മലയാളികളോളം ക്രിക്കറ്റിനെ സ്നേഹിക്കുന്ന മറ്റാരും കാണില്ല. അത്രത്തോളമാണ് മലയാളികളുടെ ക്രിക്കറ്റ് ആവേശം. ഈ ആവേശത്തിന് മാറ്റുകൂട്ടിയ ഒരു ക്രിക്കറ്ററുണ്ടായിരുന്നു. മലയാളി മണ്ണിൽനിന്ന് ആവേശത്തോടെ ഉയർത്തെഴുന്നേറ്റ ഒരു മുത്ത്.ഫാസ്റ്റ് ബൗളിംഗിൽ ഒരു കാലത്ത് ഇന്ത്യയുടെ നെടുംതൂണായിരുന്നു ശ്രീശാന്ത്. വളരെ മികച്ച ബോളിംഗ് ആക്ഷൻ കൊണ്ടും ഗ്രൗണ്ടിലെ ആക്രമണോത്സുകമായ സമീപനരീതികൾ കൊണ്ടും ശ്രീശാന്ത് കേരളത്തിന്റെ മാത്രമല്ല മുഴുവൻ ഇന്ത്യക്കാരുടെയും അഹങ്കാരമായി മാറിയിരുന്നു.
1983ൽ കേരളത്തിലെ കോതമംഗലത്ത് ആയിരുന്നു ശാന്തകുമാരൻ ശ്രീശാന്ത് ജനിച്ചത്. ചെറുപ്പത്തിൽ ഇന്ത്യൻ സ്പിൻ ഇതിഹാസം അനിൽ കുംബ്ലെയെ റോൾ മോഡലാക്കിയ ശ്രീശാന്ത് ലഗ് സ്പിന്നായിരുന്നു പരിശീലിച്ചത്. എന്നാൽ ലെഗ്സ്പിൻ എറിയുമ്പോഴും കൃത്യമായി യോർക്കറുകൾ എറിയാനുള്ള ശ്രീശാന്തിന്റെ കഴിവ് അദ്ദേഹത്തിന്റെ ജേഷ്ഠൻ കണ്ടെത്തി. അങ്ങനെ ടിനു യോഹന്നാന്റെ കിഴിൽ ശ്രീശാന്ത് ഫാസ്റ്റ് ബോളിംഗ് പരിശീലനങ്ങൾ തുടർന്നു. ഗോവയ്ക്കെതിരെ 2002ലായിരുന്നു ശ്രീശാന്ത് തന്റെ ആദ്യ ഫസ്റ്റ് ക്ലാസ്സ് മത്സരം കളിച്ചത്. ആ വർഷത്തെ രഞ്ജിട്രോഫിയിൽ 22 വിക്കറ്റുകൾ നേടിയതോടെ ശ്രീശാന്ത് ശ്രദ്ധ പിടിച്ചുപറ്റി.
2005 ലായിരുന്നു ശ്രീശാന്തിന് ഇന്ത്യൻ ദേശീയ ടീമിലേക്ക് വിളി വരുന്നത്. കൃത്യമായ പേസ് കണ്ടെത്തുന്ന വലംകയ്യൻ ബോളർമാർ ഇന്ത്യയ്ക്ക് കുറവായിരുന്നതിനാൽ ശ്രീശാന്തിന് അവസരങ്ങൾ ലഭിച്ചു. മൈതാനത്തെ പെരുമാറ്റങ്ങൾ മൂലം പലതവണ ശ്രീശാന്ത് വിവാദങ്ങൾക്കിടയിൽ പെട്ടിട്ടുണ്ട്. എന്നിരുന്നാലും 2007-ലെ ടി20 ലോകകപ്പിൽ ഹെയ്‌ഡന്റെയും ഗിൾക്രിസ്റ്റിന്റെയും കുറ്റിതെറിപ്പിച്ച ബോളുകൾ ശ്രീശാന്തിന്റെ സുവർണ്ണ കാലഘട്ടത്തിന്റെ അടയാളമായിരുന്നു. ആഭ്യന്തരക്രിക്കറ്റിൽ കേരളം, പഞ്ചാബ്, രാജസ്ഥാൻ എന്നീ ടീമുകൾക്കായി ശ്രീശാന്ത് കളിച്ചു.
ഇന്ത്യയ്ക്കായി 27 ടെസ്റ്റ് മത്സരങ്ങളിൽനിന്ന് 87 വിക്കറ്റുകളും, 53 ഏകദിനങ്ങളിൽ നിന്ന് 75 വിക്കറ്റുകളും, 10 ട്വന്റി20കളിൽ നിന്ന് ഏഴ് വിക്കറ്റുകളുമാണ് ശ്രീശാന്ത് നേടിയത്. 2013ൽ സ്പോട് ഫിക്സിങ്ങിന്റെ പേരിൽ ബാൻ ലഭിക്കുമ്പോൾ ശ്രീശാന്ത് തന്റെ പ്രകടനങ്ങൾ കൊണ്ട് ഒരുപാട് കൊടുമുടികൾ കീഴടക്കിയിരുന്നു.