ഇന്ത്യ-വിൻഡീസ് പര്യടനത്തിലെ ഇന്ത്യയുടെ ഏറ്റവും വലിയ പോസിറ്റീവ് സൂര്യകുമാർ യാദവ് തന്നെയായിരുന്നു. തന്റെ സ്വാഭാവികമായ ബാറ്റിംഗ് പൊസിഷനിൽ നിന്നും മാറി ഇന്നിംഗ്സ് ഓപ്പൺ ചെയ്യാൻ രോഹിത്, സൂര്യകുമാർ യാദവിനെ അനുവദിച്ചിരുന്നു.ശേഷം സൂര്യകുമാർ വിൻഡീസ് ടീമിന്റെ അന്തകനാകുന്ന കാഴ്ചയായിരുന്നു പരമ്പരയിലുടനീളം കണ്ടത്.
നാലാം ട്വന്റി20യ്ക്ക് ശേഷം സൂര്യകുമാർ യാദവ് ICCയുടെ ബാറ്റിംഗ് റാങ്കിംഗിൽ രണ്ടാമതെത്തിയത് വാർത്തയായിരുന്നു. എന്നാൽ ഒന്നാം സ്ഥാനത്തുണ്ടായിരുന്ന ബാബർ ആസ്സാമിനെ സൂര്യകുമാർ റാങ്കിംഗിൽ പിന്തള്ളും എന്ന് ആരാധകർ പ്രതീക്ഷിച്ചിരുന്നെങ്കിലും അതുണ്ടായില്ല. അഞ്ചാം ട്വന്റി20യിൽ ഇന്ത്യൻ ടീം സൂര്യകുമാറിന് വിശ്രമം അനുവദിച്ചതോടെയാണ് ഈ സുവർണാവസരം നഷ്ടപ്പെട്ടത്.
വെറും രണ്ട് റേറ്റിംഗ് പോയിന്റ് വ്യത്യാസമേ സുര്യകുമാറും ബാബർ ആസമും തമ്മിൽ ഉണ്ടായിരുന്നുള്ളൂ. പക്ഷെ അവസാന മത്സരത്തിൽ കളിക്കാതെ വന്നതോടെ സൂര്യകുമാറിന് മുമ്പിലെത്താൻ സാധിക്കാതെ വന്നു. ഐസിസിയുടെ റിപ്പോർട്ട് പ്രകാരം അവസാനമത്സരത്തിലെ വിശ്രമമാണ് സൂര്യകുമാറിന് വിനയായത്. നിലവിൽ ബാബർ ആസമുമായി 13 റേറ്റിങ് പോയിന്റുകളുടെ വ്യത്യാസമാണ് സൂര്യകുമാറിന് ഉള്ളത്. വിൻഡീസിനെതിരായ ട്വന്റി20 പരമ്പരയിൽ 4 മത്സരങ്ങളിൽ നിന്നും 135 റൺസായിരുന്നു സൂര്യകുമാർ നേടിയത്.
ടൂർണമെന്റിലെ ഉയർന്ന സ്കോററായി സൂര്യകുമാർ മാറിയിരുന്നു. സൂര്യകുമാറിനൊപ്പം റിഷഭ് പന്തും ടൂർണമെന്റിൽ മികച്ച പ്രകടനം കാഴ്ചവെച്ചിരുന്നു. അതോടെ ട്വന്റി20 റാങ്കിങ്ങിൽ പന്തിനും ഉയർച്ച ഉണ്ടായിട്ടുണ്ട്. കൂടാതെ അവസാന ട്വന്റി20യിൽ ബോളുകൊണ്ട് മിന്നുംപ്രകടനം കാഴ്ചവച്ച രവി ബിഷണോയും ട്വന്റി20 ബോളിംഗ് റാങ്കിങ്ങിൽ കുതിച്ചുചാട്ടം ഉണ്ടാക്കിയിട്ടുണ്ട്.