ബംഗ്ലാദേശിനെ പഞ്ഞിക്കിട്ട് കരിയറിലെ ആദ്യ സെഞ്ച്വറി നേടി ശുഭ്മാൻ ഗിൽ!! അടിച്ചുതൂക്കിയത് 10 ഫോറും 3 സിക്സും!!

   

ഇന്ത്യയുടെ ബംഗ്ലാദേശിനെതിരായ ആദ്യ ടെസ്റ്റിന്റെ രണ്ടാം ഇന്നിങ്സിൽ തകർപ്പൻ സെഞ്ചുറിയുമായി ശുഭമാൻ ഗിൽ. തന്റെ ടെസ്റ്റ് കരിയറിലെ ആദ്യ സെഞ്ച്വറിയാണ് ശുഭമാൻ ഗിൽ നേടിയത്. രണ്ടാം ഇന്നിങ്സിൽ വമ്പൻ സ്കോറിലേക്ക് കുതിച്ച ഇന്ത്യക്കായി നിർണായകമായ ഇന്നിംഗ്സ് തന്നെയാണ് ശുഭമാൻ ഗിൽ കാഴ്ചവെച്ചത്. ഗില്ലിന്റെ ഈ ഇന്നിങ്സിന്റെ ബലത്തിൽ വളരെ മികച്ച നിലയിൽ തന്നെയാണ് ഇന്ത്യ മത്സരത്തിൽ എത്തിയിട്ടുള്ളത്.

   

ആദ്യ ഇന്നിങ്സിൽ 254 റൺസിന്റെ ലീഡ് നേടിയെടുത്ത ശേഷമായിരുന്നു ഇന്ത്യ രണ്ടാം ഇന്നിങ്സിൽ ബാറ്റിംഗ് ആരംഭിച്ചത്. ഇന്നിംഗ്സിന്റെ ആദ്യ ഓവറുകളിൽ വളരെയധികം ശ്രദ്ധിച്ചു തന്നെയായിരുന്നു ഗിൽ കളിച്ചത്. ശേഷം മൂന്നാം ദിവസത്തെ ഉച്ചഭക്ഷണത്തിനുശേഷം ഗിൽ ആക്രമിച്ചു കളിച്ചു. നായകൻ രാഹുൽ കൂടാരം കയറിയ ശേഷവും പൂജാരയെ കൂട്ടുപിടിച്ച് ഗിൽ സ്കോറിങ് ഉയർത്തി.

   

മത്സരത്തിൽ 152 പന്തുകൾ നേരിട്ട ഗിൽ 110 റൺസാണ് നേടിയത്. ഈ തകർപ്പൻ ഇന്നിങ്സിൽ പത്തു ബൗണ്ടറികളും മൂന്ന് സിക്സറുകളും ഉൾപ്പെട്ടു. രണ്ടാം വിക്കറ്റിൽ പൂജാരയോടൊപ്പം ചേർന്ന് 113 റൺസിന്റെ ഉഗ്രൻ കൂട്ടുകെട്ട് ശുഭമാൻ ഗിൽ കെട്ടിപ്പടുക്കുകയുണ്ടായി. ഇരുവരുടെയും ബലത്തിൽ ഇന്ത്യ ടെസ്റ്റിൽ വളരെ മികച്ച നിലയിൽ എത്തിയിട്ടുണ്ട്.

   

ഇപ്പോൾ 450 റൺസിലധികം ലീഡുള്ള ഇന്ത്യ 500 റൺസിന് മുകളിൽ ഒരു വിജയലക്ഷം ബംഗ്ലാദേശിനു മുൻപിലേക്ക് വെച്ചു നീട്ടാനാവും ശ്രമിക്കുന്നത്. മത്സരത്തിൽ രണ്ട് ദിവസങ്ങൾ കൂടി അവശേഷിക്കുന്ന സാഹചര്യത്തിൽ ഇന്ത്യയ്ക്ക് വിജയസാധ്യത ഏറെയാണ്. ഇന്ന് മികച്ച ഒരു സ്കോർ പടുത്തുയർത്തി, വരും ദിവസങ്ങളിൽ ബംഗ്ലാദേശിനെ എറിഞ്ഞിടാൻ തന്നെയാണ് ഇന്ത്യയുടെ ശ്രമം. ഒന്നാം ഇന്നിങ്സിന് സമാനമായി രണ്ടാം ഇന്നിങ്സിലും പൂജാര ഇന്ത്യക്കായി മികച്ച പ്രകടനം പുറത്തെടുക്കുന്നുണ്ട്.

Leave a Reply

Your email address will not be published. Required fields are marked *