2023ലെ ഏഷ്യാകപ്പ് പാക്കിസ്ഥാനിലാണ് നിശ്ചയിച്ചിരിക്കുന്നത്. അതിനാൽതന്നെ ഇന്ത്യ പ്രസ്തുത ടൂർണമെന്റിൽ പങ്കെടുക്കില്ല എന്ന് ബിസിസിഐ സെക്രട്ടറി ജയ് ഷാ അറിയിച്ചിരുന്നു. എന്നാൽ ശേഷം ഇന്ത്യയിൽ നടക്കുന്ന 2023ലെ 50 ഓവർ ലോകകപ്പിൽ പാകിസ്ഥാനും പങ്കെടുക്കില്ല എന്നാണ് പിസിബി ചീഫ് രമിസ് രാജ അറിയിച്ചത്. ഇരുരാജ്യങ്ങളും തമ്മിലുള്ള രാഷ്ട്രീയ പ്രശ്നങ്ങളാണ് ഇത്തരമൊരു തീരുമാനത്തിന് പിന്നിലുള്ളത്. എന്നാൽ 2023ലെ ലോകകപ്പിൽ നിന്ന് പിന്മാറാൻ മാത്രമുള്ള ധൈര്യം പാകിസ്ഥാൻ ടീമിനുണ്ടോ എന്നാണ് മുൻ പാക്കിസ്ഥാൻ താരം ഡാനിഷ് കനേറിയ ഇപ്പോൾ ചോദിക്കുന്നത്.
അങ്ങനെയൊരു ഐസിസി ഇവന്റ് ഒഴിവാക്കാൻ പാക്കിസ്ഥാൻ ക്രിക്കറ്റ് ബോർഡിന് സാധിക്കില്ല എന്നാണ് ഡാനിഷ് കനേറിയ പറയുന്നത്. “ഒരു ഐസിസി ഇവന്റ ഒഴിവാക്കാനുള്ള ധൈര്യമൊന്നും പിസിബിക്ക് ഉണ്ടെന്നു തോന്നുന്നില്ല. മറുവശത്ത് ഇന്ത്യയെ സംബന്ധിച്ച് പാക്കിസ്ഥാൻ ലോകകപ്പിനായി വരാതിരുന്നാലും യാതൊരു പ്രശ്നവുമില്ല. പാകിസ്ഥാൻ വന്നില്ലെങ്കിലും നല്ല വരുമാനം ഉണ്ടാക്കാൻ പാകത്തിനുള്ള കമ്പോളം ഇന്ത്യയ്ക്കുണ്ട്. അതിനാൽതന്നെ ലോകകപ്പിനായി ഇന്ത്യയിലേക്ക് പോയില്ലെങ്കിൽ അത് ബാധിക്കാൻ പോകുന്നത് പാക്കിസ്ഥാനെ തന്നെയായിരിക്കും.”- കനേറിയ പറയുന്നു.
“മിക്കവാറും പാക്കിസ്ഥാൻ ഇന്ത്യയിലേക്ക് ലോകകപ്പിനായി പോകാൻ തന്നെയാണ് സാധ്യത. ഔദ്യോഗിക വൃത്തം പറയുന്നത് അവർക്ക് മാറ്റുവഴികൾ ഒന്നും ഉണ്ടാവില്ല എന്ന് തന്നെയാണ്. കാരണം അവർക്ക് ഐസിസിയിൽ നിന്ന് അത്രമാത്രം സമ്മർദ്ദമുണ്ടാകും. ഐസിസി ഇവന്റിൽ കളിക്കില്ല എന്ന് നിരന്തരം പറയുന്നത് പാകിസ്ഥാനെ ദോഷകരമായി തന്നെ ബാധിക്കാനാണ് സാധ്യത.”- കനേറിയ കൂട്ടിച്ചേർക്കുന്നു.
ഇതോടൊപ്പം പാക്കിസ്ഥാൻ മണ്ണിൽ ഏഷ്യാകപ്പ് നടത്തുന്നതിന്റെ ആശങ്കകളെ കുറിച്ചും കനേറിയ സംസാരിക്കുകയുണ്ടായി. ഇനിയും ഏഷ്യാകപ്പിന് മാസങ്ങൾ ശേഷിക്കെ പാക്കിസ്ഥാനിലെ അവസ്ഥകൾ എങ്ങനെയായിരിക്കും എന്നതിനെപ്പറ്റി ആശങ്കയുണ്ടെന്ന് കനേറിയ പറയുകയുണ്ടായി. ഇന്ത്യയെ കൂടാതെ ബംഗ്ലാദേശും അഫ്ഗാനും ടൂർണമെന്റിൽ നിന്ന് ഒഴിഞ്ഞുനിൽക്കാൻ സാധ്യതയുണ്ടെന്നും കനേറിയ സൂചിപ്പിക്കുന്നു.