ഇന്ത്യയുടെ ബംഗ്ലാദേശിനെതിരായ ഏകദിന പരമ്പരയിലെ പരാജയം പല മുൻ താരങ്ങളെയും ചോടിപ്പിച്ചിട്ടുണ്ട്. പലരും ഇന്ത്യയുടെ ടീം കോമ്പിനേഷനിലുണ്ടായ പ്രശ്നങ്ങളെപ്പറ്റി സംസാരിക്കുമ്പോൾ മറ്റുചിലർ കളിക്കാർക്ക് ഇടവിട്ട് നൽകുന്ന വിശ്രമങ്ങളെയും പഴിക്കുന്നു. എന്നാൽ ഇതിൽ നിന്നൊക്കെയും വേറിട്ട അഭിപ്രായവുമായിയാണ് പാകിസ്ഥാൻ മുൻതാരം ഡാനിഷ് കനേറിയ രംഗത്ത് വന്നിരിക്കുന്നത്. ഇന്ത്യൻ ക്രിക്കറ്റ് കൂടുതലായി ഐപിഎല്ലിൽ കേന്ദ്രീകരിച്ചിരിക്കുന്നതാണ് ഇന്ത്യക്ക് കൂടുതൽ പരാജയങ്ങളുണ്ടാവാൻ കാരണമെന്ന് ഡാനിഷ് കനേറിയ പറയുന്നു.
ഇന്ത്യ ഐപിഎല്ലിൽ ശ്രദ്ധ കേന്ദ്രീകരിക്കുന്നത് അവസാനിപ്പിക്കണമെന്നും ദേശീയ ടീമിനെ പറ്റി ചിന്തിക്കണമെന്നും കനേറിയ പറയുന്നു. “ഐപിഎല്ലിനെകുറിച്ച് ചിന്തിക്കുന്നത് മതിയാക്കി രാജ്യത്തെകുറിച്ച് ചിന്തിക്കണം. ഇന്ത്യൻ ക്രിക്കറ്റാണ് പ്രാധാന്യമുള്ളത്, ഫ്രാഞ്ചൈസി ക്രിക്കറ്റല്ല. ഫ്രാഞ്ചൈസി ക്രിക്കറ്റിൽ പണമുണ്ട്. എന്നാൽ അന്താരാഷ്ട്ര ക്രിക്കറ്റിൽ നിന്നും നമുക്ക് പണമുണ്ടാക്കാൻ സാധിക്കും.
നമ്മൾ അന്താരാഷ്ട്ര ക്രിക്കറ്റിന് പ്രാധാന്യം നൽകാതെയിരുന്നാൽ ഇത്തരം ഫലങ്ങൾ ഇനിയുമുണ്ടാകും.”- കനേറിയ പറയുന്നു. ഇതോടൊപ്പം ഇന്ത്യ തങ്ങളുടെ ടീമിൽ വരുത്തുന്ന എണ്ണമില്ലാത്ത മാറ്റങ്ങളും പരാജയങ്ങളിൽ പങ്കുവഹിക്കുന്നുണ്ടെന്ന് കനേറിയ പറയുന്നു. “ഒരുപാട് മാറ്റങ്ങളാണ് ഈ ടീമിനെ ഇല്ലാതാക്കുന്നത്. ഫോമിലുള്ള കളിക്കാർക്ക് വിശ്രമം നൽകുന്നു. ഫോമിൽ അല്ലാത്തവരെ കളിപ്പിക്കുന്നു. ടീം നശിപ്പിക്കപ്പെടുകയാണ്. വളരെ വിലാപത്തോടുകൂടിയാണ് ഇത് പറയുന്നത്.”- കനേറിയ കൂട്ടിച്ചേർക്കുന്നു.
ഇന്ത്യയുടെ ബംഗ്ലാദേശിനെതിരായ ആദ്യ രണ്ട് ഏകദിന മത്സരങ്ങളിലെയും പരാജയത്തിനു ശേഷമാണ് ഡാനിഷ് കനേറിയ ഈ പ്രസ്താവനകൾ നടത്തിയത്. മുൻപ് 2015 ലായിരുന്നു ഇന്ത്യയ്ക്ക് അവസാനമായി ബംഗ്ലാദേശിനെതിരായ പര്യടനത്തിൽ പരമ്പര നഷ്ടമായത്.