കഴിഞ്ഞ ദിവസമായിരുന്നു ഇന്ത്യയുടെ സ്റ്റാർ ബോളർമാരായ മുഹമ്മദ് ഷാമിയും മുഹമ്മദ് സിറാജും ശർദുൽ താക്കൂറും ലോകകപ്പ് സ്ക്വാഡിനൊപ്പം ചേരാൻ ഓസ്ട്രേലിയയിലേക്ക് തിരിച്ചത്. അതിനാൽതന്നെ ഈ മൂന്നുപേരെയും ബൂമ്രയുടെ പകരക്കാരായി സ്ക്വാഡിൽ ഉൾപ്പെടുത്താനും സാധ്യതകൾ ഏറെയാണ്. എന്നാൽ തനിക്ക് ഇന്ത്യൻ സ്‌ക്വാഡിനൊപ്പം കാണേണ്ടത് ഈ മൂന്നു പേരെയുമല്ല, ഉമ്രാൻ മാലികിനെയാണ് എന്നാണ് മുൻ ക്രിക്കറ്റർ വസീം അക്രം പറയുന്നത്. അതിന്റെ കാരണവും വസീം അക്രം വ്യക്തമാക്കുന്നുണ്ട്.
“ഉമ്രാൻ മാലിക്ക് ഒരു മികച്ച ബോളറാണ്. മാത്രമല്ല അയാൾ നല്ല വേഗതയിൽ ബോളറിയുകയും ചെയ്യും. ഇന്ത്യ അയാളെ അയർലൻഡ് പര്യടനത്തിൽ ഉൾപ്പെടുത്തിയിരുന്നു. എന്നാൽ മാലിക്ക് അന്ന് നന്നായി തല്ലു വാങ്ങി. പക്ഷേ ഇത് ട്വന്റി20യിൽ സംഭവിക്കാവുന്നതാണ്. ഇന്ത്യ അയാളെ സംരക്ഷിക്കേണ്ടതുണ്ട്. ഞാനായിരുന്നെങ്കിൽ മാലിക്കിന് സ്ക്വാഡിനൊപ്പം തുടരാൻ കൂടുതൽ അവസരങ്ങൾ നൽകിയേനെ. കൂടുതൽ കളിക്കുന്നത് അനുസരിച്ച് അയാൾ കൂടുതൽ മെച്ചപ്പെടും. ട്വന്റി20 കളിൽ അനുഭവസമ്പത്തിന് വളരെയേറെ പ്രാധാന്യമുണ്ട്.”- വസീം അക്രം പറയുന്നു.
ഇതിനൊപ്പം ട്വന്റി20 ഫോർമാറ്റ് കൂടുതലായും ബാറ്റർമാരെയാണ് സഹായിക്കുക എന്ന അഭിപ്രായവും അക്രം പ്രകടിപ്പിക്കുന്നു. “നിർഭാഗ്യവശാൽ ട്വന്റി20 ഫോർമാറ്റ് ബോളർമാർക്കുള്ളതല്ല. അത് പ്രത്യേകിച്ച് ഒരു എന്റർടൈൻമെന്റ് ഫോർമാറ്റാണ്. ബോളർമാർ മനസ്സിലാക്കേണ്ട കാര്യം ട്വന്റി20യിൽ ഇടയ്ക്ക് നിങ്ങൾ നന്നായി തല്ലുവാങ്ങും എന്നുള്ളതാണ്. അത് സ്വാഭാവികവുമാണ്”- വസീം അക്രം കൂട്ടിച്ചേർത്തു.
നിലവിൽ ട്വന്റി20 ലോകകപ്പിലെ ഇന്ത്യയുടെ നെറ്റ് ബോളറാണ് ഉംറാൻ മാലിക്. എന്നാൽ ലോകകപ്പിൽ ഉൾപ്പെടുത്താത്തത് ഉമ്രാൻ മാലിക്കിന്റെ കരിയറിനെ ബാധിക്കുന്നുണ്ട്. നിലവിലെ ഇന്ത്യൻ ബോളർമാരിൽ ഏറ്റവും വേഗതയേറിയ ബോളറാണെങ്കിലും കൃത്യമായ ലൈനും ലെങ്തും കണ്ടെത്തുന്നതിൽ മാലിക് പരാജയപ്പെടാറുണ്ട്.