അങ്ങനെ ഞങ്ങൾ ജയിച്ചിട്ട് നിങ്ങൾ ഫൈനലിൽ കയറേണ്ട ഇന്ത്യയ്ക്ക് അഫ്ഗാന്റെ “ജാവോ”

   

ഏഷ്യാകപ്പ് ഫൈനലിലേക്കുള്ള ഇന്ത്യയുടെ വിദൂരസാധ്യത കൂടി അവസാനിക്കുകയാണ് പാകിസ്ഥാനും അഫ്ഗാനിസ്ഥാനും തമ്മിലുള്ള മത്സരം കഴിഞ്ഞുപോയത്. സൂപ്പർ 4ൽ അഫ്ഗാനിസ്ഥാനും ഇന്ത്യയ്ക്കും വളരെ നിർണായകമായ മത്സരമായിരുന്നു നടന്നത്. അഫ്ഗാൻ ജയിച്ചിരുന്നെങ്കിൽ ഇന്ത്യയ്ക്ക് ഏഷ്യാകപ്പ് ഫൈനലിലേക്ക് ഒരു വിദൂരസാധ്യത നിലനിന്നേനെ. എന്നാൽ പാകിസ്ഥാനെതിരെ അഫ്ഗാൻ ഒരു വിക്കറ്റിന് പരാജയം ഏറ്റുവാങ്ങിയതോടെ ഇന്ത്യ പൂർണമായും ഏഷ്യാകപ്പിൽ നിന്ന് പുറത്തായിട്ടുണ്ട്. ഇതോടെ ഇന്ന് നടക്കുന്ന ഇന്ത്യ – അഫ്ഗാനിസ്ഥാൻ മത്സരം വെറും റബ്ബർ സ്റ്റാമ്പായി മാറി.

   

മത്സരത്തിൽ ടോസ് നേടിയ പാക്കിസ്ഥാൻ അഫ്ഗാനിസ്ഥാൻ ടീമിനെ ബാറ്റിംഗിന് അയക്കുകയായിരുന്നു. ഓപ്പണർമാരായ സാസയും(21) ഗുർബാസും(17) തരക്കേടില്ലാത്ത തുടക്കമായിരുന്നു അഫ്ഗാനിസ്ഥാന് നൽകിയത്. എന്നാൽ ഇരുവരും കൂടാനും കയറിയശേഷം അഫ്ഗാനിസ്ഥാൻ സ്കോർ ഇഴയാൻ തുടങ്ങി. പാകിസ്ഥാൻ ബോളർമാർ കൃത്യമായി തങ്ങളുടെ ലൈനിൽ ഉറച്ചുനിന്നതോടെ അഫ്ഗാനിസ്ഥാന് ബാറ്റിംഗ് പ്രയാസകരമായി മാറി. കൃത്യമായ രീതിയിൽ ഇന്നിങ്സ് ഫിനിഷ് ചെയ്യാൻ സാധിക്കാതെ വന്ന അഫ്ഗാൻ നിശ്ചിത 20 ഓവറിൽ 129 റൺസിൽ ഒതുങ്ങുകയായിരുന്നു.

   

മറുപടി ബാറ്റിങ്ങിൽ മോശം തുടക്കമായിരുന്നു പാകിസ്ഥാനിൽ ലഭിച്ചത്. പാകിസ്ഥാൻ ക്യാപ്റ്റൻ ബാബർ ആസം രണ്ടാം പന്തിൽ തന്നെ കൂടാരം കയറുകയുണ്ടായി. ഒരുവശത്ത് മുഹമ്മദ് റിസ്വാൻ(20) ഉറച്ചുനിന്നെങ്കിലും മറുവശത്ത് കൃത്യമായ ഇടവേളകളിൽ വിക്കറ്റ് കണ്ടെത്താൻ അഫ്ഗാൻ ബോളർമാർക്ക് സാധിച്ചു. മത്സരത്തിൽ അഫ്ഗാന്റെ സീം ബോളർമാരായിരുന്നു ഏറ്റവും മികച്ച പ്രകടനം കാഴ്ചവെച്ചത്.

   

അവസാന ഓവറുകളിൽ തുടർച്ചയായി അഫ്ഗാനിസ്ഥാൻ ബോളർമാർ വിക്കറ്റ് പിഴുതതോടെ പാകിസ്ഥാൻ സമ്മർദത്തിലായി. അവസാന ഓവറിൽ ഒരു വിക്കറ്റ് അവശേഷിക്കെ പാകിസ്ഥാന് വിജയിക്കാൻ വേണ്ടിയിരുന്നത് 11 റൺസ് ആയിരുന്നു. എന്നാൽ അവരുടെ വാലറ്റ ബാറ്റർ നസീം ഷാ രണ്ടു സിക്സറുകൾ അടിച്ചുതൂക്കിയതോടെ പാകിസ്ഥാൻ വിജയകിരീടം ചൂടി. ഇതോടെ പാകിസ്ഥാൻ ഏഷ്യാ കപ്പ് ഫൈനലിൽ യോഗ്യത നേടുകയും ചെയ്തു.

Leave a Reply

Your email address will not be published. Required fields are marked *