നിലവിൽ ട്വന്റി20 ലോകകപ്പിനായി ഓസ്ട്രേലിയയിലേക്ക് തിരിച്ചിട്ടുള്ള ഇന്ത്യൻ സ്ക്വാഡിലെ ഏറ്റവും വലിയ പ്രതീക്ഷയാണ് സൂര്യകുമാർ യാദവ്. കഴിഞ്ഞ ട്വന്റി20 മത്സരങ്ങളിലൊക്കെയും ഇന്ത്യക്കായി മികച്ച ബാറ്റിംഗ് പ്രകടനങ്ങൾ തന്നെയാണ് സൂര്യകുമാർ യാദവ് കാഴ്ചവെച്ചിട്ടുള്ളത്. മൈതാനത്തിന്റെ ഏത് ഭാഗത്തിലേക്കും ഷോട്ട് തൊടുക്കാനുള്ള സൂര്യകുമാറിന്റെ കഴിവാണ് അയാളെ മറ്റുള്ള ബാറ്റർമാരിൽ നിന്ന് വ്യത്യസ്തനാക്കുന്നത്. വരാൻ പോകുന്ന ട്വന്റി20 ലോകകപ്പിൽ ഇന്ത്യൻ ടീമിന്റെ എബി ഡിവില്ലിയേഴ്‌സായി സൂര്യകുമാർ യാദവ് മാറും എന്ന അഭിപ്രായമാണ് മുൻ ദക്ഷിണാഫ്രിക്കൻ ബോളർ ഡേയ്ൽ സ്‌റ്റെയ്‌ൻ പ്രകടിപ്പിച്ചിരിക്കുന്നത്.
നിലവിൽ ലോകക്രിക്കറ്റ് കണ്ട ചുരുക്കം ചില 360° കളിക്കാരിൽ ഒരാളാണ് എബി ഡിവില്ലിയേഴ്സ്. ഇപ്പോൾ സൂര്യകുമാർ യാദവിനെ എബിഡിയുമായി ഉപമിക്കുകയാണ് ഡേയ്ൽ സ്‌റ്റെയ്‌ൻ. “സൂര്യകുമാർ ഒരു മികച്ച 360 ഡിഗ്രി കളിക്കാരനാണ്. പലപ്പോഴും അയാൾ എന്നെ ഓർമിപ്പിക്കുന്നത് എബി ഡിവില്ലിയെഴ്സിനെയാണ്. അയാൾ എബിഡിയുടെ ഒരു ഇന്ത്യൻ വേർഷൻ തന്നെയാണ്. മാത്രമല്ല ഇപ്പോൾ സൂര്യ തന്റെ കരിയറിലെ തന്നെ ഏറ്റവും മികച്ച ഫോമിലാണുള്ളത്. അതിനാൽ തന്നെ വരുന്ന ലോകകപ്പിൽ ശ്രദ്ധിക്കപ്പെടാൻ പോകുന്ന കളിക്കാരൻ തന്നെയാണ് സൂര്യ.”- സ്‌റ്റെയ്‌ൻ പറയുന്നു.
ഇതോടൊപ്പം സൂര്യകുമാറിന്റെ ബാറ്റിംഗ് രീതി ഓസ്ട്രേലിയൻ പിച്ചുകളിൽ എത്രമാത്രം ഗുണകരമാവും എന്നും സ്‌റ്റെയ്‌ൻ പറയുന്നു. “ബോളുകളുടെ പേസ് ഉപയോഗിക്കാൻ ഇഷ്ടപ്പെടുന്ന കളിക്കാരനാണ് സൂര്യകുമാർ. പെർത്തും മെൽബണും പോലെയുള്ള മൈതാനങ്ങളിൽ ബോളർമാർക്ക് കൂടുതൽ പേസ് ലഭിക്കും. ഇത് സൂര്യയ്ക്ക് ഫലപ്രദമായി ഉപയോഗിക്കാൻ സാധിക്കും.”- സ്‌റ്റെയ്‌ൻ കൂട്ടിച്ചേർക്കുന്നു.
നിലവിൽ ട്വന്റി20 ലോകകപ്പിനുള്ള ഇന്ത്യൻ നിരയിൽ ഏറ്റവും ഫോമിൽ തുടരുന്ന ക്രിക്കറ്ററാണ് സൂര്യകുമാർ യാദവ്. ഇന്ത്യയുടെ വെസ്റ്റേൺ ഓസ്ട്രേലിയക്കെതിരായ സന്നാഹ മത്സരത്തിലും സൂര്യകുമാർ ഇന്ത്യയുടെ രക്ഷകനായി. ലോകകപ്പിലും സൂര്യ ഇത് ആവർത്തിക്കുമെന്നാണ് പ്രതീക്ഷിക്കുന്നത്.