ഇന്ത്യയുടെ ബംഗ്ലാദേശിനെതിരായ ആദ്യ ടെസ്റ്റിൽ തകർപ്പൻ വിക്കറ്റ് കീപ്പിംഗ് പ്രകടനം തന്നെയായിരുന്നു ഇന്ത്യൻ താരം റിഷാഭ് പന്ത് കാഴ്ചവച്ചത്. മത്സരത്തിൽ തകർപ്പൻ ക്യാച്ചുകളും സ്പീഡി സ്റ്റാമ്പിങ്ങുകളുമായി പന്ത് കളംനിറഞ്ഞു. കുറച്ചധികം നാളുകൾക്കുശേഷമാണ് പന്തിൽ നിന്ന് ഇത്ര മികവാർന്ന പ്രകടനം ഉണ്ടാവുന്നത്. പന്തിന്റെ മത്സരത്തിലെ കീപ്പിംഗ് പ്രകടനത്തെ അഭിനന്ദിച്ചുകൊണ്ട് രംഗത്ത് വന്നിരിക്കുകയാണ് മുൻ ഇന്ത്യൻ താരം വസീം ജാഫർ.
പന്തിന്റെ വിക്കറ്റ് കീപ്പിങ്ങിൽ വലിയ രീതിയിലുള്ള പുരോഗമനം ദൃശ്യമാണ് എന്ന് വസീം ജാഫർ പറയുന്നു. “പന്തിന്റെ കീപ്പിംഗ് വളരെ മികച്ചതായിരുന്നു. കഴിഞ്ഞ കുറച്ചു മത്സരങ്ങളിലായി ഇതിൽ പുരോഗമനങ്ങൾ ഉണ്ടായിട്ടുണ്ട്. ഇന്ത്യയിലും ഏഷ്യൻ സാഹചര്യങ്ങളിലും വിക്കറ്റുകൾ കാക്കുന്നത് അത്ര അനായാസമല്ല. ഇത് കാണിക്കുന്നത് മൈതാനത്ത് പന്ത് നടത്തിയിട്ടുള്ള കഠിനപ്രയത്നം തന്നെയാണ്. കാരണം മത്സരത്തിൽ അവന്റെ കീപ്പിംഗ് ഉഗ്രൻ തന്നെയായിരുന്നു.”- ജാഫർ പറയുന്നു.
“പന്തിന്റെ ഈ പ്രകടനം ഇന്ത്യയെ സംബന്ധിച്ച് വളരെ നല്ലതാണ്. കാരണം ധോണിക്ക് ശേഷം മികച്ച ഒരു കീപ്പറെ കണ്ടെത്താൻ നമുക്ക് സാധിച്ചിട്ടില്ല. എന്നാൽ പന്ത് പതിയെ ആ ലെവലിൽ എത്തുന്നതായി എനിക്ക് തോന്നുന്നു. ഉപഭൂഖണ്ഡത്തിൽ സ്പിൻ ഒരു പ്രധാന കാര്യമാണ്. മാത്രമല്ല ഓസ്ട്രേലിയക്കെതിരെ ഒരു വലിയ പരമ്പര വരാനിരിക്കുന്നു. അതുകൊണ്ടുതന്നെ വിക്കറ്റിന് പിന്നിലെ പന്തിന്റെ പ്രകടനം വളരെ നിർണായകമാണ്.”- ജാഫർ കൂട്ടിച്ചേർക്കുന്നു.
ഇതോടൊപ്പം മത്സരത്തിൽ നൂറുൽ ഹസനെ സ്റ്റംപ് ചെയ്ത പന്തിനെ അഭിനന്ദിക്കുകയും ചെയ്യുന്നുണ്ട് വസീം ജാഫർ. “ഉമേഷ് യാദവിന്റെ ബോളിൽ പന്ത് ഒരു ക്യാച്ച് നഷ്ടപ്പെടുത്തിയിരുന്നു. എന്നാൽ സ്പിന്നർമാർക്കെതിരെ പന്ത് പിഴവുകൾ വരുത്തിയില്ല. നൂറുൽ ഹസനെ സ്റ്റമ്പ് ചെയ്ത രീതി അവിസ്മരണീയം തന്നെയായിരുന്നു.”- ജാഫർ പറഞ്ഞുവെക്കുന്നു.