിക്കിനെ പോലൊരു ബോളറെ പകരമായി എടുത്തിരുന്നെങ്കിൽ ടീമിന് കൂടുതൽ ബാലൻസ് ലഭിച്ചേനെ.”- അരുൺ പറയുന്നു.
ഇതോടൊപ്പം ഓസ്ട്രേലിയൻ സ്പിന്നർമാരുടെ റോളിനെപറ്റിയും ഭരത് അരുൺ പറയുന്നുണ്ട്. “ഓസ്ട്രേലിയയിൽ ബൗൺസുണ്ട്. വലിയ ഗ്രൗണ്ടുകളായതിനാൽ സ്പിന്നർമാർക്ക് പ്രാധാന്യവുമുണ്ട്. പക്ഷേ മൂന്ന് സ്പിന്നർമാർ എന്നത് അല്പം കൂടുതലാണ്. കാരണം അവിടെ കൂടുതലായും ഒരു സ്പിന്നറെ ടീമിൽ ഉൾപ്പെടുത്താനെ സാധിക്കൂ. അതിനാൽ ഒരു സ്പിന്നർ അധികമായി നിൽക്കും. അതിനാലാണ് ഉമ്രാൻ മാലിക്കിനെ ഉൾപ്പെടുത്തുന്ന കാര്യം ഞാൻ പറഞ്ഞത്.”- അരുൺ കൂട്ടിച്ചേർക്കുന്നു.
നിലവിൽ ഇന്ത്യയുടെ സീം ബോളിംഗ് വിഭാഗത്തിൽ കുറച്ചധികം പ്രശ്നങ്ങൾ നിലനിൽക്കുന്നുണ്ട്. ഈ സാഹചര്യത്തിൽ സ്ക്വാഡിൽ കൂടുതൽ സീമർന്മാരെ ഉൾപ്പെടുത്തേണ്ടത് ആവശ്യമായിരുന്നു. എന്നാൽ ഇന്ത്യയുടെ ഈ സെലക്ഷൻ ആശങ്കയുണ്ടാക്കുന്നു.